കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് നേരേ ഭീഷണിയുമായി സിപിഎം. പിണറായി പഞ്ചായത്തിലെ പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയാണ് സിപിഎം നേതാവിന്റെ ഭീഷണി. പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി മിജു സജീവന്റെ പ്രചാരണ ബോർഡ് അഴിച്ചു മാറ്റണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം. സ്വന്തം വീടിനു മുന്നിൽ വച്ച പ്രചാരണ ബോർഡ് അഴിച്ചുമാറ്റണമെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥിക്ക് ഭീഷണി.

വനിതാ സ്ഥാനാർത്ഥിയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്​ദരേഖ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതുവരെ എൽഡിഎഫ് അല്ലാതെ മറ്റാരും പ്രചാരണ ബോർഡ് വച്ചിട്ടില്ലെന്നും അഴിച്ചുവച്ചില്ലെങ്കിൽ നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്നും ശബ്ദരേഖയിൽ പറയുന്നു. ബോർഡ് അഴിച്ച് മാറ്റണമെന്നും മറ്റാരെങ്കിലും അത് എടുത്ത് മാറ്റിയാൽ താൻ ഉത്തരവാദിയല്ലെന്നും സിപിഎം നേതാവ് പറയുന്നു. ബോർഡ് വെച്ച സ്ഥലം സിപിഎം കോട്ടയാണെന്നും ഇത്തരത്തിൽ കോൺ​ഗ്രസ് കോട്ടയിൽ സിപിഎമ്മിന്റെ ബോർഡ് വെക്കാൻ സമ്മതിക്കുമോ എന്നും ഇയാൾ ചോ​ദിക്കുന്നുണ്ട്.

പൊട്ടൻപാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനാണ് വനിത സ്ഥാനാർത്ഥിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ‘നല്ലരീതിയിൽ മത്സരിക്കാൻ നിൽക്കണമെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നതാണ്. മത്സരം മത്സരമായിട്ട് കാണണം ബോർഡെല്ലാം കെട്ടി നിൽക്കാമെന്നാണ് കരുതുന്നതെങ്കിൽ നല്ല രീതിയിൽ മുന്നോട്ടുപോവില്ല. ഞങ്ങൾക്കൊരു തീരുമാനമുണ്ട്. ആ തീരുമാനത്തിനൊപ്പമേ നിൽക്കാൻ കഴിയൂ. വെക്കേണ്ട സ്ഥലത്തെല്ലാം ബോർഡ് വെക്കുക. അല്ലാതെ എവിടെയെങ്കിലും, ഇതുവരെ വെക്കാത്ത സ്ഥലത്തൊന്നും ബോർഡ് കൊണ്ടുപോയി വെക്കണ്ട കാര്യമില്ല. നിങ്ങള് ഞങ്ങള് എന്നല്ല. പിണറായി പഞ്ചായത്തിൽ എവിടെയും ബോർഡ് വെക്കാൻ പറ്റാത്ത സാഹചര്യം ഞങ്ങൾക്കില്ല. നിങ്ങളുടെ വീടിന്റെ മുറ്റത്ത് ഞങ്ങൾ കൊടി കെട്ടുന്നില്ലേ. വീടിന്റെ പറമ്പിലല്ല. മുറ്റത്ത്. ഞങ്ങളുടെ മുറ്റമാണ് അതെല്ലാം. അവിടെ ഞങ്ങൾ ഇതുവരെ ബോർഡ് വെച്ചിട്ടില്ല. അവിടെയാണ് നിങ്ങൾ വെച്ചിരിക്കുന്നത്', ഓഡിയോയിൽ ദിലീശൻ പറയുന്നതിങ്ങനെ.

താൻ മത്സരിക്കുന്ന വാർഡിൽ ബോർഡ് വെച്ചതിന് നിനക്കെന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഇതിന് മറുപടിയായി മിജു സജീവൻ പറയുന്നുണ്ട്. ഞാൻ അത് അവിടെത്തന്നെ വെക്കും. ഞാൻ ജയിക്കില്ലെന്ന് എനിക്ക് പരിപൂർണമായി അറിയാം. പക്ഷേ, ഞാൻ എന്റെയൊരു ബോർഡ് വെച്ചത് തെറ്റായിപ്പോയോ ദിലീശാ? എന്നെ കുറേ സമയമായി നീ ഭീഷണിപ്പെടുത്തുന്നു. ഇത് എനിക്കും നാട്ടുകാർക്കും മനസിലാവും. നിങ്ങളുടെ പുറത്തുള്ള ചിരി പോലെയല്ല, ഉള്ളിൽ വേറെയാണെന്ന് മനസിലായി'- മിജു സജീവൻ പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്.