കണ്ണൂർ: സി.പി. എം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ നേതൃത്വത്തെ കാത്തുനിൽക്കുന്നത് ചൂടേറിയ വിവാദങ്ങൾ. കോവിഡ് ബാധിതനായ പി ജയരാജൻ യോഗത്തിൽ സജീവമാകില്ല. ഇത് ഔദ്യോഗിക പക്ഷത്തിന് ആശ്വാസമാണ്. കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ പിടിമുറുക്കാനായിരുന്നു പിജെയുടെ ആലോചന. ഇത് കോവിഡ് കാരണം നടക്കാതെ പോകും. ആശുപത്രിയിൽ ചികിൽസയിലാണ് ജയരാജൻ ഇപ്പോൾ. ആശുപത്രി മോചിതനായാലും പുറത്ത് സജീവമാകാൻ ഏറെ ദിവസങ്ങൾ വേണ്ടി വരും. കണ്ണൂരിൽ പിടിമുറുക്കാൻ ഇപി ജയരാജനും ബ്രാഞ്ച് സമ്മേളനം മുതൽ ഇടപെടൽ നടത്തും.

ഏതായാലും കണ്ണൂരിലെ ബ്രാഞ്ച് -ലോക്കൽ തലങ്ങളിൽ പി.ജയരാജൻ വിഷയം ശക്തമായ ചർച്ചയാകുമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജനെ വ്യക്തപൂജയുടെ പേരിൽ ഒതുക്കിയെന്ന വിമർശനം സി.പി. എമ്മിനുള്ളിൽ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഈ വിഷയം താഴെ തട്ടിൽ നിന്നും ചർച്ചയായി വരുമെന്ന ആശങ്ക നേതൃത്വത്തിൽ ശക്തമാണ്. എന്നാൽ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മേൽകമ്മിറ്റി സഖാക്കൾ ഇതു ഒരു കാരണവശാലും സംഘടനാറിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ അവതരിപ്പിക്കേണ്ടതില്ലെന്നും അണികളിൽ നിന്നും ചോദ്യമുണ്ടായാൽ വലതുപക്ഷ മാധ്യമങ്ങളുടെ വ്യാജപ്രചാരണമാണെന്ന് പറഞ്ഞൊഴിയാനുമാണ് നിർദ്ദേശം.

തലശേരി, കൂത്തുപറമ്പ് ഏരിയാകമ്മിറ്റികൾ കഴിഞ്ഞാൽ പി.ജയരാജന് ഏറെ അണികളുടെ പിൻതുണയുള്ള സ്ഥലങ്ങളിലൊന്ന് കണ്ണൂർ കോർപറേഷൻ പരിധിയിലെ കണ്ണൂർ ഏരിയാകമ്മിറ്റിയാണ്. ജില്ലയിലെ 3838ബ്രാഞ്ച് കമ്മിറ്റികളുള്ളതിൽ ഇരുന്നൂറിലേറെ സമ്മേളനങ്ങളാണ് ഇന്നു നടക്കുന്നത്.ലോക്കൽ മുതൽ ജില്ലാ, സംസ്ഥാന നേതാക്കൾ വരെ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കക്കാട് ബ്രാഞ്ച് സമ്മേളനം സി.പി. എം കണ്ണൂർ ജി്ല്ലാസെക്രട്ടറി എം.വി ജയരാജനാണ് ഉദ്ഘാടനം ചെയ്യുന്നത്. പി.ജയരാജൻ വിഷയം കൂടാതെ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി വിഷയങ്ങളും നവമാധ്യമങ്ങളിലെ ഇടപെടലുകളും പാർട്ടി ബ്രാഞ്ചു സമ്മേളനങ്ങളിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതികളെ നേരത്തെ പാർട്ടിയിൽ നിന്നും ഒഴിവാക്കിയതാണെന്ന ന്യായീകരണം നേരത്തെ പാർട്ടി നേതൃത്വം വ്യക്തമാക്കിയതിനാൽ ഈ വിഷയത്തിൽ അത്രയേറെ പ്രതിസന്ധി പ്രതീക്ഷിക്കപ്പെടുന്നില്ല. നവമാധ്യമങ്ങളിൽ പാർട്ടി സഖാക്കൾ എങ്ങനെ ഇടപെടണമെന്ന കരട് ഇക്കുറി സംഘടനാ റിപ്പോർട്ടിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടും. ബിനീഷ്‌കോടിയേരിയുടെ കള്ളപ്പണ ഇടപാടും ജയിൽ വാസവും, ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യ, കീഴാറ്റൂരിലെ വയൽക്കിളി സമരം, ജലപാത, കെ. റെയിൽ പദ്ധതി തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ബ്രാഞ്ചു സമ്മേളനങ്ങളിൽ ചർച്ചയായിട്ടുവരുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കപ്പെടുന്നത്.

തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദനു വോട്ടുകുറഞ്ഞതും പാർട്ടി അച്ചടക്കനടപടിയും ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയായിമാറിയേക്കും. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന സാഹചര്യത്തിൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ജില്ലാസമ്മേളനം വരെ സമയബന്ധിതമായി നടത്തി തീർക്കേണ്ടതുണ്ട്. സാധാരണയായി മൂന്ന് വർഷത്തിലൊരിക്കൽ നടത്തുന്ന പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ഇക്കുറി ഒരു വർഷം വൈകിയാണ് നടക്കുന്നത്. കോവിഡ് പ്രതിസന്ധികാരണം നടക്കുന്ന സമ്മേളനങ്ങളായതിനാൽ പരമാവധി നിയന്ത്രങ്ങൾ പാലിച്ചു കൊണ്ടാണ് നടക്കുന്നത്.

40 വയസസിനു താഴെയുള്ളവരെ പാർട്ടി അംഗത്വത്തിലേക്കു കൊണ്ടുവരിക, വനിതകൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകുക,മറ്റുപാർട്ടികളിൽ നിന്നും വരുന്നവരെ പാർട്ടിയിൽ ഉചിതമായ സ്ഥാനം നൽകി സ്വീകരിക്കുക തുടങ്ങിയവയ്ക്കാണ് ഇക്കുറി പാർട്ടി സമ്മേളനങ്ങൾ മുൻതൂക്കം നൽകുന്നത്.