- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമ്പത് വർഷത്തിന് ശേഷം പാർട്ടി കോൺഗ്രസ് കേരളത്തിലേക്ക് എത്തുന്നത് ഏറ്റവും ശക്തമായ പാർട്ടി ഘടകങ്ങളുള്ള ജില്ലയിൽ; ഇങ്ങോട്ട് പോരട്ടെ കോൺഗ്രസ് എന്ന് ആവശ്യപ്പെട്ടത് പിണറായി അടക്കമുള്ളവർ ഒറ്റക്കെട്ടായി; പാർട്ടി പിറന്ന മണ്ണിൽ ഇരുപത്തി മൂന്നാം കോൺഗ്രസ് എത്തുമ്പോൾ ആവേശ തിമിർപ്പോടെ കണ്ണൂർ
കണ്ണൂർ: കേരളത്തിലെ പാർട്ടി പിറന്ന മണ്ണിൽ പാർട്ടി കോൺഗ്രസെത്തുമ്പോൾ ആവേശത്തിലാണ് അണികളും പ്രവർത്തകരും നേതാക്കളും. 1939 ൽ പിണറായി പാറപ്രം സമ്മേളനത്തോടെയാണ് കേരളത്തിൽ കമ്യുണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. ഈ സമ്മേളനത്തോടെ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ എല്ലാം തന്നെ കമ്യുണിസ്റ്റുകാരായി മാറുകയായിരുന്നു.
ദത്ത് - ബ്രാഡ്ലെ തീസിസ് പ്രകാരം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യയിലെ കമ്യുണിസ്റ്റ് ഘടകം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ തുടർനടപടിയെന്നോണം കമ്യുണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ പി.സുന്ദരയ്യ കേരളത്തിലെ സോഷ്യലിസ്റ്റ് നേതാക്കളായ പി.കൃഷ്ണപിള്ളയെയും ഇ എം.എസിനെയും തുടർച്ചയായി കണ്ടു സംസാരിക്കാൻ തുടങ്ങി.ഇതിന്റെ ഭാഗമായാണ് പിണറായി പാറപ്രത്തെ ഒരു ചെറിയ വായനശാല കെട്ടിടത്തിൽ കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യ രുപീകരണ യോഗം നടക്കുന്നത്.
പി. കൃഷ്ണപിള്ള, കെ.ദാമോദരൻ, ഇ.എം.എസ്, എ.കെ.ജി.എൻ.ഇ ബാലറാം, വിഷ്ണു ഭാരതീയൻ, കേരളീയൻ, ഇ.പി ഗോപാലൻ, കെ.കെ.വാര്യർ പി.നാരായണൻ നായർ, പി.എസ് നമ്പൂതിരി ,കെ.പി.ആർ ഗോപാലൻ ഐ.സി.പി നമ്പൂതിരി ,മൊയാരത്ത് ശങ്കരൻ, പാണ്ട്യാല ഗോപാലൻ, ടി.വി അച്യുതവാരിയർ, പി.വി കുഞ്ഞുണ്ണി നായർ, ജോർജ് ചടയം മുറി, സി.കണ്ണൻ തുടങ്ങി ഒട്ടേറെ അന്നത്തെ രുപീകരണ സമ്മേളനത്തിൽ പങ്കെടുത്തു.
പിന്നീട് പലതവണ കൃഷ്ണപ്പിള്ളയും ഇ.എം.എസും പിണറായിലും പാറപ്രത്തുമെത്തി ഒളിവിൽ താമസിച്ചു. എ.കെ.ജി യുടെയും എൻ.ഇ.ബാലറാമിന്റെ യുമൊക്കെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലുടെ പാർട്ടി വളർന്നു.ഇ കെ നായനാരും വി എസ് അച്ചുതാനന്ദനുമൊക്കെ മുന്നണി പോരാളികളായി. സി.എച്ച് കണാരനെയും ചടയൻ ഗോവിന്ദനും എം.വി രാഘവനും പാട്യം ഗോപാലനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ കണ്ണുരിൽ നിന്നുയർന്നു വന്ന നേതാക്കളാണ്.
കേരളത്തിൽ പാർട്ടി പിറന്ന മണ്ണിലേക്ക് പാർട്ടി കോൺഗ്രസെത്തുമ്പോൾ ആവേശ കൊടുമുടിയിലേറിയിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ സമ്മേളനത്തിന്റെ പൊലിമയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടി പിറന്ന മണ്ണിലേക്ക് സിപിഎം പാർട്ടി കോൺഗ്രസെത്തുമെന്ന് കണ്ണുരിലെ പാർട്ടി നേതൃത്വത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.
പാർട്ടി കോൺഗ്രസിന് ഇതാദ്യമായാണ് കണ്ണുർ വേദിയാകുന്നത്. അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് കണ്ണുരിൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ഒറ്റക്കെട്ടായാണ് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തമായ പാർട്ടി ഘടകങ്ങളുള്ള ജില്ലയാണ് കണ്ണുർ. പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം.വി ഗോവിന്ദൻ ,ഇ പി ജയരാജൻ, പി.കെ ശ്രീമതി, കെ കെ ശൈലജ എന്നിവരും കണ്ണുരുകാരാണ്.
ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. കോവിഡ് സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ ആശങ്കയുണ്ടെന്നാണ് സൂചന. മൂന്നാം തരംഗം അടക്കം സ്ഥിതി മോശമായാൽ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് അറിയിച്ചിട്ടുണ്ട് നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളിൽ മാത്രം വിർച്ച്വൽ ആയി സമ്മേളനങ്ങൾ നടത്തും. സംസ്ഥാന സമ്മേളനങ്ങൾ ഒക്ടോബർ മുതൽ തുടങ്ങാനാണ് ധാരണയായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്