ചാത്തന്നൂർ: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്മ 4 മാസമായി ഫേസ്‌ബുക് മെസഞ്ചർ വഴി ചാറ്റ് നടത്തിയിരുന്ന അനന്തു പ്രസാദിന് കുട്ടിയുടെ കൊലയുമായി ബന്ധമില്ലെന്ന് പൊലീസ്. രേഷ്മയെ ചതിക്കുന്ന തരത്തിൽ അനന്തു എന്ന പ്രൊഫൈലിൽ ചാറ്റ്‌ചെയ്തത് ആത്മഹത്യ ചെയ്ത ബന്ധുക്കളാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.

ജില്ലാ ജയിലിൽ റിമാൻഡ് കഴിയുന്ന ക്വട്ടേഷൻ സംഘത്തിലെ അംഗവുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായി അന്വേഷണം സംഘം കണ്ടെത്തി. ഇങ്ങനെ നിരവധി പേരുമായി രേഷ്മ ചാറ്റ് ചെയ്തിട്ടുണ്ട്. ജയിലിലാകുന്നതിനു മുൻപു വരെ ബിലാൽ എന്ന പേരിലാണു രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത്. രേഷ്മ അറസ്റ്റിലാകുന്നതിന് മുമ്പാണ് ക്വട്ടേഷൻ കേസിൽ അനന്തു പ്രസാദും കുടുങ്ങിയത്. ഈ അനന്തുപ്രസാദിന് കല്ലമ്പലം കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ ദിവസം അന്വേഷണസംഘം അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി ചോദ്യം ചെയ്തപ്പോൾ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാൽ എന്നു പേരുള്ള ഫേസ്‌ബുക് സുഹൃത്താണെന്നു രേഷ്മ മൊഴി നൽകി. എന്നാൽ ഇയാളുടെ യഥാർഥ പേര് അനന്തു പ്രസാദ് എന്നാണെന്നും ഇയാൾ വർക്കല സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. ഇയാളുമായി അടുപ്പമുള്ള മറ്റൊരു യുവതിയിൽനിന്നു പൊലീസ് മൊഴിയെടുത്തിരുന്നു.

ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവർ വ്യാജ ഫെയ്‌സ് ബുക് മെസഞ്ചറിലൂടെ അനന്തു എന്ന സാങ്കൽപിക കാമുകനുമായി അടുപ്പം പുലർത്തുമ്പോൾ അനന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് വിഷ്ണു ഗൾഫിൽ പോയ ശേഷമാണ് അനന്തുവുമായി ചാറ്റ് ചെയ്തു തുടങ്ങുന്നത്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.

അനന്തുവിനെ അഴിക്കുള്ളിലാക്കിയ ക്വട്ടേഷനിലും പ്രണയച്ചതി

പ്രണയബന്ധത്തിൽ നിന്നും അകന്ന് മറ്റൊരു വിവാഹം കഴിക്കാൻ ഒരുക്കങ്ങൾ നടത്തുന്നു എന്നറിഞ്ഞതാണ് യുവതി കാമുകനെതിരെ ക്വട്ടേഷൻ കൊടുത്ത കേസ് കഴിഞ്ഞ മാസമാണ് വാർത്തകളിൽ എത്തിയത്. മയ്യനാട് സങ്കീർത്തനത്തിൽ ലെൻസി ലോറൻസാ(30)ണ് തന്റെ കാമുകനായ ശാസ്താംകോട്ട സ്വദേശിയായ ഗൗത(25)മിനെ ക്വട്ടേഷൻ അംഗങ്ങളെ ഉപയോഗിച്ച് മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും കവർന്നെടുത്തത്. ഇതിന് ക്വട്ടേഷൻ എടുത്തത് അനന്തു പ്രസാദായിരുന്നു.

ഭർത്താവും രണ്ടു കുട്ടികളുടെ മാതാവുമായ ലെൻസി ഒന്നരവർഷമായി ഗൗതമുമായി അടുപ്പത്തിലായിരുന്നു. തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിന് മുതിർന്നതാണ് പക തോന്നാൻ കാരണം. മരണം വരെ തന്നെയല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും മറ്റും പറഞ്ഞായിരുന്നു വഞ്ചിക്കൽ. അത് വിശ്വസിച്ചാണ് പണവും മൊബൈൽ ഫോണും ലെൻസി നൽകിയത്. ഒടുവിൽ വിവാഹം കഴിക്കാൻ പോകുകയാണെന്നും ബന്ധം അവസാനിപ്പിക്കാം എന്നും പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്.

