കണ്ണൂർ: വിവാദവിഷയങ്ങൾ ബ്ളോക്ക് ചെയ്തു സി.പി. എം കണ്ണൂർ ജില്ലാിസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി- ഗ്രൂപ്പുചർച്ച. ഇ.പി ജയരാജൻ- പി.ജയരാജൻ-കെ.കെ ശൈലജ എന്നിവർക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുനിഷേധിക്കപ്പെട്ട വിഷയം നേരത്തെ ചർച്ചചെയ്തതാണെന്നു സംസ്ഥാന നേതൃത്വം അറിയിച്ചതിനാൽ പ്രതിനിധി സമ്മേളനത്തിൽ ജില്ലാസെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ഈക്കാര്യം പരാമർശിച്ചില്ല. എന്നാൽ തളിപ്പറമ്പ് ഏരിയയിൽ സി. പി. എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന് വോട്ടുകുറഞ്ഞതുംകീഴാറ്റൂർ മാന്ധംകുണ്ടിലെ വിഭാഗീയതയുമെല്ലാം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിൽ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

ഇതുകൂടാതെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ പാറയിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പാർട്ടി ജില്ലാ നേതൃത്വം ബക്കളത്ത് പിറ്റേദിവസം നടത്തിയ വിശദീകരണ യോഗം അവധാനതയില്ലാതെയായിപ്പോയെന്ന സ്വയം വിമർശനവും കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ അവതരിപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വലതുപക്ഷ മാധ്യമങ്ങളും എതിർ രാഷ്ട്രീയപാർട്ടിക്കാരും ആന്തൂർനഗരസഭാ ചെയർപേഴ്സനും സിപി. എം ജില്ലാകമ്മിറ്റിയംഗവുമായ പി.കെ ശ്യാമളയെ കടന്നാക്രമിക്കുമ്പോൾ സംരക്ഷണ വലയം തീർക്കേണ്ടതിനു പകരം ബക്കളത്ത് നടത്തിയ പൊതുയോഗത്തിൽ പി.ജയരാജൻ നടത്തിയ പ്രസംഗത്തിൽ നിന്നും ഒരു ഭാഗം അടർത്തിയെടുത്തു പി.കെ ശ്യാമളയ്ക്കു വീഴ്ചപറ്റിയെന്നു ജയരാജൻ വിമർശിച്ചതായി മാധ്യമങ്ങളിൽ വലിയ വാർത്തവരികയായിരുന്നു.

യഥാർത്ഥത്തിൽ നഗരസഭാ ഉദ്യോഗസ്ഥന്മാർക്ക് കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ വീഴ്ചവരുത്തിയോയെന്നു പരിശോധിക്കണമെന്നാണ് പി.ജയരാജൻ പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നു മുൻകൂട്ടി കണ്ടുകൊണ്ടു വേദിയിലുണ്ടായിരുന്ന ജില്ലാസെക്രട്ടറിയടക്കം പിന്നീട് പ്രസംഗിച്ചപ്പോൾ തിരുത്തുന്നതിൽ ജാഗ്രത കാണിച്ചില്ലെന്നും ഇതു പിന്നീട് സംസ്്ഥാന നേതൃത്വം ഇടപെട്ടു പാർട്ടി നിലപാടിതല്ലെന്നു പ്രഖ്യാപിക്കേണ്ടി വന്നുവെന്നും പ്രവർത്തനറിപ്പോർട്ടിൽ പറയുന്നു. പിന്നീട് പാർട്ടിയെടുത്ത നിലപാടു തന്നെയാണ് ശരിയെന്നുതെളിഞ്ഞതായി പൊലിസ് അന്വേഷണത്തിലും വ്യക്തമായി.

പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദനെ വരെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിൽ വലതുപക്ഷമാധ്യമങ്ങൾ വലിച്ചിഴച്ചു. തളിപ്പറമ്പ് ഏരിയയിലെ പാർട്ടി അണികൾക്കിടെയിൽ ഈവിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളും വ്യാപകമായ രീതിയിൽ നടന്നുവെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കൃത്യസമയത്ത് ചെലവിഷയങ്ങളിൽ ഇടപെടുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റുന്നുണ്ടെന്നു തളിപ്പറമ്പ് ഏരിയയിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കീഴാറ്റൂർ വയൽക്കിളിവിഷയത്തിലായാലും കോമത്ത് മുരളീധരൻ നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ സംഭവത്തിലുമൊക്കെ പാർട്ടി നേതൃത്വം തുടക്കത്തിൽ കാഴ്ചക്കാരായിരുന്നു.ജനങ്ങളും പാർട്ടി അംഗങ്ങളും നേതൃത്വത്തിന്റെ തീരുമാനന്തെന്നറിയാൻ ആകാംക്ഷയോടെ കാത്തുനിൽക്കുമ്പോൾ സംസ്ഥാനകമ്മിറ്റിയുടെ നിലപാടറിയാൻ കാത്തുനിൽക്കുന്ന ദൗർബല്യം ജില്ലാ നേതൃത്വം പലപ്പോഴായി കാണിക്കുന്നുവെന്ന വിമർശനവുംഉയർന്നു.

മറ്റുപാർട്ടികൾ തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ശക്തമായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ എൽ.ഡി. എഫിന് കാലിടറുന്ന പതിവു തുടരുകയാണ്.പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ടുവർധിക്കുന്നുണ്ടെങ്കിലും എതിരാളികളുടെമേഖലകളിലേക്ക് കടന്നുകയറുന്നതിൽ ഇപ്പോഴും ദൗർബല്യമുണ്ടെന്നും വിമർശനമുയർന്നു. കണ്ണൂർ കോർപറേഷൻ ഭരണം നഷ്ടമായത് കെ.സുധാകരൻ യുഡി. എഫിനായി പ്രചാരണം നയിച്ചതുകൊണ്ടാണ്. ആദ്യഭരണം ലഭിച്ചു കോർപറേഷനിൽ അധികാരത്തിലെത്താൻ കഴിഞ്ഞുവെങ്കിലും നന്നായി ഭരിക്കാൻ കഴിയാത്തത് ജനങ്ങളെ നിരാശയിലാഴ്‌ത്തി.

കോൺഗ്രസിൽ നിന്നും പിടിച്ചെടുത്ത കടമ്പൂർ ഗ്രാമപഞ്ചായത്തിലും ഇക്കുറി ഭരണ നഷ്ടമുണ്ടായത് കോൺഗ്രസ് പ്രാദേശിക തലത്തിൽ ശകതിപ്പെട്ടതിനെ തുടർന്നാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഇരിക്കൂറും പേരാവൂരും ശക്തമായ മത്സരം കാഴ്ചവെച്ചുവെങ്കിലും സംസ്ഥാനമാകെ എൽ.ഡി. എഫ് തരംഗമുണ്ടായിട്ടുകൂടി സിറ്റിങ് സീറ്റുകൾ യു.ഡി. എഫ് നിലനിർത്തിയത് പോരായ്മയായി.ഇപ്പോഴത്തെ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ളവർ ഒരുകാലത്ത് നേതൃത്വം നൽകിയ ഡി.വൈ. എഫ്.ഐ ഇപ്പോൾ സമരസംഘടനയല്ലാതായി മാറിയെന്ന വിമർശനവും ഗ്രൂപ്പുചർച്ചയിൽ ഉയർന്നു. യുവജനങ്ങൾ നേരിടുന്ന വിഷയങ്ങളിൽ തിരുത്തൽ ശകതിയായി പ്രവർത്തിക്കാൻ ഡി. വൈ. എഫ്. ഐയ്ക്കു കഴിയുന്നില്ല.

നേതാക്കളുടെ പെട്ടിതൂക്കുകയും പാർട്ടി ഓഫിസ് വരാന്തകളിൽ തമ്പടിക്കുകയും ചെയ്യുന്നവരായി ഡി.വൈ. എഫ്. ഐ നേതൃത്വം മാറിയിരിക്കുകയാണെന്ന വിമർശനവും ഉയർന്നു. തുടർഭരണത്തിന്റെ ആലസ്യം ഏറ്റവും കൂടുതൽ പ്രതികൂലമായി ഡി.വൈ. എഫ്. ഐയെയാണ് ബാധിച്ചതെന്നുചില ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി.കരുവന്നൂരിനെതിനു സമാനമായി പേരാവൂരിൽ ഉയർന്നുവന്ന ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പു മലയോരമേഖലയിൽ പാർട്ടിയുടെ വിശ്വാസ്യത നശിപ്പിച്ചുവെന്നും ഈവിഷയത്തിൽ അതിജാഗ്രതയോടെ ഇടപെടാൻ പാർട്ടി ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പേരാവൂരിൽ നിന്നുള്ള ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പാർട്ടി നിയന്ത്രിത സ്ഥാപനത്തിൽ നടന്ന ചിട്ടിതട്ടിപ്പിൽ പണം നഷ്ടപ്പെട്ടത് കൂടുതൽ പാർട്ടി അനുഭാവികളും ബന്ധുക്കളുമായ സാധാരണക്കാർക്കാണ്. ഇവരുടെ വിഷയം പരിഹരിക്കുന്നതിനു ഇതുവരെ കഴിയാത്തത് വലിയ വീഴ്ചയാണെന്നുള്ള വിമർശനവും ഉയർന്നു. കരിപ്പൂർ സ്വർണക്കടത്ത്കേസിൽ പാർട്ടിയുടെ മറവിൽ സൈബർ പ്രചാരണം നടത്തിയവർ പ്രതികളായി മാറിയതും ഇവർക്കെതിരെ കർശനനിലപാടു സ്വീകരിച്ചതും ചർച്ചയായി.

