- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസിലെ പ്രണയം വിവാഹമായി; അവളെ അത്രയും വിശ്വസിച്ചു പോയതാണ് ഞാൻ ചെയ്ത വലിയ തെറ്റ്; മകളെ ഓർത്തു മാത്രമാണ് നാട്ടിൽ എത്തിയത്; അല്ലെങ്കിൽ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നു; ആ കാര്യം ഭാര്യയോട് നേരിട്ട് ചോദിക്കാൻ ദുബായിൽ നിന്നും വിഷ്ണു പറന്നെത്തി; രേഷ്മ ഇനിയെങ്കിലും സത്യം പറയുമോ?
കൊല്ലം: കല്ലുവാതുക്കൽ ഊഴായിക്കോട് നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികരണവുമായി അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണു രംഗത്ത്. ' പത്താംക്ലാസ് മുതലാണ് ഞാനവളെ പ്രേമിക്കുന്നത്. അത്രയേറെ അവളെ വിശ്വസിച്ചുപോയതാണ് ഞാൻ ചെയ്ത വലിയ തെറ്റ്. നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു തല കുമ്പിട്ടു ഇരിക്കുന്ന അവസ്ഥയാക്കിയില്ലേ. കണ്ണും പൂട്ടി ഒരാളെയും വിശ്വസിക്കരുതെന്ന് പറയുന്നത് ഇതാണ്. എന്നെ വെറും പൊട്ടനാക്കി കളഞ്ഞില്ലേ?' വിഷ്ണു ചോദിക്കുന്നു.
''അവളെ എനിക്കു നേരിൽ കണ്ട് ഒരു കാര്യം ചോദിക്കണം, അതു പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്നും വിഷ്ണു പറഞ്ഞു. നാലുമാസം മുമ്പ് ദുബായിലേക്കു പോയ വിഷ്ണു ഇന്നലെ പുലർച്ചെയാണ് മടങ്ങിയെത്തിയത്. കുടുംബ വീടിനു സമീപം ബന്ധു വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.
'മകളെ ഓർത്തു മാത്രമാണ് നാട്ടിൽ എത്തിയത്. അല്ലെങ്കിൽ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നു. നൊന്തു പ്രസവിച്ച മകനെ ഉപേക്ഷിച്ചതിനു പുറമേ സ്വന്തം അച്ഛൻ, അമ്മ തുടങ്ങി എല്ലാവരെയും അവൾ പറ്റിച്ചു.ഒരാൾ ഒരു കാര്യം ഒളിപ്പിച്ചു വയ്ക്കാൻ തുനിഞ്ഞിറങ്ങിയാൽ എന്തു ചെയ്യാനാണ്?. വിഷ്ണു ചോദിക്കുന്നു.
രേഷ്മയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് അഞ്ചു മിനുട്ട് മുമ്പും വിഡിയോ കോളിൽ സംസാരിച്ചിരുന്നു.' കുഞ്ഞിനെ പ്രസവിച്ചെന്നു പറയുന്ന ദിവസം ജോലി കഴിഞ്ഞ് രാത്രി 11 മണിക്കാണ് ഞാൻ വീട്ടിൽ എത്തുന്നത്. വാതിൽ തുറന്നു തന്നതു രേഷ്മയാണ്. ഭക്ഷണം വിളമ്പി തന്ന ശേഷം ഒപ്പം കിടന്നുറങ്ങി. രാവിലെ ജോലിക്കു പോകാൻ എഴുന്നേറ്റു പല്ലു തേയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ എടുത്തത് അവളാണ്. അന്ന് എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്നു. പിന്നെ എങ്ങനെ സംശയിക്കും ?. വിഷ്ണു ചോദിച്ചു.
ഒരു ദിവസം രേഷ്മ വർക്കലയിൽ നിൽക്കുന്നതായി സുഹൃത്ത് പറഞ്ഞു. ഫോണിൽ ചാറ്റ് ചെയ്യുന്നതു കണ്ടു നോക്കാൻ ഒരുങ്ങിയപ്പോൾ ഫോൺ ലോക്ക് ചെയ്തു. ലോക്ക് അഴിക്കാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഫോൺ എറിഞ്ഞു പൊട്ടിച്ചു. രേഷ്മയ്ക്ക് സ്വന്തമായി എഫ്ബി അക്കൗണ്ട് പോലും ഇല്ലെന്നാണ് കരുതിയിരുന്നത്. ഇത്രയും പ്രശ്നങ്ങൾക്ക് കാരണക്കാരൻ ആരാണെന്ന് പൊലീസ് കണ്ടെത്തണം. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു രേഷ്മയുമായി പ്രണയത്തിലാകുന്നതെന്നും വിഷ്ണു പറഞ്ഞു.
