കണ്ണൂർ: കോവിഡ് പ്രതിരോധത്തെ തുടർന്നുള്ള രാഷ്ട്രീയ വടംവലി കണ്ണുർ കോർപറേഷനിൽ സിപിഎം-കോൺഗ്രസ് തുറന്ന പോരിലെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കണ്ണൂർ കോർപറേഷൻ രാഷ്ട്രീയക്കളി നടത്തുന്നുവെന്നാരോപിച്ച് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് 250 കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ് കോർപറേഷൻ എൽ.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ഒരു കേന്ദ്രത്തിൽ അഞ്ച് പേർ പങ്കെടുത്താണ് പ്രതിഷേധം.

സന്നദ്ധ സംഘടനകളെയും യുഡിഎഫ് അല്ലാത്തവരെയും അകറ്റി നിർത്തി. യുഡിഎഫ് ജയിച്ച വാർഡുകളിൽ എൽഡിഎഫുമായി ബന്ധപ്പെടുന്നവർക്ക് വളണ്ടിയർ പാസ് അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് എൻ.സുകന്യ ആരോപിച്ചു. .രണ്ടാം ഘട്ട കൊ വിഡ് തരംഗം തുടങ്ങിയതു മുതൽ പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കുന്നത് ഐആർപിസി വളണ്ടിയർമാരാണ്. ഇതിൽനിന്ന് ഐആർപിസിയെ ഒഴിവാക്കാൻ കോർപറേഷൻ രാഷ്ട്രീയ നീക്കം നടത്തുകയായിരുന്നു.

സമൂഹ അടുക്കള തുടങ്ങാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. കോവിഡ് പടർന്ന് പിടിച്ചിട്ടും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി പോലും വിളിച്ച് ചേർത്തില്ല. കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആശുപത്രിയിലേക്കും ടെസ്റ്റിനും പോകാൻ വാഹനങ്ങൾ ഏർപ്പെടുത്തുന്നതിലും വൻ പരാജയമാണ് കോർപറേഷൻ ഭരണ സമിതിയെന്ന് സുകന്യ ആരോപിച്ചു.ജനകീയ പ്രക്ഷോഭത്തിലുടെ കോർപറേഷന്റെ ധിക്കാരപരമായ നടപടികൾ തിരുത്തുമെന്ന് എൻ.സുകന്യ മുന്നറിയിപ്പ് നൽകി.