പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവി കാപ്പ ചുമത്തി നാടുകടത്തിയ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാനേതാവ് ഏനാത്ത് പൊലീസിന്റെ ഒത്താശയോടെ ജില്ലയ്ക്കുള്ളിൽ തുടർന്ന് വിവാദമാകുന്നു. നാടുകടത്തിയിട്ടും സ്വന്തം വീട്ടിലും നാട്ടിലുമായി കറങ്ങി നടന്ന ഗുണ്ടാ നേതാവ് മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതി എസ്‌പി ലഭിച്ചത് വഴിത്തിരിവായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീടിന് സമീപത്തു നിന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം പൊക്കി. നാടു കടത്തിയ പ്രതി ജില്ലയ്ക്കുള്ളിൽ കറങ്ങി നടക്കുന്ന വിവരം അറിഞ്ഞിട്ടും മറച്ചു വച്ച ഏനാത്ത് പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനുമെതിരേ നടപടി ഉണ്ടായേക്കും.

പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ നെല്ലിമുകൾ ജയൻ എന്നറിയപ്പെടന്ന ജയകുമാറിനെ(45)യാണ് അറസ്റ്റ് ചെയ്തത്. കാപ്പാ നിയമ പ്രകാരം ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ആർനിശാന്തിനി പുറപ്പെടുവിച്ച വിലക്ക് ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കഴിഞ്ഞ മാസമാണ് കാപ്പാ ചുമത്തി ജില്ലക്ക് പുറത്താക്കിയത്. തുടർന്നും പതിവായി രാത്രിയിൽ ഇയാൾ സ്വന്തം വീട്ടിൽ എത്തിയിരുന്നു. ഈ വിവരം ഏനാത്ത് പൊലീസിനും അറിവുണ്ടായിരുന്നുവത്രേ. രണ്ടു ദിവസം മുൻപ് ജില്ലയിൽ അതിക്രമിച്ച് കയറിയ ഇയാൾ വീക്ഷണം ലേഖകൻ തെങ്ങമം അനീഷിന്റെ വീട്ടിലെത്തി ഫോൺ നമ്പർ വാങ്ങി. തുടർന്ന് ഫോണിലൂടെ നിരന്തരം അനീഷിനെ
ഭീഷണിപ്പെടുത്തി.

അനീഷ് എസ്‌പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ഇന്നലെ ഇയാളെ നെല്ലിമുകൾ ജങ്ഷനിൽ നിന്നും പിടികൂടുകയായിരുന്നു. പൊലീസ് സാന്നിധ്യം മനസ്സിലാക്കി ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ ഡിവൈ.എസ്‌പി ആർ.ബിനു, പൊലീസ് ഇൻസ്പെക്ടർ പ്രജീഷ്.ടി.ഡി, സബ് ഇൻസ്പെക്ടർ വിപിൻ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ നിസാർ, സനൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പാ നിയമ പ്രകാരം ഒരു മാസത്തിനുള്ളിൽ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ഗുണ്ടകൾക്കെതിരെ നടപടികൾ സ്വീകരിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.