അതേസമയം രേഷ്മയുടെ അജ്ഞാത കാമുകൻ ആരാണെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരി പുത്രി ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവർ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത് കേസിൽ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്. രേഷ്മയുടെ ഫെയ്സ് ബുക്ക് കാമുകനായ അനന്ദു എന്ന വ്യാജ പ്രൊഫൈലിന് പിന്നിൽ അവരാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴായിരുന്നു ഇരുവരുടെയും ആത്മഹത്യ.
ഇവരുടെ മൊബൈൽ ഫോണുകളും നമ്പറുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. നാട്ടുകാരുടെ സംശയത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധനയ്ക്ക് ശേഷം അറിയിക്കാമെന്നാണ് പാരിപ്പള്ളി പൊലീസ് പറയുന്നത്. അതേ സമയം രേഷ്മയുടെ ഫെയ്സ് ബുക്ക് കാമുകനെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ ഫെയ്സ് ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങൾ കണ്ടെത്താൻ സൈബർസെൽ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതിന്റെ വിവരങ്ങൾ കിട്ടിയാൽ മാത്രമേ കേസിന്റെ ചുരുളഴിയുകയുള്ളൂ.
കഴിഞ്ഞ ജനുവരി അഞ്ചിന് ഊഴായ്ക്കോട് ക്ഷേത്രത്തിന് സമീപമുള്ള സുദർനൻപിള്ളയുടെ വീടിന്റെ പറമ്പിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ആൺകുഞ്ഞിനെ കണ്ടെത്തി. കരിയിലക്കൂട്ടത്തിൽ കിടന്ന ആൺകുഞ്ഞ് അവശനിലയിലായിരുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. നരഹത്യക്ക് കേസെടുത്ത പൊലീസ് പ്രദേശത്തെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പക്ഷേ ആറുമാസത്തിനൊടുവിലാണ് കുഞ്ഞിന്റെ അമ്മ സുദർശനൻപിള്ളയുടെ മകൾ രേഷ്മയാണെന്ന് പൊലീസിന് കണ്ടെത്താനായത്. കോടതി അനുമതിയോടെ എട്ടുപേരുടെ രക്തസാംപിളുകൾ ശേഖരിച്ച് പൊലീസ് ഡിഎൻഎ പരിശോധന നടത്തിയാണ് രേഷ്മയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്.
ഇതേ തുടർന്ന് കഴിഞ്ഞ 22 ന് രേഷ്മയെ പൊലീസ് പിടികൂടി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രസവിച്ചയുടൻ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നൽകിയ മൊഴി. എന്നാൽ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായിരുന്നില്ല. വിവിധങ്ങളായ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചതിൽ നിന്നാണ് അനന്ദു എന്ന അജ്ഞാത കാമുകനെ കണ്ടെത്തിയത്.
വാട്സ്ആപ്പ് വഴിയാണ് രേഷ്മ കാമുകനുമായി കുടുതലും സംസാരിച്ചിരുന്നതെന്നാണ് നിഗമനം. രേഷ്മ പല പേരുകളിലുള്ള ഫേസ്ബുക് പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുമായി സംസാരിച്ചെന്ന് സൂചനയുണ്ട്. അച്ചൂസെന്നും ദേവൂസെന്നുമൊക്കെ പേരിൽ പ്രൊഫൈൽ ഉണ്ടാക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയുമായിരുന്നു രീതിയെന്നും പൊലീസ് സൂചിപ്പിച്ചു.
രേഷ്മ ഗർഭിണിയായിരുന്ന വിവരം സ്വന്തം ഭർത്താവും വീട്ടിലുള്ള മാതാപിതാക്കളും അറിഞ്ഞിരുന്നില്ലെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി.
ഗർഭിണിയാണെന്ന് അറിയാതിരിക്കാൻ വയറിന് പുറത്ത് ബെൽറ്റ് വച്ച് മുറുക്കിയിരുന്നതായും ശുചിമുറിയിൽ പ്രസവിച്ച ശേഷം പറമ്പിന് പുറത്തേക്ക് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴി. പൊലീസ് കഴിഞ്ഞ ജനുവരിയിൽ കുഞ്ഞിന്റെ അമ്മ ആരാണെന്ന് നടത്തിയ അന്വേഷണത്തിലും രേഷ്മയും പൊലീസിനെ സഹായിച്ചിരുന്നുവെന്നതാണ് വിചിത്രം.
മറുനാടന് മലയാളി ബ്യൂറോ