കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്ന കാലത്ത് കണ്ണൂരിലെ തിരഞ്ഞെടുപ്പ് കാലം വലിയ ഭീതി ഉയർത്തിയാണ് കടന്നുപോകാറുള്ളത്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന അവസ്ഥ. ബൂത്തുപിടിത്തവും കള്ളവോട്ടും പാർട്ടിഗ്രാമങ്ങളിൽ അരങ്ങേറുന്നത് പതിവുകാഴ്ചകളാണ്.

അങ്ങനെയൊരു പാർട്ടിഗ്രാമത്തിൽ വോട്ടെടുപ്പിന്റെ തലേദിവസം കൗമാരക്കാരനായ പാർട്ടിപ്രവർത്തകരിലൊരാളെ സംശയാസ്പദമായ നിലയിൽ മരണപ്പെട്ടതായി കണ്ടെത്തിയാൽ എന്താവും അവസ്ഥ? സംഘർഷഭരിതമായ ആ സാഹചര്യത്തെ ശാസ്ത്രീയമായ തെളിവുകളിലൂടെ നിർവീര്യമാക്കിയ അനുഭവം കോഴിക്കോട് മെഡിക്കൽ കോളജിലെ അന്നത്തെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഷേർളി വാസുവിന്റെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു.

1991ലെ നിയമസഭാതിരഞ്ഞെടുപ്പിന്റെ തലേ ദിവസം ആണ് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലൊന്നിൽ ആ മരണം നടന്നത്.  ഒരു പാർട്ടിക്കാരൻ മരിച്ചുവീണാൽ പകരം മറ്റൊരു എതിർപാർട്ടിക്കാരനെ അരിഞ്ഞുവീഴ്‌ത്തുന്ന കാലവും. സിപിഎം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയവരിൽ ഒരാളാണ് മരണപ്പെട്ടത്.

ഗതാഗതം നിലച്ചുകഴിഞ്ഞ രാത്രിസമയമായതിനാൽ, യോഗത്തിനെത്തിയ ചിലർ, പാർട്ടി ഓഫിസിനു മുന്നിലെ നടുറോഡിൽ ആണ് കിടന്നിരുന്നത്. സ്വന്തം ഷർട്ട് ഊരി തലയ്ക്കു താഴെ ചുരുട്ടിവച്ചാണ് ചെറുപ്പക്കാർ കിടക്കുന്നത്. ഇങ്ങനെ റോഡിൽ കിടന്ന ചെറുപ്പക്കാരിലൊരാൾ, 19 വയസ്സുകാരൻ മരിച്ചു കിടക്കുന്ന കാഴ്ചയാണ് പിന്നീട് കൂടെയുള്ളവർ കാണുന്നത്. ഇരുട്ടിന്റെ മറവിൽ ആരോ കൊല നടത്തി പോയതാണെന്ന് പാർട്ടിക്കാർ ഉറപ്പിച്ചു.

പൊലീസ് സംഭവസ്ഥലത്തെത്തി. സമർഥനായ പൊലീസ് ഓഫിസർ, അന്നത്തെ വളപട്ടണം എസ്‌ഐ ടോമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സിഐ രാംദാസ് പോത്തനായിരുന്നു. പിറ്റേന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനെത്തി. പോസ്റ്റ്‌മോർട്ടം ടേബിളിൽനിന്ന് ആ സംഭവം ഡോ. ഷേർളി വാസു ഓർമിക്കുന്നു:

ഇടതുനെഞ്ചിൽ എന്തോ വാഹനം കയറിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. ഹൃദയം മുറിഞ്ഞു 2 കഷ്ണമായിട്ടുണ്ട്. സമാനമായ നിരവധി മുറിവുകൾ കണ്ട അനുഭവപരിചയത്തിൽനിന്ന് അതു മനുഷ്യനുണ്ടാക്കാൻ സാധിക്കുന്ന മുറിവല്ലെന്ന് ഡോക്ടർക്കു വ്യക്തമായി.

എന്നാൽ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് ഏതാനും രക്തത്തുള്ളികൾ വരിയായി കിടക്കുന്നതു കണ്ടെത്തിയിരുന്നു. ഇതു കൂടുതൽ അഭ്യൂഹങ്ങൾക്കു വഴിമരുന്നിട്ടു. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ സംഭവദിവസം ഇതേ സ്ഥലത്തുനിന്ന് ഒരാൾ മുയലിനെ കല്ലെറിഞ്ഞു കൊന്നശേഷം അതിനെയും കൊണ്ടുപോകുമ്പോൾ ഇറ്റുവീണ രക്തത്തുള്ളികളാണ് ആ കണ്ടതെന്നും, അതു മരിച്ചയാളുടെ രക്തക്കറയല്ലെന്നും തെളിഞ്ഞു. കാണുന്നതല്ല വിശ്വസിക്കേണ്ടതെന്നും കാണുന്നതിനപ്പുറത്തും യാഥാർഥ്യങ്ങളുണ്ടെന്നും വ്യക്തമാക്കുന്ന ഇത്തരം എത്രയോ അനുഭവങ്ങൾ തന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് ഷേർളി വാസു ഓർമിക്കുന്നു.

