- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരം മുറിക്ക് അനുമതി നൽകിയ ഉത്തരവിൽ തെറ്റില്ല; കർഷകർക്കായി എടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഉത്തരവ്; തേക്കും ഈട്ടിയും മുറിച്ചെങ്കിൽ തെറ്റാണ്; മുറിച്ചെടുത്ത മരമെല്ലാം സർക്കാർ കസ്റ്റഡിയിൽ; പിന്നെ എവിടെയാണ് കൊള്ള നടന്നത്? മൗനം വെടിഞ്ഞ് കാനം
തിരുവനന്തപുരം: വയനാട് മുട്ടിലിലെ മരം മുറി വിവാദം മുറുകവേ മൗനം വെടിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. കഴിഞ്ഞ സർക്കാറിനെ സിപിഐ കൈകാര്യം ചെയ്തിരുന്ന വനം, റവന്യൂ വകുപ്പുകൾ പ്രതിരോധത്തിൽ ആയതോടയാണ് കാനം വിഷയത്തിൽ വിശദീകരണവുമായി രംഗത്തുവന്നത്. എന്തൊക്കെ വിവാദമുണ്ടായാലും സിപിഐ കർഷകർക്കൊപ്പം തന്നെയാണെന്ന് കാനം വ്യക്തമാക്കി.
മരം മറുക്കാനുള്ള ഉത്തരവ് കർഷകർക്ക് വേണ്ടിയായിരുന്നു. എന്നാൽ അതിൽ നിന്നും തേക്കും ഈട്ടിയും ഇതിന്റെ മറവിൽ മുറിച്ചെങ്കിൽ തെറ്റാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കൃഷിക്കാർ നട്ട മരം മുറിക്കാൻ അപേക്ഷ നൽകിയിരുന്നു. നിരവധി അപേക്ഷകൾ വന്നു. അത് അവരുടെ അവകാശമാണെന്ന് കണ്ടാണ് ഉത്തരവിറക്കിയത്. സർക്കാരിന്റെ ഉത്തരവിൽ തെറ്റില്ല. കർഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. എന്നാൽ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു. കർഷകരുടെ പ്രശ്നം മുന്നിൽ കണ്ട് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി തന്നെയായിരുന്നു ഉത്തരവ്. പ്രതികൾ പലതും പറയും. അതിനൊന്നും മറുപടി പറയാനില്ല. വിഷയത്തെ പ്രാക്ടിക്കലായി കാണണം. മറ്റെല്ലാം മാധ്യമങ്ങളുടെ പുകമറയാണെന്നും കാനം ചൂണ്ടിക്കാട്ടി.
2016 ൽ തുടങ്ങിയ ചർച്ചയുടെ തുടർച്ചയായാണ് ഉത്തരവ് ഇറങ്ങിയത്. പത്ത് സർവകക്ഷിയോഗങ്ങൾ ഇതുസംബന്ധിച്ച് നടന്നിട്ടുണ്ട്. അതിൽ ഏഴെണ്ണം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് നടന്നതും. കർഷകർ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. അതനുസരിച്ച് ഉണ്ടായ രാഷ്ട്രീയ തീരുമാനം ആണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവെന്നും കാനം വിശദീകരിച്ചു.
