കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന് പാര പണിയുന്ന സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് മൂക്കുകയറിടണമെന്ന് സിപിഎം ലോക്കൽ സമ്മേളന ചർച്ചകളിൽ ആവശ്യമുയരുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ, സംസ്ഥാന കമ്മിറ്റിയംഗം എ.എൻ ഷംസീർ എംഎ‍ൽഎ, സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ എന്നീ നേതാക്കൾക്കെതിരെയാണ് സമ്മേളനങ്ങളിൽ പാർട്ടി നടപടിയാവശ്യപ്പെട്ടുകൊണ്ടു ചില പ്രതിനിധികൾ രംഗത്തെത്തിയത്. അധികാര മോഹം തലയ്ക്കു പിടിച്ച നേതാക്കൾ അതു കിട്ടാത്തതിന്റെ കൊതികുറവ് തീർക്കുന്നതിനായി രണ്ടാം പിണറായി സർക്കാരിന്റെ തലയിൽ കുതിര കയറുകയാണെന്നാണ് ആരോപണം.

നിയമസഭയിൽ കെ.കെ ശൈലജയും എ.എൻ ഷംസീറും സ്വീകരിക്കുന്ന നിലപാടുകൾ സർക്കാരിനെ അടിക്കാൻ പ്രതിപക്ഷത്തിന് കൈയിൽ വടികൊടുക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ തരം കിട്ടുമ്പോഴെല്ലാം കെ കെ ശൈലജ ഒളിയമ്പ് എയ്യുന്നു. കഴിഞ്ഞ ദിവസം പ്‌ളസ് വണ്ണിന് അധിക സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയത് കെ.കെ.ശൈലജയാണ്. ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പലപ്പോഴും പരോക്ഷമായി ഇകഴ്‌ത്തി കാണിക്കുകയാണ് ശൈലജ ചെയ്യുന്നതെന്നാണ് വിമർശനം.

എന്നാൽ രണ്ടും വട്ടം എംഎ‍ൽഎയായിട്ടും മന്ത്രിയാകാൻ കഴിയാത്തതിന്റെ ചൊരുക്കാണ് ഷംസീർ നിയമസഭയിൽ കാണിക്കുന്നതെന്ന വിമർശനമാണ് തലശേരി എം.എൽഎയ്‌ക്കെതിരെ ഉയരുന്നത്. സ്പീക്കർക്കെതിരെ പോലും ഷംസീർ യാതൊരു നിയന്ത്രണവുമില്ലാതെ തട്ടിക്കയറുന്നു. പലപ്പോഴും ചാനൽ ചർച്ചകളിൽ ഷംസീറിന്റെ ഇടപെടലുകളിൽ പാർട്ടി താൽപ്പര്യം സംരക്ഷിക്കപ്പെടുന്നില്ല. ഷംസീറിന്റെ ടങ്ക് സ്‌ളിപ്പുകൾ അരോചകമായി മാറുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

എന്തെങ്കിലും കാര്യങ്ങൾക്കായി സമീപിക്കുന്ന പാർട്ടി അനുഭാവികളോടും പ്രവർത്തകരോടും ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ രീതിയിൽ പെരുമാറുന്നുവെന്ന വിമർശനവും തലശേരി മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഷംസീറിനെതിരെ ഉയർന്നിരുന്നു. ബിനീഷ് കോടിയേരി കള്ളപ്പണ കേസിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടിയും പ്രതിരോധത്തിൽ നിൽക്കുമ്പോൾ പി.ജയരാജൻ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ നേതൃത്വത്തിനെയും കുടുംബത്തെയും പരോക്ഷമായി വിമർശിച്ചത് ശരിയായില്ലെന്ന വിമർശനമാണ് ഉയരുന്നത്.

ഇതുകൂടാതെ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുൾപ്പെടെയുള്ള ജയരാജൻ വളർത്തി കൊണ്ടുവന്ന ഫാൻസുകാർ കുടുങ്ങിയതും പി.ജെ ആർമിയുടെ ഇടപെടലുകളും പാർട്ടി അണികളിൽ ആശയ കുഴപ്പമുണ്ടാക്കിയെന്നും വിമർശനമുയർന്നു. ജയരാജനെ കണ്ണൂർ സമ്മേളനത്തിൽ പൂർണ്ണമായും വെട്ടുമെന്നാണ് സൂചന. ഇതിനൊപ്പം ശൈലജയേയും ഷംസീറിനേയും മര്യാധ പഠിപ്പിക്കുകയുമാണ് ലക്ഷ്യം. ജയരാജന്റെ അനുയായികളെ പലയിടത്തും വെട്ടിനിരത്തുന്നുണ്ട്. ശൈലജയ്ക്കും ഷംസീറിനുമൊപ്പം അണികളില്ല. അതുകൊണ്ട് തന്നെ നേതാക്കളെയാണ് പാർട്ടി സമ്മേളനങ്ങൾ വിമർശനത്തിൽ നിർത്തുന്നത്.

വളരെ നേരത്തെ മുതൽ കണ്ണൂരിലെ സിപിഎമ്മിൽ വിമതമുഖമാണ് ജയരാജനുള്ളത്. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയരാജനെ മാറ്റിയതും ഇതിന്റെ ഭാഗമാണ്. ഇതിനൊപ്പമാണ് ശൈലജ ടീച്ചറും ഷംസീറും കണ്ണൂരിലെ പാർട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറുന്നത്.