തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിംങ്ങൾക്ക് ലഭിച്ചിരുന്ന അതേ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയെ സമീപിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം, മേൽക്കോടതിയെ സമീപിക്കണം. സർക്കാർ മേൽക്കോടതിയെ സമീപിച്ചേ പറ്റൂ എന്നതാണ് ഞങ്ങളുടെ നിലപാട്. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും കാന്തപുരം വ്യക്തമാക്കി. നേരത്തേയുള്ള ആനുകൂല്യങ്ങൾ കുറഞ്ഞ് പോകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ആനുകൂല്യങ്ങൾ എക്കാലവും നിലനിൽക്കാനുള്ള നിയമനിർമ്മാണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് തന്നെന്നും കാന്തപുരം അറിയിച്ചു.

സച്ചാർ പാലൊളി കമ്മിറ്റി ശുപാർശകളെത്തുടർന്ന് 2011 മുതൽ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് 80 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങൾക്ക് 20 ശതമാനവും വീതം സ്‌കോളർഷിപ്പ് ലഭിച്ചിരുന്ന അനുപാതമാണ് ഹൈക്കോടതി വിധിയോടെ റദ്ദാകുന്നത്. ഇത് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ 2011-ലെ സെൻസസ് അനുസരിച്ച് അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മുസ്ലിംലീഗ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും വിവിധ രാഷ്ട്രീയ, മുസ്ലിം സംഘടനകളും ശക്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്.

എന്നാൽ നിലവിൽ സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും കാന്തപുരം വ്യക്തമാക്കി. അതേസമയം, സമരം ചെയ്യുന്നവർക്ക് അതിന് സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സാമൂഹ്യ- സാമ്പത്തിക പിന്നാക്കവസ്ഥയെ കുറിച്ച് പഠിക്കാനും മുസ്ലിങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുമാണ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ജസ്റ്റിസ് രാജീന്ദർ സച്ചാറിനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. ഈ സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പാക്കാൻ 2007-ൽ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഒരു എട്ടംഗ സമിതിയെ നിയോഗിച്ചു. അന്നത്തെ വി എസ് സർക്കാരിന് കീഴിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു പാലോളി മുഹമ്മദ് കുട്ടി.

പാലോളി കമ്മിറ്റി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിൽ 2009 മുതലാണ് സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേകമായി സ്‌കോളർഷിപ്പ് അനുവദിച്ചത്. ഇതാണ് ഇപ്പോൾ ചർച്ചയിലുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പ്. മുസ്ലിം വിഭാഗങ്ങളുമായി ചർച്ച ചെയ്തും അവരെ പറ്റി പഠിച്ചുമാണ് പാലോളി കമ്മിറ്റി നിർദ്ദേശം സമർപ്പിച്ചിരുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കമ്മിറ്റി പഠനവിധേയമാക്കിയിട്ടില്ല. കാരണം മുസ്ലിം സമുദായത്തിന് വേണ്ടി മാത്രമായിട്ടായിരുന്നു യു.പി.എ. സർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ.

100 ശതമാനവും മുസ്ലിങ്ങൾക്കായി തുടങ്ങിയ ഈ സ്‌കോളർഷിപ്പിൽ 20 ശതമാനം ക്രിസ്ത്യൻ വിഭാഗത്തിലെ പിന്നാക്കക്കാർക്ക് നൽകാൻ തീരുമാനിക്കുന്നത് പിന്നീടാണ്. ക്രിസ്ത്യൻ വിഭാഗത്തിനുള്ളിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളായ ലത്തീൻ കത്തോലിക്കർക്കും പട്ടികജാതിയിൽ നിന്നും വന്ന പരിവർത്തിത ക്രൈസ്തവർക്കും സ്‌കോളർഷിപ്പ് നൽകാൻ തീരുമാനിക്കുകയായിരുന്നു. 2011-ലായിരുന്നു ഈ തീരുമാനം നിലവിൽ വന്നത്.