- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രേഷ്മയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിലെ സന്ദേശങ്ങൾ പരിശോധിച്ച ആര്യ കാമുകനെ മനസ്സിലാക്കി; ചോദിച്ചപ്പേൾ കാമുകന്റെ ഭാര്യ തന്നെ വിളിച്ച് വഴക്ക് പറഞ്ഞു എന്ന് വെളിപ്പെടുത്തിയത് രേഷ്മയും; നിർണ്ണായകമായി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിന്റെ മൊഴി; കാമുകനോട് കൂടുതൽ അടുത്ത് പൊലീസ്; കല്ലുവാതുക്കലിൽ രഹസ്യം ചുരുളഴിയും
കൊല്ലം: പ്രസവിച്ചയുടൻ കുഞ്ഞിനെ കരിയിലക്കൂട്ടത്തിലേക്ക് വലിച്ചെറിയുകയും പിന്നീട് ഉറുമ്പരിച്ച് മരിച്ചു പോവുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ രേഷ്മയുടെ ഫെയ്സ് ബുക്ക് സുഹൃത്തിനെപറ്റി പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായി സൂചന. ഇതേ കേസിൽ ആത്മഹത്യ ചെയ്ത ആര്യ, ഭർത്താവ് രഞ്ജിത്തിനോട് ഫെയ്സ് ബുക്ക് കാമുകന്റെ ഭാര്യ രേഷ്മയെ വിളിച്ച് വഴക്ക് പറഞ്ഞിരുന്നതായി നേരത്തെ പറഞ്ഞിരുന്നു.
ഇക്കാര്യം പൊലീസിനെ രഞ്ജിത്ത് അറിയിക്കുകയും രേഷ്മയുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് കാമുകനെന്ന് സംശയിക്കുന്ന യുവാവിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇയാൾ തന്നെയാണ് കാമുകനെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ കൃത്യമായ വിവരം പുറത്തു വിടുകയുള്ളൂ. യുവാവിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസമാണ് ആര്യയുടെ ഭർത്താവ് രഞ്ജിത്ത് പൊലീസിന് മൊഴി നൽകിയത്. ആര്യ ഇടക്ക് രേഷ്മയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ കയറി സന്ദേശങ്ങൾ പരിശോധിക്കുമായിരുന്നു. ഇങ്ങനെയാണ് കാമുകനുമായുള്ള ബന്ധം അറിഞ്ഞത്. ഇതിനെപറ്റി ചോദിച്ചപ്പോഴാണ് കാമുകന്റെ ഭാര്യ തന്നെ വിളിച്ച് വഴക്ക് പറഞ്ഞു എന്ന് രേഷ്മ പറഞ്ഞത്. ഇക്കാര്യം ആര്യ തന്നോട് പറഞ്ഞിരുന്നു എന്നാണ് രഞ്ജിത്ത് പറയുന്നത്.
തുടർന്നാണ് ഫോൺ രേഖകൾ പൊലീസ് വീണ്ടും പരിശോധിച്ചത്. നിരവധി നമ്പരുകളിലേക്ക് നിരന്തരം വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഷ്മയ്ക്ക് ഒന്നിലധികം കാമുകന്മാരുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവായെങ്കിൽ മാത്രമേ പ്രതിയായ രേഷ്മയെ പൊലീസിന് ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. രേഷ്മയിൽ നിന്നാണ് സംഭവത്തിന്റെ ചുരുളഴിച്ചെടുക്കേണ്ടത്.
കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്കെത്തുമ്പോഴാണ് പ്രതിയുടെ ബന്ധുക്കളായ രണ്ടു യുവതികളുടെ ആത്മഹത്യ. ഇതോടെ അന്വേഷണം കൂടുതൽ പ്രതിസന്ധിയിലായിയിരുന്നു. രേഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കുരുക്കുകൾ അഴിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിക്ക് കോവിഡ് പോസിറ്റീവായതിനാൽ ചോദ്യംചെയ്യാൻ വൈകുകയും ചെയ്യും.
തന്റെ കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിന് അറിയില്ലായിരുന്നെന്നുമാണ് മൊഴി. രണ്ടു ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽനിന്നാണ് കാമുകനുമായി ചാറ്റ് ചെയ്തതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. ഈ രണ്ട് അക്കൗണ്ടുകളും പരിശോധിച്ച് ഇതിനുപിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്.
രേഷ്മ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഉടമയായ ആര്യയെ ഇക്കാര്യം ചോദിച്ചറിയാനാണ് വിളിപ്പിച്ചിരുന്നത്. എന്നാൽ ചോദ്യംചെയ്യലിനെത്താതെ ബന്ധുവായ ഗ്രീഷ്മയെയുംകൂട്ടി ആര്യ ആത്മഹത്യചെയ്തതോടെ ദുരൂഹതയേറി. ഈ സിം കാർഡ് ഉപയോഗിച്ചുള്ള രണ്ട് ഫേസ്‌ബുക്ക് അക്കൗണ്ടുകളായിരുന്നു രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതേക്കുറിച്ച് അറിവുള്ളവരായിരുന്നു ആത്മഹത്യചെയ്ത ആര്യയും ഗ്രീഷ്മയുമെന്നാണ് വിവരം.
കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസംമുതൽത്തന്നെ പ്രതി രേഷ്മ പൊലീസിനെ വലയ്ക്കുകയായിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത സോപ്പുകവറിലെ രക്തക്കറ തന്റെ ആർത്തവരക്തമാണെന്ന് പൊലീസിനോടു പറഞ്ഞതോടെ പ്രസവസംബന്ധമായ പരിശോധനയിൽനിന്ന് തന്നെ ഒഴിവാക്കുമെന്നും രേഷ്മ വിശ്വസിച്ചു. അത് ആദ്യഘട്ടത്തിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
കോടതിയുടെ അനുമതിയോടെ എട്ടോളംപേരുടെ ഡി.എൻ.എ. എടുത്ത് നവജാതശിശുവിന്റെ സാമ്പിളുമായി പരിശോധിച്ചാണ് രേഷ്മയുടെയും ഭർത്താവ് വിഷ്ണുവിന്റെയും കുട്ടിയുടേതും ഒന്നാണെന്നു കണ്ടെത്തിയത്. ഒടുവിൽ മാസങ്ങൾക്കുശേഷമാണ് പ്രധാന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.