പലവട്ടം വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും ഗൗതം തയ്യാറായില്ല. യുവതിയുടെ നമ്പർ ഇയാൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പലവട്ടം ഗൗതമിനെ അന്വേഷിച്ച് ചാത്തന്നൂരിലെ താമസ സ്ഥലത്ത് എത്തിയെങ്കിലും കണ്ടില്ല. ഇതോടെ തന്നെ വഞ്ചിച്ചു എന്ന് മനസ്സാലായതോടെയാണ് പ്രതികാരം ചെയ്യണമെന്ന് തോന്നിയത്. ഇതിനായി ആദ്യം ഗൗതമിന്റെ ഒപ്പം ജോലിചെയ്യുന്ന വിഷ്ണു എന്ന യുവാവുമായി അടുപ്പത്തിലായി. പിന്നീട് വിഷ്ണുവിനെ ഉപയോഗിച്ച് ഗൗതമിനെ വിളിച്ചു വരുത്തി പകവീട്ടാംമെന്ന് ലെൻസ് കണക്കു കൂട്ടി. ഇതിനായി തന്റെ സുഹൃത്തായ അനന്ദുവിന് 40,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. പണവും മൊബൈൽ ഫോണും തിരികെ വാങ്ങണമെന്നും മർദ്ദിക്കണമെന്നുമായിരുന്നു ആവശ്യം.

10,000 രൂപ അഡ്വാൻസ് നൽകുകയും ബാക്കി കൃത്യം നടത്തിയതിന് ശേഷം നൽകാമെന്നുമായിരുന്നു ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അനന്ദു സഹായികളായി അമ്പു, അരുൺ, മഹേഷ്, അനസ്, പൊടി എന്ന് വിളിക്കുന്ന സതീഷ് എന്നിവരുമായി ചേർന്ന് വ്യക്തമായ പ്ലാനിങ് നടത്തി. ഇതിന് ശേഷം ലിൻസി തന്റെ കൂട്ടുകാർ കാണാനെത്തുമെന്നും അവരോടൊപ്പം പോയി തനിക്കുകിട്ടാനുള്ള പണം വാങ്ങണമെന്നും വിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ 14-ന് ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും ക്വട്ടേഷൻ സംഘം വിഷ്ണുവിനെ വിളിച്ചുകൊണ്ടുപോയി.

ഗൗതമിനെ വിളിച്ചുവരുത്താൻ വിഷ്ണുവിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെത്തുടർന്ന് ആളില്ലാത്ത സ്ഥലത്തുകൊണ്ടുപോയി മർദിച്ചു. ഒടുവിൽ വിഷ്ണു ഗൗതമിനെ അയിരൂരിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഗൗതമിനെയും ക്വട്ടേഷൻ സംഘം മർദിക്കുകയും മൊബൈൽ ഫോണും പണവും പിടിച്ചുപറിക്കുകയും ചെയ്തു. ശേഷം വിഷ്ണുവും ഗൗതമും ചാത്തന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

അനന്ദുവിനെയും അമ്പുവിനെയുമാണ് ആദ്യം പിടികൂടിയത്. പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെന്ന പേരിൽ ഒളിവിൽ കഴിയാൻ ശ്രമിക്കുന്നതിനിടെ ലിൻസിയെയും പൊലീസ് അറസ്റ്റു ചെയ്തു. പാരിപ്പള്ളിയിലെ മൈക്രോ ഫിനാൻസിൽ ജോലി ചെയ്യുകയായിരുന്ന ഗൗതമിനെ ലിൻസി പരിചയപ്പെടുന്നത് അവിടെ നിന്നും എടുത്ത ലോണിന്റെ തിരിച്ചടവ് മാസം പിരിക്കാനായി എത്തുന്നതിനിടെയാണ്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിദേശത്തായിരുന്ന ഭർത്താവിന്റെ അസ്സാന്നിധ്യമാണ് ഇയാളുമായി അടുപ്പത്തിലാവാൻ കാരണമായതെന്ന് യുവതി മൊഴി നൽകിയിരുന്നു.