കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല. ഉമ്മൻ ചാണ്ടിയെ സർക്കാരോ വിമാനത്താവള കമ്പനിയായ കിയാലോ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ ത്വരിതഗതിയിലാക്കിയ മുൻ മുഖ്യമന്ത്രി അച്യുതാനന്ദന്റെ അസാന്നിധ്യവും ക്ഷണപത്രികയിലൂടെ വ്യക്തമാകുന്നു.

ആരോഗ്യകരമായ പ്രശ്നങ്ങൾ മൂലമാണ് വി എസ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാത്തത് എന്നാണ് അറിയുന്നത്. വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നടത്തിയത് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കയാണ്. നാവികസേനയുടെ ഡോണിയർ വിമാനമിറക്കി പരീക്ഷണ പറക്കൽ ഉദ്ഘാടനം നിർവഹിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. ഡിസംബർ 9 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. വ്യവസായ മന്ത്രി ഇ പി ജയരാജൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , മന്ത്രിമാരായ കെ കെ ശൈലജ , എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി , ഇ ചന്ദ്രശേഖരൻ , എം പി മാരായ പി കെ ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കരുണാകരൻ, എം പി വീരേന്ദ്രകുമാർ, കെ കെ രാകേഷ് , റിച്ചാർഡ് ഹേ , സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ എൻ ചൗബെയ്, ചീഫ് സെക്രട്ടറി ടോം ജോസ് , എം എൽ എ മാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ജില്ലാ ഭരണ മേധാവികൾ, വ്യാപാരി-വ്യവസായി സംഘടനാ ഭാരവാഹികൾ തുടങ്ങി നൂറിലേറെ പേർ ഉദ്ഘാടന ചടങ്ങിൽ വേദിയിൽ ഉണ്ടാകും. 85.5 സെ.മീ നീളവും, 70 .3 സെ.മീ വീതിയുമുള്ള ബ്രോഷറുമാണ് ഉദ്ഘാടന വിവരവുമായുള്ള ക്ഷണപത്രിക. ഇതിൽ പ്രസംഗിക്കുന്നവർ 4 പേരാണ്.

വിശിഷ്ട സാന്നിധ്യവുമായി 47 പേർ സ്ഥാനം പിടിച്ചിട്ടുണ്ട്. മാത്യു ടി തോമസ് രാജിവെക്കുന്നതിനു മുൻപ് തയ്യാറാക്കിയ ബ്രോഷറിൽ അദ്ദേഹത്തിന്റെ പേര് 12ാം സ്ഥാനത്തു കിടപ്പുണ്ട്. പകരം മന്ത്രിയായി വന്ന കെ കൃഷ്ണൻകുട്ടി 17ാം സ്ഥാനത്താണ്. ഉദ്ഘാടന പന്തലിനു 10,800 ചതരരശ മീറ്റർ വിസ്തൃതിയുണ്ട് വിമാനത്താവളത്തിനു വേണ്ടി ഭൂമി നൽകിയവർക്ക് വേണ്ടി പ്രത്യേകം സൗകര്യം പന്തലിൽ ഒരുക്കും. ക്ഷണിക്കപ്പെട്ടവർക്കും മാധ്യമ പ്രവർത്തകർക്കും പ്രത്യേകം ഇരിപ്പിടമുണ്ട്.

ഉദ്ഘാടന ദിവസം തന്നെ എയർ ഇന്ത്യ എക്സ്പ്രസ്സ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനങ്ങൾ സർവീസ് നടത്തും. ഉദ്ഘാടനത്തോടനുബന്ധിച് മട്ടന്നൂർ നഗരത്തിൽ ദീപാലങ്കാരത്തിനുള്ള പ്രവർത്തനം ആരംഭിച്ചു. 7-ാം തീയതി മുതൽ നഗരം മുഴുവൻ ദീപാലംകൃതമാകും 8ന് കേരളീയ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിളംബര ഘോഷയാത്ര നടത്തും. എൻ സി സി, സ്‌കൗട്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിചേരും.