- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടിയേരിയെ 'ഡൽഹി നേതൃത്വം' എൽപ്പിക്കാൻ പിണറായി; ഇംഗ്ലീഷിലെ കണ്ണൂർ നേതാവിന്റെ സ്വാധീനക്കുറവ് ബേബിക്ക് തുണയാകാനും സാധ്യത; മുഹമ്മദ് റിയാസ് അടക്കം കേന്ദ്ര കമ്മറ്റിയിലേക്ക് കൂടുതൽ മലയാളികളും എത്തും; യെച്ചൂരി നേരിടേണ്ടി വരിക സ്ഥാനം നിലനിർത്താനുള്ള പോരാട്ടം; കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ എന്തു സംഭവിക്കും?
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസോടെ അടിമുടി മാറ്റത്തിന് സി.പി. എം. അഖിലേന്ത്യാതലത്തിൽവരെ പാർട്ടിയിൽ നിർണായക ശക്തിയായി മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളാഘടകം ചുക്കാൻ പിടിക്കുന്നു. ഇതോടെ സംസ്ഥാന തലത്തിൽ മാത്രമല്ല അഖിലേന്ത്യാതലത്തിലും പിണറായി പ്രഭാവത്തിൽ പാർട്ടിയമരും. രണ്ടു ടേം പൂർത്തിയാക്കിയ പാർട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്യൂരിക്ക് പകരം പുതിയ സെക്രട്ടറിയെ കണ്ടെത്താനാണ് നീക്കം.
പി.ബിയിലെ തലമുതിർന്ന അംഗമായ എസ്. രാമചന്ദ്രൻപിള്ള ഇക്കുറി പി.ബിയിൽ നിന്നും ഒഴിവാകുമെന്നുറപ്പായിരിക്കേ കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങളായ എം. എ ബേബിയെയോ കോടിയേരി ബാലകൃഷ്ണനെയോ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കണമെന്ന ആവശ്യമാണ് പിണറായിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉന്നയിക്കുന്നത്. ഇന്ത്യയിൽ ഏക സംസ്ഥാന ഭരണമുള്ള കേരളത്തിലെ പാർട്ടിയുടെ ആവശ്യം അത്രപെട്ടെന്നു പി.ബിയിലെ മറ്റു നേതാക്കൾക്കു തള്ളി കളയാനാവില്ല.
ബംഗാളിലും ത്രിപുരയിലും സി.പി. എം തങ്ങളുടെ അസ്ഥിത്വം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടു തന്നെ പാർട്ടിയിൽ വളരെ ദുർബലമാണ് ഇരുസംസ്ഥാനങ്ങളിലെയും നേതാക്കളുടെ സ്ഥിതി. ഈ സാഹചര്യത്തിൽ പാർട്ടിയിൽ കൂടുതൽ പിടിമുറുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശ്രമിക്കുന്നത്്. എന്നാൽ പിണറായി വിഭാഗത്തിലും പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാരാകണമെന്ന കാര്യത്തിൽ തർക്കമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
പിണറായി പക്ഷക്കാരനാണെങ്കിലും എം. എ ബേബിയോട് അത്ര താൽപര്യം പിണറായിയോ അദ്ദേഹത്തെ അനുകൂലിക്കുന്ന കേരള ഘടകം നേതാക്കളോ കാണിക്കുന്നില്ല. മറ്റൊരു പി.ബി അംഗമായ കോടിയേരി ബാലകൃഷ്ണൻ നേതൃസ്ഥാനത്തേക്കു വരണമെന്ന ആവശ്യമാണ് കേരളത്തിൽ നിന്നും ശക്തമായി ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എ.വിജയരാഘവൻ തുടരുമെന്നു ഉറപ്പായ സാഹചര്യത്തിൽ കോടിയേരിയെ തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കണമെന്ന ആവശ്യം കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും നിർണായക സ്വാധീനമുള്ളപിണറായി വിഭാഗം നേതാക്കൾ ഉയർത്തിയേക്കും.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കെതിരെ കടുത്ത വിമർശനം വിവിധ കോണുകളിൽ നിന്നുമുയരാൻ തുടങ്ങിയ സാഹചര്യത്തിൽ അഖിലേന്ത്യാ നേതൃത്വത്തിൽ നിന്നും ചുവപ്പുകൊടി ഉയരാതിരിക്കാൻ തങ്ങളുടെ സ്വന്തം പക്ഷക്കാരനായ കോടിയേരി അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തു വരുന്നത് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും നിലപാട്. എന്നാൽ ദേശീയ തലത്തിൽ ഇതിനു ബദലായി വൃന്ദാകാരാട്ടിന്റെ പേരും അതിശക്തമായി ഉയരുന്നുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും പിന്നീട് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ ശക്തമായി നയിക്കാൻ ദേശീയ തലത്തിൽ വൃന്ദയുടെ നേതൃത്വത്തിന് കഴിയുമെന്ന വാദവുംശക്തമാണ്. എന്നാൽ വൃന്ദ നേതൃത്വത്തിലേക്ക് വരുന്നത് പിണറായി വിഭാഗം നേതാക്കൾക്കു താൽപര്യമില്ല. കേരളത്തിൽ കെ.കെ ശൈലജയ്ക്കു മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട സംഭവത്തിൽ വൃന്ദ നടത്തിയ ചില പരാമർശങ്ങൾ മുഖ്യമന്ത്രിപിണറായിവിജയനിൽ നീരസമുണ്ടാക്കിയിരുന്നു.
