തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തായ കല്ലുവാതുക്കൽ ഭരണപ്രതിസന്ധിയിൽ. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമായുള്ള തർക്കം രൂക്ഷമായതോടെ സെക്രട്ടറിയുടെ ഭാഗം പിടിച്ച് വൈസ് പ്രസിഡന്റ് സത്യപാലനും പാർട്ടി നേതൃത്വവും രംഗത്തെത്തി. ഇതിനെതിരെ ബിജെപി പ്രവർത്തകരും ആർഎസ്എസ് നേതൃത്വവും പ്രസിഡന്റ് സുദീപയുടെ ഭാഗം ചേർന്നപ്പോൾ പാർട്ടിക്കുള്ളിലെ മുറുമുറുപ്പ് അങ്ങാടിപ്പാട്ടായി.

ഡിസിസിയിൽ അഞ്ച് പേരുടെ അക്കൗണ്ടിൽ കൂടി പഞ്ചായത്ത് സെക്രട്ടറി 10 പേരുടെ ശമ്പളം മാറി, തിരിമറി നടത്തി എന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത് പഞ്ചായത്തിനുള്ളിലെ തമ്മിലടിയുടെ ഭാഗമായിരുന്നു. ഇതടക്കം ഏഴോളം ആരോപണങ്ങൾ അക്കമിട്ടു നിരത്തിയ പരാതി പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ജൂലായിൽ തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും വകുപ്പ്മന്ത്രിക്കും ഉൾപ്പെടെ നൽകിയതോടെ പഞ്ചായത്തിനുള്ളിലെ വിഭാഗിയത മൂർച്ഛിക്കുകയായിരുന്നു.

1/6 തീരുമാനമായി സെക്രട്ടറി എഴുതിച്ചേർത്ത അഞ്ച് പേരുടെ നിയമനം പ്രസിഡന്റ് അംഗീകരിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായി മെയ് 10 ലെ കമ്മിറ്റി തീരുമാനത്തിൽ ഒപ്പുവയ്ക്കാൻ പ്രസിഡന്റ് തയ്യാറായില്ല. ഇതേതുടർന്ന് പ്രതിപക്ഷ കക്ഷികളായ യുഡിഎഫും എൽഡിഎഫും മെയ് 10 ലെ 1/6 തീരുമാനത്തിൽ പ്രസിഡന്റ് ഒപ്പിട്ട്' മിനിറ്റ്‌സ് ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരുകയും അതിന്റെ പേരിൽ പഞ്ചായത്ത് കമ്മറ്റികൾ നിരന്തരം മുടങ്ങുന്ന അവസ്ഥയുമുണ്ടായി.

പ്രസിഡന്റ് സുദീപയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെയ് 10 ലെ 1/6 തീരുമാനമെടുത്ത കമ്മിറ്റിയുടെ മിനിറ്റ്‌സ് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇത് നൽകാൻ പ്രസിഡന്റ് വിസമ്മതിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായി ചർച്ച ചെയ്ത ശേഷം മിനിറ്റ്‌സിൽ ഒപ്പിടാമെന്ന് സുദീപ നിലപാടെടുത്തു. അപ്പോൾ മിനിറ്റ്‌സിൽ ഏകകണ്‌ഠേനെയെന്നത് ഭൂരിപക്ഷ തീരുമാനം എന്നാക്കണമെന്നും ആവശ്യമുയർന്നു. ബിജെപിയുടെ ഒൻപത് അംഗങ്ങളുടെ വിയോജനക്കുറിപ്പ് നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞെങ്കിലും പ്രസിഡന്റിനെ തള്ളി അഞ്ച് ബിജെപി അംഗങ്ങൾ മിനിറ്റ്‌സിൽ ഒപ്പുവെച്ചു.