ഉറങ്ങിക്കിടന്ന ചെറുപ്പക്കാരന്റെ ഇടതുനെഞ്ചിൽ കയറിയിറങ്ങിയ വാഹനത്തിന്റെ മുൻവശത്തെ വലതുഭാഗത്തെ ടയറിന്റെ അടയാളം വ്യക്തമായിരുന്നു. ടയറിന്റെ റിമ്മിൽ രക്തത്തിന്റെ വളരെ ചെറിയൊരു തുള്ളി കണ്ടെത്താനുമായിരുന്നു. തുടർന്ന് കേസ് അന്വേഷിച്ച ബുദ്ധിമാനായ പൊലീസ് ഓഫിസർ അതൊരു അപകടമരണമാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

പാർട്ടിയോഗത്തിൽ പങ്കെടുക്കാനെത്തിനെത്തിയവർ റോഡിൽ വിശ്രമിക്കുന്നതിനിടെ ഇരുട്ടത്ത് ഇവരുടെ ഇടയിലേക്ക് സംഭവസമയത്ത് ഒരു ജീപ്പ് കടന്നുവന്നിരുന്നു. ജീപ്പിലുള്ളവരും യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ലൈറ്റിടാതെയാണ് ഈ ജീപ്പ് കടന്നുവന്നത്. ഇരുകൂട്ടരും പരസ്പരം കാണാതെ അപകടത്തിലേക്കു നയിക്കാൻ കാരണവും അതുതന്നെ. തുടരന്വേഷണത്തിൽ മരണത്തിനിടയാക്കിയ ജീപ്പും കണ്ടെത്തി.

'ജീവനില്ലാത്ത വ്യക്തിയെക്കുറിച്ചുള്ളതാണ് എന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ. എന്നാൽ റിപ്പോർട്ട് ജീവനുള്ളതാണ്. അവ സ്വയം സംസാരിക്കുന്നവയാണ്. എതു ചോദ്യത്തിനും ഉത്തരം നൽകാൻ ആ റിപ്പാർട്ടുകളും ഞാനും എപ്പോഴും തയാറാണ്. ചോദിച്ചില്ലെങ്കിൽ പറയാതിരിക്കുക എന്ന മറ്റു പലരുടെയും സമീപനത്തിൽനിന്നു വ്യത്യസ്തമായി ചോദിച്ചില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട എന്റെ നിരീക്ഷണങ്ങൾ കോടതിക്കു മുൻപാകെ അവതരിപ്പിക്കുകയെന്നത് എന്റെ പതിവുരീതിയാണ്. ശരിയായ നിഗമനത്തിലെത്താൻ കോടതിക്ക് അതു പലപ്പോഴും സഹായകരമാകാറുണ്ടെന്നതാണ് എന്റെ അനുഭവം' 36 വർഷത്തെ ഔദ്യോഗികജീവിതത്തിനുശേഷം 2016ൽ വിരമിച്ച ഷേർളി വാസു വിശദീകരിക്കുന്നു. 

22 വർഷത്തിനുശേഷം സംഭവത്തിന്റെ ക്ലൈമാക്‌സ് പയ്യന്നൂർ കോടതിയിലാണ്. ഉപ്പുസത്യാഗ്രഹത്തിന്റെ സ്മാരകമായി മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ച ആ കോടതിമുറ്റം ഡോ. ഷേർളി വാസുവിന്റെ ഓർമയിൽ ഇന്നുമുണ്ട്.

വിചാരണവേളയിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടു വായിക്കുന്ന അവസരത്തിൽ കോടതിമുറിയിൽനിന്ന് കേസുമായി ബന്ധപ്പെട്ട ചെറുപ്പക്കാർ എന്നെ കൈവീശിക്കാണിച്ചു, ചിരിക്കുകയും ചെയ്തു. മജിസ്‌ട്രേറ്റ് ഇതുകണ്ട് ദേഷ്യപ്പെട്ടു.

ഒരാളെപ്പോലും ശിക്ഷിക്കാതെ ആ കേസ് നടപടികൾ പൂർത്തിയാക്കി അവസാനിപ്പിച്ചു. കോടതി നടപടികൾ പൂർത്തിയായശേഷം ആ ചെറുപ്പക്കാർ എന്റെ പിന്നാലെ വന്നു. റോഡിൽ കിടന്ന ചെറുപ്പക്കാരനു മേൽ ജീപ്പ് അബദ്ധത്തിൽ കയറിയതാണെന്നും മറ്റും പറഞ്ഞ് അവർ എന്നോട് സൗഹൃദസംഭാഷണവും നടത്തി. പോകുംമുമ്പ് അവർ മറ്റൊരു യാഥാർഥ്യം കൂടി പറഞ്ഞു; 'പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആ യാഥാർഥ്യം പറഞ്ഞിരുന്നില്ലെങ്കിൽ ഞങ്ങൾ അന്നു തന്നെ പകരം വീട്ടുമായിരുന്നു. പകരം കൊല്ലേണ്ട വ്യക്തിയെ ഞങ്ങൾ കണ്ടുവയ്ക്കുകയും ചെയ്തിരുന്നു'. ഷേർളി വാസു പറയുന്നു.