- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിജെയെ വെട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എംവിയെ കണ്ണൂരിലെത്തിച്ചു; ശൈലജയും ഷംസീറും വിമതരാകുമ്പോൾ കൂടുതൽ കരുത്തനെ വിശ്വസ്തനാക്കാൻ നീക്കം; സാധ്യത സ്വഭാവ ദൂഷ്യത്തിന് മുമ്പ് പുറത്താക്കിയ പി ശശിക്കും; എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കോ? കണ്ണൂർ സിപിമ്മിൽ അണിയറ ചർച്ചകൾ കൊഴുക്കുന്നു

കണ്ണൂർ: വരുന്ന ജില്ലാ സമ്മേളനത്തോടെ കണ്ണുർ സിപിഎമ്മിൽ സമൂല അഴിച്ചുപണിക്ക് സാധ്യതയേറി. സിപിഎം ജില്ലാ സമ്മേളനം മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എരിപുരത്ത് ഡിസംബറിൽ നടക്കാനിരിക്കെയാണ് പാർട്ടിയിലെ മാറ്റങ്ങൾ ചർച്ചയാകുന്നത്. ഇതോടൊപ്പം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ സജീവമാകുന്നുണ്ട്. കെകെ ശൈലജയും എഎൻ ഷംസീറും ഇന്ന് പാർട്ടിയുടെ കണ്ണിലെ കരടാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കണ്ണൂരിൽ അഴിച്ചു പണി ചർച്ച തുടങ്ങുന്നത്.
നിലവിലെ സെക്രട്ടറിയായ എം.വി ജയരാജൻ തുടരുമെന്ന പ്രചാരണം ശക്തമായി നില നിൽക്കവെ പകരം മറ്റൊരാൾ വന്നേക്കുമെന്ന അഭ്യൂഹവും പാർട്ടിയിൽ നിന്നുയരുന്നുണ്ട്. പി. ജയരാജൻ വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോയ ഒഴിവിലേക്കാണ് ജയരാജൻ കണ്ണുർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത് പിന്നീട് പാർട്ടിയെ നയിക്കാനുള്ള നിയോഗം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ജയരാജന് തന്നെ ലഭിക്കുകയായിരുന്നു.
എന്നാലിപ്പോൾ ഇത്തവണ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ജയരാജൻ എത്തുമെന്ന വിവരമാണ് ലഭിക്കുന്നത്. ഇത്തവണ സീനിയർ നേതാക്കളായ പലരും ഒഴിയുന്ന പശ്ചാത്തലത്തിലാണ് ജയരാജനെ പരിഗണിക്കുന്നത്. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാവുകയാണെങ്കിൽ സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജയിംസ് മാത്യു, എം.പ്രകാശൻ, പി.ശശി എന്നിവരിൽ ഒരാൾ വന്നേക്കും. ഇതിൽ ജയിംസ് മാത്യുവിന്റെ പേരിനാണ് ജില്ലാ കമ്മിറ്റിയിലും പാർട്ടി ഘടകങ്ങളിലും മുൻതൂക്കം.
എന്നാൽ എം. പ്രകാശൻ പി.ശശി എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ താൽപ്പര്യമുള്ള പേര് പി.ശശിയുടെതാണെങ്കിലും സ്വഭാവദൂഷ്യത്തിന് പുറത്തായി വീണ്ടും പാർട്ടിയിലേക്ക് തിരിച്ചു വന്ന ശശി നേതൃസ്ഥാനത്തേക്ക് വരുന്നതിന് പിണറായി പക്ഷത്തുള്ള നേതാക്കൾക്കിടെയിലും എതിർപ്പുണ്ട്. ജില്ലയിലെ തല മുതിർന്ന നേതാക്കളുടെ പിൻതുണ ശശിയെക്കാളും ജയിംസ് മാത്യുവിനാണ്.
മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിഗണിക്കണമെന്ന വാദം അണികൾക്കു ഇടയിൽ നിന്നുയരുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വം പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടിൽ തന്നെയാണുള്ളത്. വ്യക്തിപൂജയുടെ പേരിൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട ജയരാജൻ ഇപ്പോൾ സംസ്ഥാന കമ്മിറ്റിയംഗം മാത്രമാണ്. ജയരാജൻ ജില്ലാ സെക്രട്ടറിയായ കാലയളവിൽ സ്ഥാപിക്കപ്പെട്ട ഐ.ആർ.പി സി യുടെ ഉപദേശക സമിതി ചെയർമാൻ സ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്തിയെങ്കിലും സംഘടനയുടെ ചുക്കാൻ ജില്ലാ നേതൃത്വം കൈയിലാക്കിയിട്ടുണ്ട്.
ജയരാജന്റെ വലം കൈയായ സാജിദിനെ തരം താഴ്‌ത്തി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം.പ്രകാശനെയാണ് സംഘടനയുടെ തലപ്പത്ത് പാർട്ടി നിയോഗിച്ചത്.ജയരാജന്റെ മറ്റൊരു വിശ്വസ്തനായ അമ്പാടി മുക്ക് സഖാവായ എൻ. ധീരജ് കുമാറിനെ റിലീഫ് സെൽ അംഗത്വത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡിസംബറിൽ എരിപുരത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ നവാഗതരും വനിതകളും ജില്ലാ കമ്മിറ്റിയിൽ ഇടം പിടിക്കുമെന്നാണ് സൂചന. അതു കൊണ്ടു തന്നെ പ്രായാധിക്യമുള്ളവരും ഉപരി കമ്മിറ്റികളിൽ അംഗങ്ങളുമായ ഏഴോളം നേതാക്കൾ ഇക്കുറി ജില്ലാ കമ്മിറ്റിയിൽ ഇടം പിടിച്ചേക്കില്ല.
എന്നാൽ ഏപ്രിലിൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്ന പശ്ചാത്തലത്തിൽ എം.വി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറുന്നത് ഗുണം ചെയ്യില്ലെന്ന വികാരം ഒരു വിഭാഗം സംസ്ഥാന നേതാക്കൾക്കുണ്ട്. എർണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം രൂപീകരിക്കപ്പെടുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വരെ ജയരാജൻ തന്നെ തുടരട്ടെയെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.


