- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിച്ചു കയറിയതിന് പിന്നാലെ വിശാഖ് വെള്ളത്തിൽ വീണു; രക്ഷിക്കാനായി ചാടിയ സുധീഷും കയത്തിൽപ്പെട്ടു; കരയ്ക്ക് നിന്ന അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയവർക്കും രക്ഷിക്കാനായില്ല: യുവാക്കളുടെ ദാരുണ മരണത്തിൽ തേങ്ങി നാട്
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ കോയിക്കൽ കടവിൽ ഒഴുക്കിൽപ്പെട്ട യുവാക്കളുടെ ദുരന്തത്തിൽ തേങ്ങുകയാണ് നാട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അച്ചൻ കോവിലാറിന്റെ അഗാധതയിൽ ഏനാത്ത് കടിക ഓലിക്കുളങ്ങര വിഷ്ണു ഭവനിൽ കെ.എൻ. വേണുവിന്റെ മകൻ വിശാഖ് (21), ഏഴംകുളം മാങ്കൂട്ടം ഈട്ടിമൂട് കുലശേരി ഉടയാനവിള വീട്ടിൽ വേണുവിന്റെ മകൻ സുധീഷ് (25) എന്നിവർ ജീവൻ വെടിഞ്ഞത്.
കൈപ്പട്ടൂരിലുള്ള വിശാഖിന്റെ പിതാവിന്റെ വീട്ടിൽ വന്നതായിരുന്നു ഇവർ. അപ്പച്ചിയുടെ മകൻ അഖിലിനൊപ്പമാണ് ഇവർ കോയിക്കൽ കടവിൽ കുളിക്കാനെത്തിയത്. കുളി കഴിഞ്ഞു മടങ്ങാൻ ശ്രമിക്കുമ്പോഴാണ് വിശാഖ് ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാൻ പിന്നാലെ ചാടിയതായിരുന്നു സുധീഷ്. ഇരുവരും കയത്തിൽപ്പെട്ടു മുങ്ങിത്താണു.
കരയ്ക്ക് നിന്ന അഖിൽ അലറിക്കരഞ്ഞു. ബഹളം കേട്ട് തൊട്ടടുത്തുള്ള കോളനിയിൽ നിന്നുള്ളവർ ഓടിയെത്തി വെള്ളത്തിൽച്ചാടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. പത്തനംതിട്ട ഫയർ ഫോഴ്സിൽ നിന്നുള്ള സ്‌കൂബ ഡ്രൈവർമാരായ അനിൽരാജ്, ശ്രീകുമാർ, നൗഷാദ് എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. വിശാഖിന്റെ മാതാവ് സുശീല. സഹോദരൻ: വിഷ്ണു. സുധയാണ് സുധീഷിന്റെ മാതാവ്. സഹോദരി സുനിത.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്