- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരിക്കൂരിൽ സോണി സെബാസ്റ്റിന് നൽകിയത് ഡിസിസി വാഗ്ദാനം; സീറ്റ് നിഷേധിച്ച് ഒതുക്കിയവരുടെ മുറിവിൽ കുത്തി വീണ്ടും ചോരയൊലിപ്പിച്ചു: എ ഗ്രൂപ്പുകാരെ അവഗണിച്ച് സുധാകരവിഭാഗം: വ്രണിത ഹൃദയരെ ചാക്കിലാക്കാൻ പിസി ചാക്കോയും; കണ്ണൂരിലെ കോൺഗ്രസ് തളരുമോ?
കണ്ണൂർ: കോൺഗ്രസ് പുനഃസംഘടനയിലും കണ്ണുരിൽ എ ഗ്രൂപ്പിന് കനത്ത തിരിച്ചടി. ഇരിക്കൂർ നിയമസഭാ മണ്ഡലം എ ഗ്രൂപ്പിൽ നിന്നും കെ.സി വേണുഗോപാൽ വിഭാഗം പിടിച്ചെടുത്തപ്പോൾ പാർട്ടി പുനഃസംഘടനയിൽ എ ഗ്രൂപ്പ് നേതാക്കൾക്ക് മതിയായ പ്രാധാന്യം നൽകുമെന്ന് പറഞ്ഞിരുന്നു.
ഡി.സി.സി അധ്യക്ഷ പദവിയടക്കമാണ് അന്ന് ഉമ്മൻ ചാണ്ടി, കെ.സി ജോസഫ് എന്നീ നേതാക്കൾ പങ്കെടുത്ത ഒത്തുതീർപ്പ് ചർച്ചയിൽ വാഗ്ദ്ധാനം ചെയ്തത്. അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,കെ സുധാകരൻ എംപി എന്നിവരുമായി ഇതുസംബന്ധിച്ച് കൂടിയാലോചനകളും നടന്നിരുന്നു. ഇരിക്കൂറിൽ സീറ്റു നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യനെ ഡി.സി.സി പ്രസിഡന്റാക്കുമെന്നായിരുന്നു വാഗ്ദ്ധാനം.
കാര്യത്തോടടുത്തപ്പോൾ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാലം വലിച്ചതായാണ് എ ഗ്രുപ്പുകാരുടെ പരാതി. ഇ തോടെ കണ്ണൂർ ജില്ലയിൽ ഒരു കാലത്ത് രണ്ട് എംഎൽഎമാരും ഡി.സി.സി അധ്യക്ഷ സ്ഥാനവും കൈയാളിയിരുന്ന എ ഗ്രൂപ്പ് വട്ടപുജ്യമായിരിക്കുകയാണ്. എ ഗ്രൂപ്പ് നേതാവായ കെ.സി ജോസഫ് അഞ്ച് ടേമിലേറെ മത്സരിച്ചു വിജയിച്ച ഇരിക്കൂർ മണ്ഡലത്തിൽ കെ.സിയുടെ വിശ്വസ്തനും കെപിസിസി ജനറൽ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യന് സീറ്റു നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഡൽഹിയിൽ നടത്തിയ ചരടുവലികൾ കാരണം അതുവരെ ചിത്രത്തിലില്ലാതിരുന്ന സജീവ് ജോസഫിന് മത്സരിക്കാൻ സീറ്റു നൽകുകയായിരുന്നു.ഇതിനെ തുടർന്ന് എ ഗ്രുപ്പുകാരുടെ അണ പൊട്ടിയ പ്രതിഷേധമാണ് ശക്തികേന്ദ്രങ്ങളായ ശ്രീകണ്ഠാപുരം, ആലക്കോട് പ്രദേശങ്ങളിൽ അരങ്ങേറിയത്. കെസി വേണുഗോപാലിന് എതിരെയായിരുന്നു പ്രതിഷേധങ്ങൾ. ശ്രീകണ്ഠാപുരത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിന് ഇരട്ട പൂട്ടിട്ട് പ്രവർത്തകരും നേതാക്കളും രാപ്പകൽ ധർണാ സമരം നടത്തിയിരുന്നു.
