കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടനം ഉത്സവമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 9 ന് നടക്കുന്ന ഉത്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണത്തിനുള്ള യോഗം 11 നാം തീയ്യതി ഞായറാഴ്ച മട്ടന്നൂരിൽ നടക്കും. വൈകീട്ട് 4 ന് മട്ടന്നൂർ ടൗൺസ്‌ക്വയറിലാണ് യോഗം. മട്ടന്നൂർ മണ്ഡലം എംഎൽഎ കൂടിയായ മന്ത്രി ഇ.പി. ജയരാജനും ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കും.

ഒരു ലക്ഷം പേർക്ക് ഉത്ഘാടന ചടങ്ങ് വീക്ഷിക്കാനുള്ള സൗകര്യമൊരുക്കാനാണ് സംഘാടക സമിതി ഉദ്ദേശിക്കുന്നത്. അതിനായി വിമാനത്താവള എയർ ട്രാഫിക് കൺട്രോൾ ടവറിന് സമീപം വേദി ഒരുക്കും. പരിപാടി വീക്ഷിക്കാനുള്ള വലിയ പന്തലിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പൊലീസ് മേധാവികൾ സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് ഉത്ഘാടന വേദിയെക്കുറിച്ച് അന്തിമ തീരുമാനമായത്.

ഉത്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര -സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിന് കനത്ത സുരക്ഷാ സംവിധാനവും ഒരുക്കും. മന്ത്രിമാരടക്കമുള്ള വി.ഐ.പി. കളേയും ഉദ്യോഗസ്ഥരേയും സ്വീകരിക്കാൻ പ്രത്യേകം പ്രത്യേകം കമ്മിറ്റി രൂപവൽക്കരിക്കും. കേരളത്തിന്റെ പ്രത്യേകിച്ച് കണ്ണൂരിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന രീതിയിലായിരിക്കും ഉത്ഘാടന ചടങ്ങ്. തെയ്യവും ചെണ്ടമേളവും കളരി പയറ്റും കഥകളിലും ഒപ്പനയും വിവിധ നൃത്തരൂപങ്ങളും ഉത്ഘാടന പരിപാടിക്ക് മാറ്റ് കൂട്ടും. കേന്ദ്ര വ്യവസായ സുരക്ഷാ സേനക്കും കേരളാ പൊലീസിനുമാണ് സുരക്ഷാ ചുമതല.

ഉത്ഘാടന ദിവസം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യം പറന്നുയരുന്നത് അബുദാബിയിലേക്കുള്ള എയർ ഇന്ത്യാ എക്സപ്രസ്സ് വിമാനമാണ്. ഡിസംബർ 9 ന് രാവിലെ 11 ന് ടെയ്ക്ക് ഓഫ് ചെയ്യുന്ന വിധത്തിലാണ് സർവ്വീസ് ആരംഭിക്കുക. ഈ വിമാനം യു.എ.ഇ. സമയം ഉച്ചക്ക് 1.30 ന് അബുദാബിയിലെത്തും. തിരിച്ച് അന്നു തന്നെ 2.30 ന് (യു.എ. ഇ. സമയം ) പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 8 ന് കണ്ണൂരിലെത്തും. രാജ്യാന്തര യാത്രകൾക്ക് ബോയിങ് 737 വിമാനങ്ങളാണ് ഉപയോഗിക്കുക എന്നാണ് എയർ ഇന്ത്യാ എക്സപ്രസ്സ് അധികൃതർ പറയുന്നത്.

രാജ്യത്തെ മുൻനിര എയർപോർട്ട് ടെർമിനൽ കെട്ടിടങ്ങളിലെ സൗകര്യങ്ങളെല്ലാം കണ്ണൂർ വിമാനത്താവളത്തിൽ ഒരുങ്ങിക്കഴിഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, മംബൈ ഛത്രതി ശിവാജി വിമാനത്താവളം, ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളം എന്നിവയുടെ ടെർമിനലുകൾക്കൊപ്പം നിൽക്കാവുന്ന വിധത്തിലാണ് കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പൂർത്തിയായത്. 97,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണ് ടെർമിനൽ കെട്ടിടത്തിനുള്ളത്. ഒരു മേൽക്കൂരക്ക് കീഴിൽ ആഭ്യന്തര-അന്തർ ദേശീയ യാത്രക്കാർക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്ര പോകുന്നവർക്കും തിരിച്ച് വരുന്നവർക്കും ഒന്നും രണ്ടും നിലകളിലായാണ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.