പ്രതിപക്ഷമടക്കം 19 അംഗങ്ങൾ അജൻഡ അംഗീകരിച്ചതായി കാട്ടി മിനിറ്റ്‌സിന്റെ പകർപ്പ് എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾക്ക് സെക്രട്ടറി നൽകി. ഈ പകർപ്പ് കോൺഗ്രസ് അംഗത്തിൽ നിന്നും ബിജെപിയിലെ ബൈജു ലക്ഷ്മൺ വാങ്ങി പരിശോധിക്കുകയും ഇതുമായി പുറത്തേയ്ക്ക് പോകുകയും ചെയ്തു. ഇതോടെ കമ്മിറ്റിയിൽ ബഹളമായി. തുടർന്ന് മിനിറ്റ്‌സ് തട്ടിയെടുത്ത് ബൈജു ലക്ഷ്മൺ ഓടിപ്പോയി എന്ന് കാട്ടി പാരിപ്പള്ളി പൊലീസിൽ പഞ്ചായത്ത് പ്രസിഡന്റ് സുദീപ പരാതി നൽകുകയായിരുന്നു. പിന്നീട് കമ്മിറ്റി പുനരാരംഭിച്ചപ്പോൾ ബൈജു ലക്ഷ്മൺ തിരിച്ചെത്തി എന്നാൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ടയാൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ വീണ്ടും ബഹളം ആരംഭിച്ചു. ഒടുവിൽ പ്രസിഡന്റ് കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് പുറത്തേയ്ക്ക് പോയെങ്കിലും വൈസ് പ്രസിഡന്റ് സത്യപാലന്റെ അധ്യക്ഷതയിൽ കമ്മിറ്റി തുടർന്നു. ബിജെപിയിലെ മറ്റ് അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ആ കമ്മിറ്റിയിൽ പങ്കെടുത്തു. പ്രസിഡന്റ് പിരിച്ചുവിട്ട ശേഷമുള്ള ആ യോഗം ചട്ടവിരുദ്ധമാണെന്ന് പ്രസിഡന്റ് സുദീപ ആരോപിച്ചു.

പഞ്ചായത്ത് സെക്രട്ടറിയെ അനുകൂലിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് രംഗത്ത് എത്തിയതുമുതൽ ബിജെപിക്കുള്ളിലും പ്രശ്‌നങ്ങൾ തുടങ്ങുകയായിരുന്നു. ഒക്ടോബർ 29-ാം തീയതി ബിജെപി നിയോജകമണ്ഡലം ജന.സെക്രട്ടറി കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പഞ്ചായത്തിന്റെ മുമ്പിൽ വച്ച് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പരസ്യമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് വരെയെത്തി കാര്യങ്ങൾ. സത്യപാലനെ അനുലിച്ചുകൊണ്ട് ബിജെപിയുടെ നിയോജകമണ്ഡലം പ്രസിഡന്റും, ജില്ലാ പ്രസിഡന്റും രംഗത്തെത്തുകയും ആർഎസ്എസ് നേതൃത്വവും ബിജെപി പ്രവർത്തകരും പ്രസിഡന്റിന് വേണ്ടി നിലകൊള്ളുകയും ചെയ്തതോടെ കല്ല് വാതുക്കൽ പഞ്ചായത്തിലെ പ്രാദേശികനേതാക്കൾ മുതൽ ജില്ലാനേതാക്കൾ വരെ രണ്ട് വിഭാഗമായി മാറികഴിഞ്ഞു.

പാർട്ടിയുടെയും സഹ അംഗങ്ങളുടെയും തുടർച്ചയായുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രസിഡന്റ് രാജി വയ്ക്കാൻ തയ്യാറെടുക്കുന്നതായാണ് സൂചനകൾ. അവർക്കൊപ്പം ചില മെമ്പർമാർ കൂടി അംഗത്വം രാജിവയ്ക്കുമെന്ന് സുദീപയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സുദീപ രാജിവച്ചാൽ കല്ലുവാതുക്കലിൽ ഭരണമാറ്റത്തിന് കളമൊരുങ്ങും. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് കല്ലുവാതുക്കലിൽ ബിജെപിയുടെ പഞ്ചായത്ത് ഭരണം. 23 വാർഡുകളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒമ്പതും യുഡിഎഫിന് എട്ടും എൽഡിഎഫിന് ആറും മെമ്പർമാരാണുള്ളത്.

സുദീപ പഞ്ചായത്ത് അംഗത്വം രാജിവച്ചാൽ യുഡിഎഫിനും ബിജെപിക്കും ഒരേ അംഗങ്ങളാകുകയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലേയ്ക്ക് നീങ്ങുകയും ചെയ്യും. എല്ലാ രാജിസംബന്ധമായ അഭ്യൂഹങ്ങളെല്ലാം സുദീപ തള്ളിക്കളയുന്നു. അത്തരത്തിലുള്ള യാതൊരു ആലോചനയും ഉണ്ടായിട്ടില്ലെന്നും പാർട്ടി അനുവദിച്ചാൽ തൽസ്ഥാനത്ത് തന്നെ കാലാവധി പൂർത്തിയാക്കുമെന്നും സുദീപ മറുനാടനോട് പറഞ്ഞു.