തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ ഭർത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്ന യുവതിയുടെ കുടുംബത്തിന്റെ പരാതിയെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തു വന്നു. രണ്ടാം വിവാഹം മതനിയമപ്രകാരമെന്ന ഭർത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കമ്മിറ്റി പറയുന്നു. ഇതോടെ മുത്തലാഖ് ചൊല്ലിയാണ് വിവാഹ മോചനവും തുടർ വിവാഹവും എന്ന വാദം ശക്തമാകുകയാണ്. രണ്ടാം വിവാഹത്തെ കോടതിയിൽ ചോദ്യം ചെയ്തതാണ് പോക്‌സോ കേസിന് ആധാരമെന്നും വ്യക്തമാകുന്നു. കടയ്ക്കാവൂരിൽ മകനെ മാതാവ് പീഡിപ്പിച്ചെന്ന പരാതിയിൽ ഐ.ജി ഹർഷിത അട്ടല്ലൂരി രണ്ടു ദിവസത്തിനുള്ളിൽ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറും. ആവശ്യമെങ്കിൽ കുട്ടിയുടെയും റിമാൻഡിലുള്ള യുവതിയുടെ ബന്ധുക്കളുടെയും മൊഴിയെടുക്കും.

്ഒരിക്കലും ജയിലിൽ നിന്നിറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് യുവതിയെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സമ്മർദ്ദം കാരണമാണ് കുട്ടിയുടെ മൊഴി. സ്ത്രീധനപീഡന പരാതികളിൽ പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ്, രണ്ടാം ഭാര്യ, പൊലീസ് ഉൾപ്പടെയുള്ളവർക്കെതിരെ കുടുംബം പരാതി നൽകി. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുട്ടിയുടെ പിതാവുമായി ചേർന്ന് പൊലീസ് ഒത്തുകളിച്ചെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. അതിനിടെ, യുവതി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഈ ഹർജിയിലെ കോടതി നിരീക്ഷണവും നിർണ്ണായകമാകും.

രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലന്നും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും പ്രതികരിച്ചു. രണ്ടാം വിവാഹത്തെ എതിർത്ത് കോടതിയിൽ പോയതിന് പിന്നാലെയാണ് ഭർത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്ത്. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ ഭർത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. എന്നാൽ ആദ്യഭാര്യയെ മൊഴിചൊല്ലാതെയുള്ള രണ്ടാം വിവാഹത്തിന് ഭർത്താവ് പറയുന്ന ന്യായം ഇങ്ങിനെയാണ്. മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നും വാദിക്കുന്നു. പക്ഷെ പള്ളികമ്മിറ്റി ആ വാദം പൂർണമായി തള്ളി.

രണ്ടാം വിവാഹം നിയമപരമല്ലെന്ന് തെളിഞ്ഞതോടെ അതിനെ ചൊല്ലിയുള്ള തർക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങൾ. ഇതോടെ മുത്തലാഖിൽ കേസും എടുക്കേണ്ടി വരും. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവിൽ ഉണ്ട്. 2018 സെപ്റ്റംബർ 19 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത്. മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേർപെടുത്തുന്നത് രാജ്യത്ത് മൂന്നു വർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി. പള്ളി കമ്മറ്റിയുടെ വെളിപ്പെടുത്തലോടെ ഇതാണ് സംഭവിച്ചതെന്ന് വ്യക്തമാകുകയാണ്. എല്ലാ തരത്തിലുള്ള തലാഖും (തലാഖ്-ഇ-ബിദ്ദത്തോ മറ്റു രൂപത്തിലുള്ളതോ-എഴുതിയും ഇലക്ട്രോണിക് രൂപത്തിലുമുൾപ്പെടെ) നിയമവിരുദ്ധമാണ് രാജ്യത്ത്. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാൽ മുസ്ലിം പുരുഷന് മൂന്നുവർഷം തടവോ പിഴയോ (പൊലീസ് ഓഫീസർക്ക് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം). തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവർക്കോ പരാതി നൽകാം എന്നാണ് വ്യവസ്ഥ.