പ്രതികളിൽ ചിലർ പാർട്ടി നേതാക്കളിൽ ചിലരുമായി ബന്ധംപുലർത്തിയിരുന്നുവെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് നാണക്കേടുണ്ടാക്കി. അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയുമൊക്കെ നേരത്തെ പാർട്ടി സംഘടനകളിൽ നിന്നും പുറത്താക്കിയതാണെങ്കിലും ഇപ്പോഴും സോഷ്യൽമീഡിയയിൽ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവർ ആശയ പ്രചരണവും ഇടപെടൽ നടത്തുന്നുണ്ടെന്നും പ്രതിനിധികൾചിലർ ചൂണ്ടിക്കാട്ടി. തങ്ങളെ കാണാനെത്തുന്നവരെ കുറിച്ചും സെൽഫിയെടുക്കാൻ പ്രേരിപ്പിക്കുന്നവരെ കുറിച്ചും ജാഗ്രത പാർട്ടി നേതാക്കൾ പുലർത്തണമെന്നും ആവശ്യമുയർന്നു. പി.ജെ ആർമിയെ ഉൾപ്പെടെ പാർട്ടി നേതാക്കളുടെ പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഗ്രൂപ്പുകൾ പിരിച്ചുവിടപ്പെട്ടുവെങ്കിലും ഇത്തരത്തിൽ ഇനിയും രൂപീകരിക്കപ്പെടാതിരിക്കാൻ പാർട്ടി ജാഗ്രതപാലിക്കണമെന്നും സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടു. ഈവിഷയത്തിൽ പി.ജയരാജനെ പ്രത്യക്ഷത്തിൽ വിമർശിച്ചുകൊണ്ടാണ് പലരും ചർച്ച നടത്തിയത്.

പാർട്ടി ലോക്കൽ, ഏരിയാസമ്മേളനങ്ങളിൽ എല്ലാസ്ഥലത്തും മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന വിമർശനവും ഉയർന്നു. കൂത്തുപറമ്പ് ഏരിയയിൽ എഴുപതുകഴിഞ്ഞയാളെളയളാണ്പാർട്ടി ഏരിയാ സെക്രട്ടറി പദവിയിലേക്കു കൊണ്ടുവന്നത്. പലയിടങ്ങളിലും പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ മറികടന്നാണ് പലരെയും ഭാരവാഹികളാക്കിയതെന്നും ആരോപണമുയർന്നു. സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളും പ്രതിനിധികളിൽ ചിലർ ഉന്നയിച്ചു. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പുമന്ത്രിയും കാര്യങ്ങൾ ചടുലമായി ചെയ്യുന്നുണ്ടെങ്കിലും മറ്റുമന്ത്രിമാർ ഭരണത്തിലേറിയിട്ടു ആറുമാസം കഴിഞ്ഞിട്ടും ട്രാക്കിലെത്തിയിട്ടില്ലെന്ന വിമർശനവുമുയർന്നു.മുഖ്യമന്ത്രി പിണറായിവിജയനെ സ്തുതിക്കുന്ന രീതിയിലാണ് പലരും സംസ്ഥാനസർക്കാർ ഭരണത്തെ പുകഴ്‌ത്തിയത്. തുടർഭരണം ലഭിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ പ്രവർത്തനമികവുകാരണമാണെന്നും ഇതു തുടർന്നാൽ കേരളത്തിൽ ഭരണമാറ്റമേയുണ്ടാവില്ലെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി.