കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെടാൻ ഇടയാക്കിയ ആക്രമണം ഉണ്ടായത് വിവാഹതലേന്ന് ഗാനമേളയിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ഹേമന്ത്, അരവിന്ദ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോംബേറിൽ തല ചിതറി പോയ വിഷ്ണു തൽക്ഷണം മരിച്ചു.

മൃതദേഹം സംഭവ സ്ഥലത്തു നിന്നും മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കയാണ്. തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീത പരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു.

ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലിസ് അറിയിച്ചു. കണ്ണൂർ സിറ്റി അസി. പൊലീസ് സുപ്രണ്ട് പി.പി സദാനന്ദന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സ്ഥലത്ത് വൻ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

ഉഗ്രശേഷിയുടെ ബോംബാണ് പൊട്ടിയത്. വധു വരന്മാർ ഉൾപ്പെടെ അൻപതോളം വരുന്ന സംഘത്തിന് നേരെയാണ് ബോംബേറുണ്ടായത് ഇവർ ചിതറിയോടുകയായിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. ആരാണ് ബോംബ് എറിഞ്ഞതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

ശനിയാഴ്ച രാത്രിയുണ്ടായ തർക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.