- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവ വേദന വന്നപ്പോൾ ആരോഗ്യനില വഷളായി; വീട്ടിൽ പ്രസവിച്ചതോടെ ആശുപത്രിയിലെത്തിക്കാൻ സംവിധാനമില്ല; ഇതര സംസ്ഥാന തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ
അടൂർ: പ്രസവ വേദന കലശലാവുകയും ആരോഗ്യനില വഷളാവുകയും ചെയ്ത ഇതര സംസ്ഥാന തൊഴിലാളി യുവതി വീട്ടിൽ പ്രസവിച്ചു. അമ്മയ്ക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ എത്തി.
ജാർഖണ്ഡ് ഹസാരിബാഗ് സ്വദേശിയും നിലവിൽ അടൂർ പന്നിവിഴയിൽ താമസിക്കുന്നതുമായ കാളി റാമിന്റെ ഭാര്യ സരിത ദേവി (30) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ സരിതയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് സാധിച്ചില്ല. തുടർന്ന് ഇവർ സ്ഥലത്തെ ആശാ പ്രവർത്തകയെ ബന്ധപ്പെട്ടു. ഇതിനിടയിൽ വീട്ടിൽ വച്ച് തന്നെ സരിത കുഞ്ഞിന് ജന്മം നൽകി.
സംഭവം അറിഞ്ഞെത്തിയ ആശാ പ്രവർത്തകയാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് കെ.വി സുനിൽകുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിജു തോമസ് നൈനാൻ എന്നിവർ സ്ഥലത്തെത്തി. ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിജു പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ആംബുലൻസ് പൈലറ്റ് സുനിൽകുമാർ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്