- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിലിൽ കിടന്നാൽ രോഗം മൂർച്ഛിച്ച് മരിക്കുമെന്ന് പറഞ്ഞ് ജാമ്യം എടുത്ത ഇബ്രാഹിം കുഞ്ഞ് ഇനിയും മത്സരിക്കണം; യുഡിഎഫിനെ നാറ്റിക്കുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്; കെമാൽപാഷയെ സ്ഥാനാർത്ഥിയാക്കാൻ സാധ്യത തേടി ചർച്ചകൾ വലതു മുന്നണിയിൽ സജീവം
കൊച്ചി: വീണ്ടും മത്സരിക്കുമെന്ന് മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നയം വ്യക്തമാക്കിയതോടെ കോൺഗ്രസ് പ്രതിസന്ധിയിൽ. ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നത് സംസ്ഥാനത്തുടനീളം തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിന്റെ നിലപാട്. പാലാരിവട്ടം അഴിമതി കേസിൽ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. കാൻസർ രോഗമാണെന്നും വാദിച്ചു. അത്തരമൊരാൾ സ്ഥാനാർത്ഥിയാകുന്നതിനോട് കോൺഗ്രസിന് താൽപ്പര്യക്കുറവുണ്ട്. ഇക്കാര്യം മുസ്ലിം ലീഗിനെ കോൺഗ്രസ് അറിയിക്കും. കെമാൽപാഷയെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്നതാണ് കോൺഗ്രസിന്റെ ആഗ്രഹം.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ്, ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. അങ്ങനെയൊരാൾ വീണ്ടും മത്സരരംഗത്തേക്ക് വരുന്നത് പാർട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കുമെന്ന ആശങ്കയാണ് കോൺഗ്രസിനുള്ളത്. ഹൈക്കോടതി മുൻ ജസ്റ്റീസായ കെമാൽ പാക്ഷയെ പുനലൂരിലേക്കാണ് കോൺഗ്രസ് പരിഗണിച്ചത്. എന്നാൽ എറണാകുളം ജില്ലയിൽ മത്സരിക്കാനാണ് മുൻ ന്യായാധിപന്റെ ആഗ്രഹം. കളമശ്ശേരിയിലാണ് കൂടുതൽ ജയസാധ്യത. ഈ സാഹചര്യത്തിൽ കൂടിയാണ് കെമാൽപാഷയ്ക്ക് വേണ്ടി കോൺഗ്രസ് രംഗത്ത് വരുന്നത്.
അതിനിടെയാണ് വീണ്ടും മത്സരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ് പ്രഖ്യാപിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ വരവ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വത്തിന് പരാതികളും പോയിട്ടുണ്ട്. എന്നാൽ, വിജിലൻസ് കേസുകളുള്ള കോൺഗ്രസ് നേതാക്കളടക്കം മത്സരത്തിന് ഒരുങ്ങുമ്പോൾ ഇബ്രാഹിംകുഞ്ഞിനെ ക്രൂശിക്കുന്നത് അനീതിയാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ മറു ചോദ്യം ഉന്നയിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് അസുഖത്തിന്റെ പേരിൽ ജാമ്യം നേടിയത്. അതുകൊണ്ട് തന്നെ ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് ആവശ്യം.
മകനും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.ഇ. അബ്ദുൾ ഖഫൂറിന് സീറ്റ് ഉറപ്പിക്കാനുള്ള നീക്കമാണ് ഇബ്രാഹിംകുഞ്ഞ് നടത്തുന്നതെന്ന ആക്ഷേപവും ലീഗിനുള്ളിൽ ഉയരുന്നുണ്ട്. ദീർഘനാളായി മുനിസിപ്പൽ വൈസ് ചെയർമാനായിരുന്ന ടി.എസ്. അബൂബക്കർ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അഹമ്മദ് കബീർ തുടങ്ങിയവരുടെ പേരുകളും ചർച്ചയിലുണ്ട്. വിജയസാധ്യതയുള്ളവരുടെ പട്ടിക ലീഗ് ജില്ലാ നേതൃത്വവും തയ്യാറാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കെമാൽപാഷയുടെ പേരും പരിഗണിക്കുന്നത്,
ഇബ്രാഹിംകുഞ്ഞ് വീണ്ടും മത്സരിച്ചാൽ പാലാരിവട്ടം പാലം അഴിമതിക്കേസ് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ആയുധമായിമാറും. കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ് മത്സരിക്കാനുണ്ടാവില്ലെന്ന വിശ്വാസത്തിൽ സീറ്റ് തിരിച്ചുപിടിക്കണമെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. ലീഗ് നേതൃത്വവുമായുള്ള ഉഭയകക്ഷി ചർച്ചയിൽ കളമശ്ശേരി മണ്ഡലത്തിന്റെ കാര്യം ഉന്നയിക്കണമെന്ന് കോൺഗ്രസിൽ ആവശ്യമുയർന്നിട്ടുണ്ട്. കെമാൽ പാഷ മത്സരിക്കാൻ സമ്മതം മൂളിയിട്ടുള്ള സീറ്റുകളിലൊന്ന് കളമശ്ശേരിയാണ്.
മറുനാടന് മലയാളി ബ്യൂറോ