കണ്ണൂർ: കെപിസിസി. ഭാരവാഹി നിയമനത്തോടെ കണ്ണൂരിലെ കോൺഗ്രസ്സിൽ ഗ്രൂപ്പ് കളിയും ശക്തമാവുന്നു. വർക്കിങ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ.സുധാകരന് അഭിവാദ്യമർപ്പിച്ച് വിവിധ മണ്ഡലം കമ്മിറ്റികൾ നഗര കേന്ദ്രങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചാണ് അങ്കം തുടങ്ങിയത്. ജില്ലയിൽ ഇരിട്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പേരിൽ ഇരിട്ടി ടൗണിന്റെ വിവിധ ഭാഗങ്ങളിലാണ് കെ.സുധാകരന് അഭിവാദ്യമർപ്പിച്ചുള്ള ബോർഡുകൾ ആദ്യമുയർന്നത്. തൊട്ടടുത്ത ദിവസം തന്നെ കണ്ണൂരിലും സമാന രീതിയിൽ സുധാകരന് അഭിവാദ്യമർപ്പിച്ചു കൊണ്ട് പ്രചാരണ ബോർഡ് ഉയർന്നു. എ.ഐ.സി.സി. പുതിയ ഭാരവാഹി പ്രഖ്യാപനം നടത്തിയതോടെ സംഘടനാ പ്രവർത്തനം ആരംഭിക്കാനിരിക്കേയാണ് ഗ്രൂപ്പ് ശക്തമാക്കാൻ ചേരി തിരിഞ്ഞ് നേതാക്കളും അണികളും ശ്രമിക്കുന്നത്. 

സാധാരണ ഗതിയിൽ പുതിയ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച് ബോർഡുകൾ സ്ഥാപിക്കുമ്പോൾ കെപിസിസി. പ്രസിഡന്റിന് മതിയായ പ്രാധാന്യം നൽകാറുണ്ട്. എന്നാൽ എ.ഐ.സി.സി. നിയോഗിച്ച കെപിസിസി. പ്രസിഡന്റിനെ അവഗണിച്ച് വർക്കിങ് പ്രസിഡന്റായ കെ.സുധാകരനെ മാത്രം ഉയർത്തിക്കാട്ടിയാണ് ആദ്യം ബോർഡുകൾ ഉയർന്നത്. ഒരു കൈകൊണ്ട് അഭിവാദ്യമർപ്പിക്കുന്ന സുധാകരന്റെ പൂർണ്ണാകായ ചിത്രവും ഇടതു വശത്ത് സുധാകരന്റെ തന്നെ മറ്റൊരു ഫോട്ടോയും ഉൾപ്പെടുത്തിയാണ് ഫ്ളക്സ് ബോർഡുകൾ ഉയർത്തിയിട്ടുള്ളത്. എന്നാൽ ഉളിക്കൽ ടൗണിൽ അടുത്ത കാലത്ത് രൂപീകരിക്കപ്പെട്ട ഓൾ ഇന്ത്യാ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ്സിന്റെ മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഉയർത്തിയ ബോർഡിൽ കെപിസിസി. പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ മധ്യത്തിലും ഇരു വശത്തുമായി കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാലും എ.ഐ.സി.സി. വിദേശ കാര്യ സെക്രട്ടറി സജീവ് ജോസഫും സ്ഥാനം പിടിച്ചിട്ടുണ്ട്.

എന്നാൽ ഈ ബോർഡിൽ വർക്കിങ് പ്രസിഡന്റ് കെ.സുധാകരനെ പൂർണ്ണമായും തഴഞ്ഞു. എ.ഐ.സി.സി. നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും കണ്ണൂരിൽ ശക്തമായ ചേരിതിരവിലേക്കാണ് കോൺഗ്രസ്സ് നീങ്ങുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കയാണ്. കണ്ണൂരിൽ ഡി.സി.സി. യുടെ പേരിലും പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ പേരിലും കെ.സുധാകരനെ മാത്രം അഭിവാദ്യം ചെയ്തു കൊണ്ടുള്ള ബോർഡുകൾ ഉയർന്നതോടെ വരും ദിവസങ്ങളിൽ ബോർഡ് യുദ്ധം മുറുകുമെന്നതിന്റെ സൂചനയാണ് വരുന്നത്. പാർട്ടിയുടെ ഔദ്യോദിക ഘടകം ഏതെങ്കിലും ഒരു നേതാവിന്റെ മാത്രം അഭിവാദ്യമർപ്പിച്ച് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിൽ എ.ഗ്രൂപ്പിലും ഐ.ഗ്രൂപ്പിലെ ഒരു വിഭാഗത്തിലും ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ചേരി തിരിഞ്ഞ് നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള പ്രചാരണത്തിനെതിരെ എ.ഐ.സി.സി. ക്ക് പരാതികൾ അയക്കാൻ തയ്യാറായിരിക്കയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. വിശാല ഐ. ഗ്രൂപ്പിൽ പ്രത്യേക വിഭാഗമായാണ് കെ.സുധാകരൻ വിഭാഗം ഇപ്പോൾ നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഐ. വിഭാഗത്തിലെ നേതാക്കൾക്കും ഇത്തരം പ്രവർത്തനത്തിൽ അമർഷമുണ്ട്. എല്ലാ വിഭാഗക്കാരേയും ഉൾപ്പെടുത്തി ഭാരവാഹികളെ നിശ്ചയിച്ച എ.ഐ.സി.സി. പാർട്ടിയെ ഒരുമിപ്പിച്ച് നിർത്താൻ നടത്തിയ നീക്കത്തിന് തിരിച്ചടിയാണ് കണ്ണൂരിലെ പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന ഫ്ളക്സ് യുദ്ധം.