- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ്ബോസ്സിൽ പങ്കെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തക ചാനൽ ഇന്റർവ്യുവിൽ ക്വാറന്റൈൻ ലംഘിക്കുന്നതിനെ കുറിച്ച് തമാശ പറഞ്ഞു; വിസ റദ്ദാക്കി നാടുകടത്തി ആസ്ട്രേലിയ; കോവിഡ് പ്രോട്ടോക്കോളിലെ ആസ്ട്രേലിയൻ കടുപ്പം ലോകത്തിനു മാതൃക
സിഡ്നി: ആസ്ട്രേലിയൻ വിസ റദ്ദാക്കി, ഒപ്പം ബിഗ് ബ്രദർ കരാറും. പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷൻ അവതാരക കാത്തീ ഹോപ്കിൻസിന് ഈ ദുര്യോഗമുണ്ടായതിനു കാരണം ക്വാറന്റൈൻ നിയമങ്ങളെ കുറിച്ച് പരിഹസിച്ചു എന്നതുമാത്രം. ആസ്ട്രേലിയയിൽ കോവിഡ്-19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ചുള്ള കാത്തിയുടേ പരാമർശം വിലയിരുത്തിയ സർക്കാർ ഇന്ന് രാവിലെയാണ് അവരോട് നാടുവിട്ടുപോകാൻ ആവശ്യപ്പെട്ടത്.
ആസ്ട്രേലിയയിലെത്തിയാൽ നിർബന്ധമായും വിധേയമാകേണ്ട 14 ദിവസത്തെ ക്വാറന്റൈന് വിധേയമാകുമ്പോഴായിരുന്നു കാത്തി ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ ചെയ്തത്. ക്വാറന്റൈൻ ഇരിക്കുന്ന ഹോട്ടലിൽ നിന്നാണെന്നായിരുന്നു വീഡിയോയിൽ അവർ പറഞ്ഞത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു അനുഭവമാണ് ലോക്ക്ഡൗൺ എന്നുപറഞ്ഞ ടെലിവിഷൻ താരം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ചില തമാശകൾ പറയുകയും ചെയ്തു.
തികച്ചും ലജ്ജാകരമായ ഒരു പ്രവൃത്തിയാണ് കാത്തിയുടെതെന്ന് ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രി കരേൻ ആൻഡ്രൂസ് പറഞ്ഞു. ക്വാറന്റൈൻ നിയന്ത്രണങ്ങൾ ലംഘിക്കുന്ന കാര്യം അഭിമാനപൂർവ്വം പറയുക വഴി അവർ, ഈ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു ജീവിക്കുന്ന ആസ്ട്രേലിയൻ ജനതയുടെ മുഖത്ത് അടിച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഇത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. അവർ നാടുവിട്ടു പോകുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വഭാവ രീതികളും അതുമായി ബന്ധപ്പെട്ട ചരിത്രവും പരിശോധിച്ചാണ് ആസ്ട്രേലിയയിലേക്ക് സന്ദർശന വിസ അനുവദിക്കുന്നത്. കാത്തീ ഹോപ്കിൻസിലെ പോലെ കുപ്രസിദ്ധയായ ഒരു ടെലിവിഷൻ അവതാരികയ്ക്ക് വിസ എങ്ങനെ ലഭിച്ചു എന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നും അവർ പറഞ്ഞു. രാജ്യത്തിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന പദ്ധതിയുടെ ഭാഗം എന്ന നിലയിൽ, ക്വാറന്റൈൻ നിയമത്തിനു മുകളിലായി അവർക്ക് രാജ്യത്ത് പ്രവേശിക്കുവാൻ അവസരം ഉണ്ടാക്കിയത് ന്യു സൗത്ത് വെയിൽസ് സർക്കാരാണെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്തിനകത്ത് വിദേശികൾക്ക് പ്രവേശിക്കുവാൻ വ്യക്തമായ നിർദ്ദേശങ്ങളും നിബന്ധനകളും ഉണ്ട്. ഇക്കാര്യത്തിൽ പലപ്പോഴും ഇളവുകൾ അനുവദിക്കുന്നത് സാമ്പത്തിക നേട്ടം നൽകുന്ന പദ്ധതികളുമായി ബന്ധപ്പെട്ടവർക്കാണ്. ഇങ്ങനെ പ്രവേശിച്ചിട്ട് ഒരു ലജ്ജയും കൂടാതെ നിയമ സംവിധാനങ്ങളെ പരിഹസിക്കാൻ മുതിർന്ന ഹോപ്കിൻസിനെതിരെ നിരവധി മറ്റു നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്