ആരോപിതന് മജിസ്‌ട്രേറ്റിന് ജാമ്യം നൽകാം. ഇത് സ്ത്രീയുടെ ഭാഗം കേട്ടശേഷം ജാമ്യം നൽകാൻ ന്യായമായ കാരണങ്ങളുണ്ടെങ്കിൽ മാത്രം. സ്ത്രീയുടെ അപേക്ഷയിൽ കേസിൽ അനുരഞ്ജനമാവാം. മാനദണ്ഡങ്ങൾ മജിസ്‌ട്രേറ്റിനു തീരുമാനിക്കാം. തലാഖ് ചൊല്ലിയ പുരുഷനിൽനിന്ന് സ്ത്രീക്ക് തനിക്കും കുട്ടികൾക്കും ജീവനാംശം ആവശ്യപ്പെടാം. എത്രയെന്ന് മജിസ്‌ട്രേറ്റിന് തീരുമാനിക്കാം. സ്ത്രീക്ക് പ്രായപൂർത്തിയാവാത്ത കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാം. ഏതു രീതിയിലെന്ന് മജിസ്‌ട്രേറ്റിന് തീരുമാനിക്കാം - ഇങ്ങനെയാണ് നിയമത്തിലെ വ്യവസ്ഥകൾ. ഇതൊന്നും കടയ്ക്കാവൂരിൽ പൊലീസ് നോക്കിയിട്ടില്ല. ഭർത്താവിനെ രക്ഷപ്പെടുത്തുന്ന നടപടികളാണ് നടത്തിയത്. ഇതിന് ശേഷം യുവതിയെ കേസിൽ കുടുക്കുകയും ചെയ്തു.

രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തർക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങൾ. രണ്ടാം വിവാഹത്തെ എതിർത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. 2019 നവംബറിൽ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസം ഭർത്താവ് യുവതിയുടെ വീട്ടിൽനിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് രണ്ടു മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോൾ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണു പരാതി. യുവതിയുടെ കുടുംബം ഇന്നലെ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ജില്ലാ പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസിനെതിരായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബാലക്ഷേമ സമിതി എന്നതും ശ്രദ്ധേയമാണ് വിവരം നൽകിയയാളുടെ സ്ഥാനത്ത് തന്റെ പേര് ഉൾപ്പെടുത്തിയത് തിരുത്തി പൊലീസ് എഫ്.ഐ.ആർ. നൽകണമെന്നാണ് ആവശ്യം. ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും ബാലക്ഷേമസമിതി ജില്ലാ അധ്യക്ഷ പരാതി നൽകി. കൗൺസിലിങ് റിപ്പോർട്ട് അടിസ്ഥാനമാക്കി കേസെടുത്തതിൽ നിയമപ്രശ്നമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇതും പൊലീസിന് തലവേദനയാണ്. കേസിൽ പൊലീസ് കള്ളക്കളികൾ നടത്തിയെന്നാണ് ആരോപണം.

പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ.ജി. ഹർഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചു. വിശദമായ വിവരങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് നടപടി. കേസ് ഡയറി പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. പൊലീസ് നടപടിക്രമങ്ങളിൽ വീഴ്‌ച്ചയുണ്ടായോയെന്നാണു പരിശോധന. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കടയ്ക്കാവൂർ എസ്‌ഐയെ ഐ.ജി. വിളിച്ചു വരുത്തിയിരുന്നു. കുടുംബത്തിൽനിന്നും ഐ.ജി. വിവരങ്ങൾ തേടും. യുവതിയുടെ മകനെ ഇന്നലെ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കി. ഭർത്താവിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കള്ളക്കേസ് ചമച്ചുവെന്നാണ് യുവതിയുടെ കുടുംബം ആവർത്തിക്കുന്നത്.