- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവിധ പൊതു മേഖലാ ബാങ്കുകളിലായി 888 കോടിയുടെ കടബാധ്യത; തിരിച്ചടവ് മടുങ്ങി; ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം ഏതാണ്ട് മൂന്നര കോടിയോളം പ്രതിമാസ ചെലവും; കസ്റ്റംസുകാരുടെ ശമ്പള ചെലവ് ഉടൻ അടയ്ക്കാനും നിർദ്ദേശം; കോവിഡിൽ ആടിയുലഞ്ഞ് കണ്ണൂർ വിമാനത്താവളം; ബാലാരിഷ്ടതകളുടെ റൺവേയിൽ കിയാൽ
കണ്ണൂർ: കോവിഡ് രണ്ടാം വർഷത്തിലേക്ക് കടന്നതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പിടിച്ചു നിൽക്കാനായി പാടുപ്പെടുന്നു. അന്താരാഷ്ട്ര സർവീസുകൾ മുടങ്ങിയതോടെയാണ് രാജ്യത്തെ നവാഗത വിമാനാതാവളമായ കണ്ണൂരിന്റെ നട്ടെല്ലൊടിഞ്ഞത്.
വിവിധ പൊതു മേഖലാ ബാങ്കുകളിലായി 888 കോടി രൂപയുടെ കടബാധ്യതയാണ് കിയാലിനുള്ളത്. വിമാനത്താവളം തുടങ്ങിയതു മുതൽ കൃത്യമായി തിരിച്ചടവ് നടന്നിരുന്നുവെങ്കിലും പിന്നീട് വീഴുകയായിരുന്നു. കഴിഞ്ഞ വർഷം ലോക് ഡൗൺ തുടങ്ങിയതുമുതലാണ് ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുമേഖലാബാങ്കുകൾ മൊറോട്ടോറിയം അനുവദിച്ചിട്ടുണ്ടെങ്കിലും കണ്ണൂർ വിമാനത്താവളത്തെ സംബന്ധിച്ച് കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് സൂചന.
കൊവിഡിൽ രാജ്യത്തെ വ്യോമയാന മേഖലകൾ തകർന്നു തരിപ്പണമായതിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലും വളരെ കുറവ് യാത്രക്കാരുമായി ആഭ്യന്തര സർവീസ് മാത്രമേ നടത്തുന്നുള്ളൂ. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം കിയാലിന് ഏതാണ്ട് മൂന്നര കോടിയോളം രൂപ പ്രതിമാസ ചെലവുണ്ട്.
നേരത്തെ കസ്റ്റംസ്, എയർപോർട്ട് അഥോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കേന്ദ്രസർക്കാരിലേക്ക് മുൻകൂട്ടി നൽകിയിരുന്നുവെങ്കിലും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. ഭീമമായ ശമ്പളം പറ്റുന്ന കസ്റ്റംസ് വിഭാഗത്തിൽ മാത്രം 34 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി കേന്ദ്ര വ്യോമയാനമന്ത്രാലയത്തിലേക്ക് മുൻകൂട്ടി അടയ്ക്കണമെന്നാണ് നിർദ്ദേശം.
കുടിശ്ശിക തുക വേഗം അടയ്ക്കാമെന്ന് കസ്റ്റംസ് കമ്മിഷണറെ അറിയിച്ച കിയാൽ ശമ്പള ചെലവ് അടയ്ക്കുന്നതിൽ നിന്നും അഞ്ചു വർഷത്തേക്ക് ഒഴിവാക്കണമെന്ന നിവേദനവും നൽകിയിട്ടുണ്ട്. വടക്കേ മലബാറിന്റെ വികസനത്തിന് ഏറ്റവും നിർണായകമായി മാറുമെന്ന് കരുതിയ കണ്ണൂർ വിമാനത്താവളം കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് അതിന്റെ ഏറ്റവും കഠിനമായ പാതയിലൂടെ സഞ്ചരിക്കുകയാണ്.
ബാലാരിഷടതകളുടെ റൺവേയിൽ തന്നെയാണ് വിമാനത്താവളം ഇപ്പോഴും ചുറ്റിതിരിയുന്നത്. വിദേശ കയറ്റുമതി സാധ്യമാകുന്ന കാർഗോ കോംപളക്സടക്കം ഉടൻ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ അടച്ചുപൂട്ടലിന്റെ അനിവാര്യതയിലേക്കോ വിൽപനയിലേക്കോ കണ്ണൂർഅന്താരാഷ്ട്ര വിമാനത്താവളവും നീങ്ങിയേക്കാം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്