കണ്ണൂർ: ബാല്യകാല സുഹൃത്ത് കക്കോത്ത് ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പം മുതൽ നിറഞ്ഞ സ്‌നേഹത്തോടെ ഒപ്പമുണ്ടായിരുന്ന ബാലന്റെ വിയോഗം വ്യക്തിപരമായി വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പിണറായിയിലെ പ്രമുഖ സിപിഎം നേതാവാണ് അന്തരിച്ച കക്കോത്ത് ബാലൻ. ചെറുപ്പം മുതൽ പിണറായിയ്‌ക്കൊപ്പമുണ്ടായിരുന്ന ബാലൻ, എതിരാളികളുടെ ഭീഷണി നേരിട്ട സമയങ്ങളിലെല്ലാം നിഴൽ പോലെ ഒപ്പമുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ സംഘടനാപ്രവർത്തനത്തിൽ പിണറായിക്കൊപ്പം സജീവമായ കക്കോത്ത് ബാലൻ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്രം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

പിന്നീട് സിപിഎം രൂപീകൃതമായപ്പോഴും ലോക്കൽ കമ്മിറ്റി അംഗമായി തുടർന്നു. വിവിധ വർഗബഹുജന സംഘടനകളുടെ ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഗണേശ് ബിഡി കമ്പനിയിലെ തൊഴിലാളി സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ കക്കോത്ത് ബാലൻ ഒന്നര മാസത്തോളം ജയിൽവാസം അനുഭവിച്ചു.

പാറപ്രം കയർ സൊസൈറ്റി പ്രസിഡന്റ്, പിണറായി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സിപിഎം പാറപ്രം ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുതിർന്ന സിപിഎം നേതാക്കൾ അന്ത്യാജ്ഞലി അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ, ജില്ലാ സെക്രട്ടറി എം. വി ജയരാജൻ, സംസ്ഥാനസമിതി അംഗം പി ജയരാജൻ തുടങ്ങി നിരവധിപ്പേർ അന്തിമോപചാരം അർപ്പിച്ചു. അനുശോചന യോഗത്തിൽ എ എൻ ഷംസീർ എംഎൽഎ ഉൾപ്പടെയുള്ളവർ സംസാരിച്ചു.