പത്തനംതിട്ട: പത്തനംതിട്ടയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആകെ ഒമ്പതു പേരുണ്ടെന്ന് മൊഴി. ഇതു വരെ മൂന്നു പേരാണ് അറസ്റ്റിലായത്. നവംബർ ആറിന് അറസ്റ്റിലായ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജയകൃഷ്ണന് പുറമേ ഇന്നലെ അട്ടത്തോട് നെടുങ്ങാലിൽ വീട്ടിൽ രമേശൻ (24), ഉതിമൂട്ടിൽ കണ്ണൻ ദാസ് (27) എന്നിവരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രമാക്കണ്ണൻ ഡിവൈഎഫ്ഐ പമ്പാവാലി മേഖലാ കമ്മറ്റി വൈസ് പ്രസിഡന്റും കുടുംബശ്രീ ജില്ലാ മിഷൻ അട്ടത്തോട് അനിമേറ്ററുമാണ്. കണ്ണൻ ദാസ് ഡിവൈഎഫ്ഐ അട്ടത്തോട് യൂണിറ്റ് കമ്മറ്റി അംഗം ആണ്.

പെൺകുട്ടിയുടെ പിതാവിന് മദ്യം വാങ്ങി നൽകിയാണ് പ്രതികൾ പീഡിപ്പിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ മദ്യവുമായി എത്തുന്ന പ്രതികൾ പിതാവിനെ കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയാണ് ചെയ്തിരുന്നത്. പെൺകുട്ടിയുടെ വീട്ടുകാർക്കും ഇതേപ്പറ്റി അറിവുണ്ടായിരുന്നുവെന്നാണ് സൂചന. ഒമ്പതു മാസം ഗർഭിണിയായ പെൺകുട്ടി ജനുവരി 20 ന് പ്രസവിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.

പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത് ആറാം മാസമായിരുന്നു. അന്ന് തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞത് കാഞ്ഞിരപ്പള്ളിക്കാരൻ ജയകൃഷ്ണന്റെ പേരായിരുന്നു. ഇയാൾ നായർ സമുദായാംഗമായിരുന്നു. അതിന് ശേഷവും കൗൺസിലിങ് തുടർന്നു. കൗൺസിലിങിന് ശേഷം പല ഘട്ടങ്ങളിലായിട്ടാണ് ഒമ്പതു യുവാക്കളുടെ പേര് പറഞ്ഞത്. ഇവർ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ തന്നെയാണ്. അഞ്ചു പേർ ഡിവൈഎഫ്ഐ നേതാക്കൾ ആണെന്നും പറയുന്നു.

ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ച് ഗവ. ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഗർഭിണിയായ വിവരം മറച്ചു വച്ച് മഹിളാ മന്ദിരത്തിലും ട്രൈബൽ ഹോസ്്റ്റിലിലും കഴിഞ്ഞ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തു വന്നത്.

ഒരു വർഷം മുൻപ് നിലയ്ക്കലിൽ ജോലിക്ക് വന്ന നായർ സമുദായാംഗമായ ജയകൃഷ്ണനുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. സ്വന്തം വീട്ടുകാരുമായി അത്ര രസത്തിൽ അല്ലാതിരുന്ന ജയകൃഷ്ണൻ പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചു. അതുവഴി ഇവിടെ നിത്യസന്ദർശകനാകാനും പെൺകുട്ടിയുമായി അടുത്ത് ഇടപഴകാനും ഇയാൾക്ക് സാധിച്ചു. അങ്ങനെയിരിക്കേ കഴിഞ്ഞ സെപ്റ്റംബർ 14 ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേനെ നിലയ്ക്കൽ ക്ഷേത്രത്തിൽ എത്തിച്ചു. പരിസരവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് വന്ന് തടഞ്ഞു.

ജയകൃഷ്ണനെ പാറത്തോട്ടിലേക്ക് പറഞ്ഞു വിട്ട പൊലീസ് പെൺകുട്ടിയെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലുമാക്കി. വിവാഹം നടത്താൻ പോയതിന് രണ്ടു ദിവസം മുൻപ് മുതൽ ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. 2021 ജൂൺ മാസം ജയകൃഷ്ണൻ മൂന്നു ദിവസം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. ഈ ദിവസങ്ങളിൽ ശാരീരിക ബന്ധവും ഉണ്ടായി.

പതിനാറുകാരിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വൈദ്യപരിശോധന നടത്തിയിട്ട് വേണമായിരുന്നു മഹിളാമന്ദിരത്തിലേക്ക് മാറ്റാൻ. പൊലീസിന്റെ ഭാഗത്ത് നിന്ന് അതിനുള്ള നടപടിയുണ്ടായില്ല. മഹിളാമന്ദിരത്തിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി പെൺകുട്ടിയെ വൈദ്യപരിശോധന നടത്താനോ കൗൺസിലിങ് നടത്താനോ ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് കഴിഞ്ഞതുമില്ല.

യുവാവുമായി പ്രണയമുള്ള കുട്ടി പിന്നീട് നടന്ന കൗൺസിലിങ്ങിൽ താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചു. പത്താം ക്ലാസിൽ തനിക്ക് തുടർന്ന് പഠിക്കണമെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ചിറ്റാർ ട്രൈബൽ ഹോ്സറ്റലിലേക്ക് മാറ്റി. ഒക്ടോബർ നാലിന് ഇവിടെ എത്തിയ ആരോഗ്യപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഈ വിവരം നേരത്തേ മനസിലാക്കിയിട്ടാണ് കാമുകൻ വിവാഹം കഴിക്കുന്നതിനായി കൊണ്ടു പോയതെന്നാണ് കരുതുന്നത്.

ആരോഗ്യപ്രവർത്തകർ റിപ്പോർട്ട് ചെയ്തത് അനുസരിച്ചാണ് ജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിന് ശേഷം പ്രീമെട്രിക് ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടി കൗൺസിലിങിന്റെ വിവിധ ഘട്ടങ്ങളിലാണ് തന്നെ പീഡിപ്പിച്ചിവരുടെ പേരുകൾ കൂടുതലായി പറഞ്ഞത്. അങ്ങനെയാണ് ഇന്നലെ രാത്രി രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇനിയുള്ള പ്രതികളിൽ മൂന്നു പേർ കൂടി ഡിവൈഎഫ്‌ഐക്കാരാണെന്നാണ് വിവരം. അറസ്റ്റിലായ രണ്ടു പേരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. പെൺകുട്ടിയുടെ കുഞ്ഞിന്റെ യഥാർഥ പിതാവിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന വേണ്ടി വരും.