എന്നാൽ സജീവ് ജോസഫ് ഇരിക്കൂർ മണ്ഡലത്തിൽ നിന്നും പതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ച് എംഎൽഎയാവുകയുമായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തുണ്ടായ അവഗണ എ ഗ്രൂപ്പിനെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചത്.കെ.സി ജോസഫ് കോട്ടയത്തേക്ക് തട്ടകം മാറ്റിയതോടെ നയിക്കാനാളില്ലാത്ത സൈന്യമായി കണ്ണൂരിലെ എ ഗ്രൂപ്പ് മാറി. ഒരു കാലത്ത് പ്രഗത്ഭരായ കെ.പി നൂറുദ്ദീനും പി.രാമകൃഷ്ണനുമൊക്കെ നയിച്ച എ ഗ്രൂപ്പ് അതിന്റെ ഏറ്റവും കണ്ടകശനി ദിശയിലുടെയാണ് ഇപ്പോൾ കടന്നു പോകുന്നത്.
എ ഗ്രൂപ്പിന്റെ ശക്തി ക്ഷയത്തോടെ പാർട്ടിയിൽ പിടിമുറുക്കിയ കെ.സി വേണുഗോപാൽ ഗ്രൂപ്പ് നേതാക്കളെയും പ്രവർത്തകരെയും നോട്ടമിട്ടതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായി. യു.ഡി.എഫ് ചെയർമാനും ഇരിക്കുറിലെ എ ഗ്രൂപ്പ് നേതാവുമായിരുന്ന പി.ടി മാത്യു ഇപ്പോൾ കെ.സി വിഭാഗത്തോടൊപ്പമാണ്. തലശേരിയിലും പയ്യന്നൂരും നിരവധി നേതാക്കൾ വേണുഗോപാലിന്റെ വിഗ്രൂപ്പിലേക്ക് കളം മാറി കഴിഞ്ഞു. അവശേഷിച്ച ചില നേതാക്കൾ എൻ.സി.പി യിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.
കടുത്ത സുധാകരവിരുദ്ധനായ കെപിസിസി ജനറൽ സെക്രട്ടറി എംപി മുരളി കഴിഞ്ഞ മാസമാണ് പി.സി ചാക്കോയുടെ ക്ഷണപ്രകാരം എൻ.സി.പിയിലേക്ക് ചേക്കേറിയത്. പാർട്ടിയിൽ അതൃപ്തരായ കണ്ണുരിലെ ചില എ ഗ്രൂപ്പ് നേതാക്കളെയും കൂടി ചാക്കോ നോട്ടമിട്ടിട്ടുണ്ട്. നേരത്തെ നടത്തിയ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായ ഉറപ്പു പ്രകാരം ഇരിക്കൂറിൽ സീറ്റു നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യന് ഡി.സിസി അധ്യക്ഷ പദവി നൽകാമെന്ന് പറഞ്ഞ് ഏറ്റവും ഒടുവിൽ കാലുമാറുകയാണ് കെപിസിസി അധ്യക്ഷൻ സുധാകരൻ ചെയ്തതെന്ന് എ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു
മാർട്ടിൻ ജോർജിനെ ജില്ലാ കോൺഗ്രസ് അധ്യക്ഷനാക്കുന്നത് സുധാകരന്റെ ഗ്രൂപ്പ് താൽപ്പര്യം കൊണ്ടു മാത്രമാണ്. പാർട്ടി താൽപ്പര്യത്തിന് അപ്പുറത്തുള്ള ഗ്രുപ്പ് താൽപര്യമാണ് സുധാകരനുള്ളതെന്നും തങ്ങളെ നിരന്തരം ഒതുക്കുകയാണെന്നുമാണ് എ ഗ്രൂപ്പുകാരുടെ പരാതി. ഇപ്പോൾ തന്നെ നല്ലൊരു വിഭാഗം എ ഗ്രൂപ്പുകാർ പാർട്ടിയിൽ നിർജ് ജീവമാണ് രണ്ടാം നിരയിലെ ചില നേതാക്കൾ മാത്രമേ പ്രവർത്തന രംഗത്ത് സജീവമായിട്ടുള്ളു.
ഈ സാഹചര്യത്തിൽ പുതിയ ലാവണങ്ങൾ തേടി കണ്ണുരിലെ വ്രണിത ഹൃദയരായ എ ഗ്രൂപ്പ് നേതാക്കൾ പ്രയാണമാരംഭിച്ചാൽ അത്ഭുതപ്പെടാനില്ലെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നും ലഭിക്കുന്ന സൂചന. ചാക്കോയിലൂടെ ഇവരെ പിടിക്കാനാണ് ഇടതു പക്ഷവും ശ്രമിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്