ഭോപ്പാൽ: പശ്ചിമ ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തി ഉജ്ജ്വല വിജയം നേടി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ് കമൽനാഥ്. മമത ബാനർജിയാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ നേതാവെന്ന് കമൽനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് എന്നിങ്ങനെ എല്ലാ എതിരാളികളേയും അവർ പരാജയപ്പെടുത്തിയെന്നും കമൽനാഥ് അഭിപ്രായപ്പെട്ടു.

'തുടർച്ചയായ മൂന്നാം തവണയും അവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി. സമാനതകളില്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടത്തിന് ശേഷമാണ് അവർ വിജയിച്ചെത്തിയത്' - കമൽ നാഥ് പറഞ്ഞു. കേന്ദ്രസർക്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് എന്നിവയ്‌ക്കെതിരെ മമത ബാനർജിക്ക് പോരാടേണ്ടി വന്നുവെന്ന് കമൽ നാഥ് പറഞ്ഞു. എന്നിട്ടും അവർ എല്ലാവരെയും പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്കെതിരെ മമതയെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയർത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് യുപിഎ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കമൽനാഥ് പറഞ്ഞു. ഇക്കാര്യം ഇപ്പോൾ പറയാനാവില്ലെന്നും അത് യുപിഎ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.