- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആ അമ്മയ്ക്ക് നീതി ലഭിക്കുന്നു; കടയ്ക്കാവൂർ പോക്സോ കേസിലെ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണ സംഘം; അമ്മക്കെതിരായ മകന്റെ പരാതി വ്യാജമെന്ന് കണ്ടെത്തൽ; പരാതിക്ക് പിന്നിൽ പരപ്രേരണയില്ല; റിപ്പോർട്ട് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം
തിരുവനന്തപുരം: ഏതൊരു അമ്മ ആയാലും തകർന്നു പോകുന്ന ഗുരുതര ആരോപണമാണ് കടയ്ക്കാവൂരിലെ മാതാവിനെതിരെ സ്വന്തം മകൻ ഉന്നയിച്ചത്. ഇത് കേരളത്തെ ശരിക്കും നടുക്കുകയും ചെയ്തിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ആ മാതാവിനെതിരെ കേസെടുത്ത് അവരെ പൊലീസ് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. കോടതിയുടെ ഇടപെടലിൽ ജാമ്യം ലഭിച്ച് ഉള്ളുനീറി കഴിയുന്ന ആ അമ്മയെ കാത്ത് ഒടുവിൽ ആശ്വാസ വാർത്തയെത്തി.
കടയ്ക്കാവൂർ പോക്സോ കേസിൽ വൻ വഴിത്തിരിവായ പൊലീസ് റിപ്പോർട്ട് പുറത്തുവന്നു. അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തലുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാൽ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുൻ ഭർത്താവിന്റെ വാദം.
അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന അനിയന്റെ മൊഴിയിൽ ഉറച്ച് നിൽക്കുന്നെന്നായിരുന്നു മൂത്ത സഹോദരൻ പറഞ്ഞത്. നേരത്തെ ഈ കേസിൽ കോടതി മാതാവിന് ജാമ്യം അനുവദിച്ചിരുന്നു. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. ഈ കേസിലെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്.
കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന വളരെ ശ്രദ്ധേയമായ ചില നിർദ്ദേശങ്ങളും ഇതോടൊപ്പം വനിതാ ജഡ്ജി നടത്തിയിരുന്നു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവിൽ എന്തെന്ന് പരിശോധിക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. മെഡിക്കൽ കോളേജിലെ വിദഗ്ധരെ സംഘത്തിൽ ഉൾപ്പെടുത്തണം. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണമെന്നും നേരത്തെ കോടതി നിർദ്ദേശിക്കുകയുണ്ടായി.
അതേസമയം, മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. ''മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്. മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുൻപേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ല'', കോടതി ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടികാട്ടിയത് ഇതൊക്കെയായിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി കേസിന്റെ വിചാരണാ നടപടികൾ നടക്കുക.
മറുനാടന് മലയാളി ബ്യൂറോ