എന്നാൽ ഒത്തുതീർപ്പുസ്ഥാനാർത്ഥിയായി പ്രകാശ് കാരാട്ടു വരികയാണെങ്കിൽ എതിർക്കേണ്ടതില്ലെന്ന തീരുമാനവും കേരളാഘടകത്തിനുണ്ട്. കോടിയേരി അഖിലേന്ത്യാസെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനെതിരെ നിശബ്ദപ്രചാരണം ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു വിഭാഗം നേതാക്കൾ നടത്തുന്നുണ്ട്.കോടിയേരിയുടെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി ഇപ്പോഴും അഗ്രഹാര ജയിലിൽ കള്ളപ്പണ ഇടപാടു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത് ദേശീയ തലത്തിൽ തന്നെ സി.പി. എമ്മിനെ അടിക്കാൻ ബിജെപിയും കോൺഗ്രസും വടിയാക്കി മാറ്റുമോയെന്ന ആശങ്ക ശക്തമാണ്.
എന്നാൽ മക്കൾ ചെയ്യുന്ന കുത്സിത പ്രവൃത്തികൾക്ക് നേതാക്കൾ ഉത്തരവാദികളല്ലെന്ന നിലപാട് സി.പി. എം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു എത്രകണ്ടു ദേശീയ തലത്തിൽ വിലപ്പോവുമെന്ന കാര്യത്തിൽ സന്ദേഹങ്ങളുണ്ട്. ഇതുകൂടാതെ ദേശീയ നേതൃതലത്തിൽ പ്രവർത്തിക്കുന്നതിനുള്ള ഹിന്ദി, ഇംഗ്ലീഷ് ഭാഷ കൈക്കാര്യം ചെയ്യുന്നതിലെ ഒഴുക്കില്ലായ്മയും കോടിയേരിക്കു തിരിച്ചടിയായി മാറിയേക്കും. എന്നാൽ സി.പി. എമ്മിന്റെത് ജനറൽ സെക്രട്ടറിയെ കേന്ദ്രീകരിച്ചു മാത്രമുള്ള പ്രവർത്തനമല്ലെന്നും കൂട്ടായ നേതൃത്വമാണ് പാർട്ടിയെ നയിക്കുന്നതെന്നുമാണ് ഇതു സംബന്ധിച്ചു ചോദിച്ചപ്പോൾ ഒരു ഉന്നത നേതാവ് പ്രതികരിച്ചത്.
ഇതു മുൻപിലും മലബാറിൽ നിന്നുള്ള നേതാക്കൾ പാർട്ടിയെ ഭംഗിയായി ദേശീയ തലത്തിൽ നയിച്ചിട്ടുണ്ടെന്നും ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ വാദം സാധൂകരിച്ചു.കോടിയേരി സെക്രട്ടറിയായാലും ഇല്ലെങ്കിലും കേന്ദ്രകമ്മിറ്റിയിൽ നിർണായക റോളിലേക്ക് മാറുകയാണ്.കേരളത്തിൽ നിന്നുള്ള ഒഴുക്ക് തന്നെ ഇക്കുറി കേന്ദ്രകമ്മിറ്റിയിലേക്കുണ്ടാവും. മന്ത്രി മുഹമ്മദ് റിയാസടക്കമുള്ള യുവ നേതാക്കൾ ഇക്കുറി കേന്ദ്രകമ്മിറ്റിയിലെക്കു നവാഗതരായി കടന്നുവരും.
എന്നാൽ തഴക്കവും പഴക്കവുമുള്ള ഒരുപിടി നേതാക്കൾ ഇക്കുറി സി.പി. എം നേതൃസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യതയേറിയിട്ടുമുണ്ട്. പാലക്കാട് സമ്മേളനത്തിനു ശേഷം സി.പി. എമ്മിൽ നടക്കുന്ന വലിയൊരു വെട്ടിനിരത്തിലിനാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് സാക്ഷ്യം വഹിക്കുക.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്