കണ്ണൂർ: കേരളത്തിലെ ബിജെപി.യുടെ ആദ്യത്തെ ഹൈടെക് ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരിൽ സജ്ജമായി. 17,700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസിന് നാല് നിലകളുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ ഏറ്റവും മികച്ചത് ബിജെപി. ക്ക് സ്വന്തം. കണ്ണൂരിലെ ബിജെപി. പ്രവർത്തകരുടെ ആഗ്രഹമാണ് ഏറെക്കാലത്തിന് ശേഷം സഫലീകരിക്കപ്പെട്ടത്. 90 ഓളം ബലിദാനികളുടെ ഓർമ്മക്കായി ഈ മന്ദിരം സമർപ്പിക്കപ്പെടുന്നു. ബിജെപി.യുടെ മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കെ.ജി. മാരാരുടെ സ്മരണ നിലനിർത്താൻ മാരാർജി ഭവൻ എന്ന് ഈ സമുച്ചയത്തിന് നാമകരണം ചെയ്യും.

ഈ മാസം 27 ന് ബിജെപി. ദേശീയ പ്രസിഡണ്ട് അമിത്ഷാ മാരാർജി ഭവൻ ഉത്ഘാടനം ചെയ്യും. ഉത്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനുള്ള വാർ റൂം അടക്കം അത്യന്താധുനിക സജ്ജീകരണങ്ങളാണ് ഈ ഓഫീസിലെ നാല് നിലകളിലായി ഒരുക്കിയിട്ടുള്ളത്.

കണ്ണൂർ താളിക്കാവിലാണ് പുതിയ ബഹുനില മന്ദിരം നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ ഓഫീസാണിത്. തെരഞ്ഞെടുപ്പ് വാർ റൂം, വീഡിയോ കോൺഫറൻസിങ് സംവിധാനം, മിനി കോൺഫറൻസ് ഹാൾ, പോഷക സംഘടനാ ജില്ലാ അധ്യക്ഷന്മാർക്കുള്ള ഓഫീസുകൾ, അതി വിശാലമായ ലൈബ്രറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള ഓഫീസാണിത്.താഴത്തെ നിലയിൽ

ലൈബ്രറിയും ജില്ലാ ഭാരവാഹികളുടെ ഓഫീസും ഒന്നാം നിലയിൽ മിനി കോൺഫറൻസ് ഹാൾ, രണ്ടാം നിലയിൽ തെരഞ്ഞെടുപ്പു വാർറൂം. ഇവിടെ മൂന്നു മുറികളിലാണ് കമ്പ്യൂട്ടറുകളും കമ്പ്യൂട്ടർ വിദഗ്ധരും സജ്ജമാവുക. വീഡിയോ കോൺഫറൻസിംഗിനും രാജ്യത്തെ ഏത് കോണിലും നടക്കുന്ന സംഭവങ്ങൾ അപ്പപ്പോൾ തന്നെ വിലയിരുത്താനും ഉന്നത നേതാക്കളുമായി ആശയ വിനിമയം നടത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്. മൂന്നാമത്തെ നിലയിലാണ് കോൺഫറൻസ് ഹാളും സ്റ്റേജും ഒരുക്കിയിരിക്കുന്നത്. ഇവിടെ 250 പേർക്കിരിക്കാവുന്ന സൗകര്യമുണ്ട്. പാർട്ടിയുടെ സംഘടനാപരമായ പ്രധാന പരിപാടികൾ ഇവിടെ വച്ചാകും നടക്കുക.

9 സെന്റ് സ്ഥലത്ത് രണ്ടര കോടി രൂപ ചെലവിലാണ് മാരാർജി മന്ദിരം പൂർത്തിയാവുന്നത്. 10,700 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണം. ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത്താണ് നിർമ്മാണ കമ്മിറ്റി കൺവീനർ. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ആർ എസ് എസിലൂടെ ജനസംഘത്തിലും ജനതാപാർട്ടി യിലും ഭാരതീയജനതാപാർട്ടിയിലേക്കു ഉയർന്ന മാരാർ മരണം വരെ കുടുംബമോ സ്വന്തമായിവീടോ മറ്റ് സമ്പാദ്യങ്ങളോ ഉണ്ടാക്കിയിരുന്നില്ല.താൻ വിശ്വസിക്കുന്ന പാർട്ടിയെ ശക്തിപെടുത്താൻ കേരളത്തിലങ്ങിങ്ങോളമോടി നടന്ന ആത്മാർത്ഥതയുടെ അർത്ഥമാണ് മാരാർ. മഞ്ചേശ്വരത്തും പെരിങ്ങളത്തും ചുരുക്കം വോട്ടിൽ പരാജയപ്പെട്ടെങ്കിലും വിജയിക്ക് സമാനമായ ആദരവ് ഏറ്റുവാങ്ങിയത് കേരളത്തിലെ മാരാർ ചരിത്രമാണ്. അടിയന്തിരാവസ്ഥ കാലയളവിൽ വർഷങ്ങളോളം ജയിൽവാസമനുഷ്ടിച്ചിട്ടുണ്ട്.പറശ്ശിനിക്കടവ് സ്‌കൂളിൽ അദ്ധ്യാപകനായിരിക്കെ രാജിവെച്ച് മുഴുവൻ സമയവും പാർട്ടി പ്രവർത്തകനായി.1934ലിലാണ് ജനിച്ചത്. 1995 ലായിരിന്നു മരണം. നാറാത്ത് ഓണപ്പറമ്പിലായിരിന്നു താമസം.