1964 ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയഭൂമിയിലെ മരം മുറിച്ച് മാറ്റാമെന്ന് മാത്രമാണ് ഉത്തരവിൽ ഉള്ളത്. മറ്റ് 9 തരം പട്ടയ ഭൂമികൾ വേറെയും ഉണ്ട് .അവിടെ ഒന്നും മരംമുറി അനുവദിച്ചിട്ടില്ല. വയനാട്ടിൽ തന്നെ 46 വില്ലേജിൽ മുട്ടിൽ സൗത്ത് വില്ലേജിൽ മാത്രമാണ് ഇത്തരം പ്രശ്നം ഉണ്ടായത്. ക്രമക്കേട് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വില്ലേജ് ഓഫീസറെ സ്പെന്റ് ചെയ്തു. ഡെപ്യൂട്ടി തഹസിൽദാരേയും തഹസിൽദാരേയും സ്ഥലം മാറ്റി. പട്ടയ ഭൂമിയിൽ നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റിയതിന് 42 കേസ് എടുത്തിട്ടുണ്ട്. അതും സർക്കാർ തന്നെയല്ലേ എടുത്തതെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. മുറിച്ചെടുത്ത മരമെല്ലാം സർക്കാരിന്റെ കസ്റ്റഡിയിലുണ്ട്. പിന്നെ എവിടെയാണ് കൊള്ള നടന്നത്
ആരെങ്കിലും ദുരുപയോഗം ചെയ്യും എന്ന് കരുതി ഒരു ഉത്തരവ് ഇറക്കാൻ കഴിയുമോ എന്നും കാനം രാജേന്ദ്രൻ ചോദിച്ചു. ഉത്തരവ് സംബന്ധിച്ച് കളക്ടർമാർ അടക്കമുള്ളവരെല്ലാം ഉന്നയിച്ച സംശയങ്ങൾക്കെല്ലാം അപ്പപ്പോൾ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. കാർഷിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഏകാഭിപ്രായം ആണ് എല്ലാവരിൽ നിന്ന് ഉണ്ടായത്. ഒരു രാഷ്ട്രീയ പാർട്ടി പോലും അതല്ലാത്ത നിലപാട് എടുത്തിട്ടില്ല, ഇത് സംബന്ധിച്ച് കത്ത് നൽകിയവർ പോലും ഉണ്ട് സംശയമുള്ളവർക്ക് അതെല്ലാം അന്വേഷിച്ച് കണ്ടുപിടിക്കാവുന്നതാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഉത്തരവ് റദ്ദാക്കാൻ വൈകിയിട്ടില്ല. പിഴവുള്ളതുകൊണ്ടല്ല ദുരുപയോഗിച്ചതിനാൽ ആണ് റദ്ദാക്കിയത് . മരംമുറിച്ചെന്ന പരാതി ജനുവരിയിലാണ് വരുന്നത്, അത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ റദ്ദാക്കാനുള്ള നടപടിയും തുടങ്ങി. ഇടക്ക് തദ്ദേശ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ വന്നു. ഉത്തരവ് ദുരുപയോഗം കേരളമൊട്ടാകെ ഉണ്ടെന്ന പ്രചാരണം തെറ്റാണ്. കളക്ടർമാരോട് വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട് .ഒരാഴ്ചക്ക് അകം ഇക്കാര്യത്തിൽ വ്യക്തമായ റിപ്പോർട്ട് വരുമെന്നും കാനംരാജേന്ദ്രൻ പറഞ്ഞു.
ഉത്തരവിനെ കുറിച്ച് സർക്കാര് തലത്തിലേ വകുപ്പ് തലത്തിലോ ഭിന്നതയില്ല. ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ആണ് മാധ്യമങ്ങൾ അടക്കം ശ്രമിക്കുന്നത്. ഉത്തരവ് ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വനം റവന്യു നിയമ വകുപ്പുകൾ കൂടിയാലോചിച്ച് പുതിയ പ്രപ്പോസൽ വേണമെന്ന് കഴിഞ്ഞ റവന്യു മന്ത്രി ഫയലിൽ എഴുതിയിട്ടുണ്ട്. പുതിയ സർക്കാർ അക്കാര്യം പരിഗണിക്കും. നിയമ വകുപ്പിന്റെ അനുമതി വാങ്ങിയില്ലെന്ന് വിമർശനം ഉയരുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ് വകുപ്പിന് വ്യക്തതയുള്ള കാര്യം നിയമവകുപ്പിന്റെ പരിഗണനക്ക് പോകണമെന്ന് വ്യവസ്ഥയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