കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ സ്റ്റേഷൻ ചുവരിൽ സൗമ്യനായ വിഷ്ണു മൂർത്തിയെ ഇനി ദർശിക്കാം. ചുവർ ചിത്ര കലാകാരനും കാലടി സംസ്‌കൃത സർവ്വകലാശാല ചിത്രകലാവകുപ്പ് മേധവിയുമായ സാജു തുരുത്തിലിന്റെ നേതൃത്വത്തിലാണ് ചുവർ ചിത്രം ഒരുക്കിയിട്ടുള്ളത്. ടെർമിനൽ സ്റ്റേഷന്റെ ചുവരിൽ 432 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഇത് പൂർത്തീകരിച്ചത്. 18 മീറ്റർ ഉയരത്തിലും 24 മീറ്റർ വീതിയിലുമാണ് ചുവർ ചിത്രം ഒരുക്കിയിട്ടുള്ളത്.

20 ലക്ഷം രൂപ ചെലവിൽ നാല് മാസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയായത്. ചുവരിൽ സിമന്റ് കൊണ്ട് തെയ്യത്തിന്റെ ശില്പം ഉണ്ടാക്കിയ ശേഷം ആടയാഭരണങ്ങൾ ചെമ്പിലും അലൂമിനിയത്തിലും നിർമ്മിച്ച് ആവരണം ചെയ്യുകയായിരുന്നു. അതിനു ശേഷം കേരളീയ ചുവർ ചിത്ര ശൈലിയിൽ മ്യൂറൽ പെയിന്റ് ഉപയോഗിച്ച് ശില്പം പൂർത്തിയാക്കുകയായിരുന്നു.

ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ളാദനെ രക്ഷിക്കാനെത്തിയ നരസിംഹമൂർത്തി എന്ന നിലയിലാണ് ഉത്തര കേരളത്തിൽ വിഷ്ണുമൂർത്തിയെ സങ്കൽപ്പിക്കുന്നത്. വിഷ്ണു മൂർത്തിയുടെ അവതാരമായ നരസിംഹമൂർത്തിയുടെ പ്രതീകമായാണ് ഉത്തരകേരളത്തിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടുന്നത്. നരസിംഹം ഹിരണ്യ കശിപുവിന്റെ മാറ് പിളർന്ന് രക്തം പാനം ചെയ്യുന്ന സന്ദർഭങ്ങളെല്ലാം വിഷ്ണൂമൂർത്തിയുടെ കളിയാട്ടത്തിൽ ആവിഷ്‌ക്കരിക്കാറുണ്ട്. നീലേശ്വരം കടപ്പുറത്തിന് സമീപമുള്ള കാവാണ് വിഷ്ണുമൂർത്തിയുടെ പ്രധാന ആരാധനാ കേന്ദ്രം.

നാട്ടുപരദേവത എന്ന സ്ഥാനമുള്ള വിഷ്ണുമൂർത്തി ഉത്തരകേരളത്തിലെ മിക്കവാറും കാവുകളിൽ ഉപദൈവമായും കെട്ടിയാടാറുണ്ട്. വിഷ്ണു മൂർത്തിയെ ഒറ്റകോലം എന്ന് സംങ്കൽപ്പിച്ച് തീച്ചാമുണ്ടിയായും കളിയാട്ടം നടത്തുന്നു. ഒരാൾപൊക്കത്തിൽ തീക്കൂട്ടി അതിൽ തെയ്യം പല തവണ ചാടുന്നു. ഏറെ അപകട സാധ്യതയുള്ളതാണ് ഈ തീച്ചാട്ടം. മലയ വിഭാഗത്തിൽപെട്ടവരാണ് ഇത് കെട്ടിയാടുന്നത്.

രൗദ്രഭാവമുള്ള തെയ്യത്തെ സൗമ്യനായി നിൽക്കുന്ന രീതിയിലാണ് ടെർമിനൽ ചുവരിൽ രൂപപ്പെടുത്തിയിട്ടുള്ളത്. കാലടി സർവ്വകലാശാലാ വിദ്യാർത്ഥികളായ ദിൽജിത്ത്, വിഷ്ണു, സുജിത്ത്, ശ്രീനോജ് എന്നിവരും ശില്പ നിർമ്മാണത്തിൽ പങ്കാളികളായി. വിദ്യാർത്ഥികൾക്ക് പഠനശേഷം തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന സർവ്വകലാശാലയുടെ പദ്ധതി പ്രകാരമാണ് വിമാനത്താവളത്തിലെ തെയ്യം മുദ്രണം ചെയ്തത്.