കണ്ണൂർ: വരുന്നനിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാകില്ലെന്ന് സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി- കോൺഗ്രസ് ബന്ധത്തിന് തന്റെ കൈയിൽ തെളിവില്ലെന്നും, അതു കൊണ്ട് ആരോപണം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മതരാഷ്ട്ര വാദം ഉന്നയിക്കുന്ന സുരേന്ദ്രനും മുസ്ലിം മത വർഗീയവാദം ഉയർത്തുന്നവരും ഒരേ തോണിയിലാണ് സഞ്ചരിക്കുന്നത്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു പോലെ എതിർക്കുക എന്നതാണ് എൽ ഡി എഫ് നിലപാടെന്നും കാനം പറഞ്ഞു.  സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ആളുകൾക്ക് ബോധ്യമല്ലാത്ത തീരുമാനമുണ്ടാകുമ്പോൾ സ്വാഭാവികമായി അവരിൽ നിന്നും പ്രതികരണമുണ്ടാകും. അതാണ് ചിലസ്ഥലങ്ങളിൽ കാണുന്നത്.

തീരുമാനത്തിന്റെ നിജസ്ഥിതി പാർട്ടികൾക്ക് അവരെ ബോധ്യപ്പെടുത്താൻ കഴിയണം. ഇത്തരം പ്രതിഷേധങ്ങൾ താൽക്കാലികമായി നിലനിൽക്കുന്നതാണ്. ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ വിമർശനം ഉന്നയിക്കുന്നയാളുകൾ കണ്ടതായിരിക്കില്ല നേതൃത്വം കാണുക. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എന്നത് അവരെ ബോധ്യപ്പെടുത്തണം. അതു ചെയ്യേണ്ടത് പാർട്ടികളുടെ ചുമതലയാണ്.

ആഗോളീകരണത്ത് ആളുകളെ നയിക്കുന്നത് ലാഭചിന്തയാണ് എന്താണ് തനിക്ക് ലാഭമെന്നാണ് ഓരോരുത്തരും നോക്കുന്നത്. രാഷ്ട്രീയത്തിലായാലും അത്തരം ചിന്തകൾ കടന്നുവരാം. മുൻകാല നടപടികളും ആശയങ്ങളും പെട്ടെന്ന് മറന്ന് കൂട് വിട്ട് കൂടുമാറുന്നതു പോലെ രാഷ്ട്രീയത്തിലും മാറ്റം വന്നിരിക്കുന്നു. ഇടതു പാർട്ടികളിൽ അതു താരതമ്യേനെ കുറവാണെന്നു മാത്രമാണെന്ന് കാനം ചൂണ്ടികാട്ടി.