കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി ബോംബ് നിർമ്മിക്കപ്പെടുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടക്കുന്നതും ബോംബ് നിർമ്മിക്കപ്പെടുന്നതും ഇവിടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിൽ നടക്കുന്ന ബോംബു നിർമ്മാണങ്ങളിൽ പാർട്ടിക്കുള്ള പങ്ക് പകൽപോലെ വ്യക്തമാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. ബോംബ് നിർമ്മാണവും ആയുധ ശേഖരണവും നടത്തുന്നവരെയും ഇതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തുന്നതിനോ, നിയമ നടപടികൾ സ്വീകരിക്കുന്നതിനോ പൊലീസ് തയ്യാറാകുന്നില്ലെന്നതാണ് പ്രശ്‌നം. അന്വേഷണം സിപിഎമ്മിലേക്കു നീങ്ങുമ്പോൾ പിന്മാറാൻ പൊലീസ് നിർബന്ധിതരാകുകയാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്‌ച്ച തലശ്ശേരിക്കടുത്ത് പൊന്ന്യത്തുണ്ടായ ബോംബു നിർമ്മാണ വേളയിലെ സ്ഫോടനം ചൂണ്ടിക്കാട്ടിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിമർശനം. പൊന്ന്യത്ത് അന്നുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്പറ്റി രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. ഈ സംഭവത്തിൽ നാല്പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചതായി പത്രങ്ങളിൽ വായിച്ചു. ഇവർ നാല്പേരും മുൻപ് നിരവധി വധശ്രമ കേസ്സുകളിലും അക്രമങ്ങളിലും പ്രതികളായ സിപിഎം. പ്രവർത്തകരാണ്. കൈപ്പത്തി നഷ്ടപ്പെട്ടത് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയാക്കപ്പെടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത വ്യക്തിയുടേതാണ്.

ഇരിക്കൂറിലെ മലയോര പ്രദേശമായ കുടിയാന്മലയിൽ സിപിഎം നേതാവിന്റെ വീട്ടിൽ വച്ച് ബോംബ് നിർമ്മിക്കുമ്പോൾ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും പലർക്കും പരിക്കേല്ക്കുകയും ചെയ്തു. അന്ന് പാർട്ടിക്ക് ഇതിൽ ബന്ധമില്ലെന്ന് സിപിഎം. പറഞ്ഞു. എന്നാൽ പിന്നീട് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രീകണ്ഠാപുരത്ത് എത്തി മരണപ്പെട്ടവർക്ക് കുടുംബ സഹായ ഫണ്ടും പരിക്കേറ്റവർക്ക് ചികിത്സാ സഹായ ഫണ്ടും നൽകിയപ്പോൾ പറഞ്ഞത് ഇവർ പാർട്ടിക്കു വേണ്ടിയാണ് രക്തസാക്ഷികളായത് എന്നാണ്.

തലശ്ശേരി ധർമ്മടത്ത് ബോംബ് നിർമ്മിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയിൽ സിപിഎം പ്രവർത്തകർക്ക് അതീവ ഗുരുതരമായ പരിക്കേറ്റു. മട്ടന്നൂർ കോളാരിയിലെ സിപിഎം. ഓഫീസിന് സമീപത്ത് ബോംബ് നിർമ്മാണം നടത്തവെ സ്ഫോടനത്തിൽ ഒരു സിപിഎമ്മുകാരൻ മരണമടഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് വേളയിൽ പാനൂർ ചെറ്റക്കണ്ടിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് സിപിഎമ്മുകാർ മരിച്ചത് കശുമാവ് തോട്ടത്തിൽ പ്രത്യേകം ഉണ്ടാക്കിയ ഷെഡ്ഡിൽ ബോംബ് നിർമ്മിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു. പാനൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകനായ പവിത്രൻ മാസ്റ്റർ എന്ന സിപിഎം നേതാവ് സ്റ്റാഫ് മുറിയിൽ മേശപ്പുറത്ത് വച്ചിരുന്ന അദ്ദേഹത്തിന്റെ ബാഗ് അബദ്ധത്തിൽ താഴെ വീണപ്പോൾ അതിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത് വലിയ വാർത്ത ആയെന്ന കാര്യവും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

അതേസമയം പൊന്ന്യം ചൂളയിലെ സിപിഎം കേന്ദ്രത്തിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുള്ളതായി വാർത്തകൾ പുറത്തുവന്നിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട അഴിയൂർ സ്വദേശി റമീഷ്, അഴിയൂർ കെഒ ഹൗസിൽ ധീരജ്, ചുണ്ടങ്ങാപൊയിൽ സ്വദേശി കെ.വി. സജിലേഷ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രയിൽ ചികിത്സയിലുള്ളത്. ബോംബ് നിർമ്മാണത്തിന് സഹായം ചെയ്തുകൊടുത്ത പൊന്ന്യത്തെ സിപിഎം പ്രവർത്തകൻ അശ്വന്തിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.ഒ.ടി. നസീർ വധശ്രമക്കേസിലെ പ്രതിയാണ് അശ്വന്ത്.

സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ സഹായം ലഭിക്കാതെ ഇത്തരത്തിൽ പുറത്ത് നിന്നുള്ളവർക്ക് സ്ഥിരമായി ഇവിടെയെത്തി ബോംബ് നിർമ്മാണം നടത്തി വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാവില്ല. അതുകൊണ്ട്തന്നെ പാർട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിർമ്മാണം നടന്നതെന്ന് വ്യക്തമാണ്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അന്വേഷണം സിപിഎം നേതൃത്വത്തിലേക്ക് എത്താതിരിക്കാൻ പാർട്ടിയുടെ പ്രമുഖനായ ഒരു എംഎൽഎ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരം ആശുപത്രി അധികൃതരും പൊലീസും രഹസ്യമായി വെക്കുന്നതിലും ദുരൂഹതയുണ്ട്. സംഭവം നടന്ന് പരിക്കേറ്റവരെ സ്ഥലത്ത് നിന്ന് മാറ്റി തെളിവ് നശിപ്പിച്ചതിന് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. സിപിഎം ശക്തി കേന്ദ്രങ്ങളിൽ നേരത്തെയും സ്ഫോടനം നടന്ന സമയങ്ങളിൽ ഇത്തരം നിലപാട് തന്നെയാണ് നേതൃത്വം സ്വീകരിച്ചത്. പൊലീസിലെ ഒരു വിഭാഗം ഇത്തരം നീക്കങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. അന്വേഷണം നേതൃതലത്തിലെത്താതിരിക്കാൻ അന്വേഷണ സംഘത്തെയുൾപ്പടെ ഭീഷണിപ്പെടുത്തുകയാണ് സിപിഎം ശൈലി.