- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിൽ ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥ; ആരാണ് തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഞങ്ങൾക്കറിയില്ല; പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കപിൽ സിബൽ
ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ അവസ്ഥ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഹൈക്കമാൻഡിനെ വിമർശിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. രാഹുൽ ഗാന്ധിയുമായി ഇടഞ്ഞു നിൽക്കുന്ന നേതാക്കളാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പാർട്ടിയിൽ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വർഷമായി പാർട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും സിബൽ പറഞ്ഞു. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. സിബൽ ചോദിച്ചു.
ഇത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയർച്ചയും ഞങ്ങൾക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോൺഗ്രസ് ഉറപ്പാക്കണമെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ഈ നിലയിലെത്തിയതിൽ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോൾ പാർട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാർട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വി എം സുധീരൻ പാർട്ടി പദവികൾ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല. അടിയന്തര പ്രവർത്തകസമിതി ചേരണം. പാർട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോൺഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം. തുറന്ന ചർച്ച പാർട്ടിയിൽ വേണമെന്നും കപിൽ സിബൽ പറഞ്ഞു.
കഴിഞ്ഞ വർഷം പാർട്ടിയിൽ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബൽ അടക്കമുള്ള ജി-23 നേതാക്കൾ ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാർത്താസമ്മേളനം വിളിച്ച് താൻ പങ്കുവെക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം ഇരുവരുടെയും രാജിയിലാണ് അവസാനിച്ചത്. തുടർന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ അമരീന്ദർ സിങ് പരസ്യമായി രംഗത്തെത്തി.
അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അമരീന്ദർ സിങ്ങിന്റെ രാജിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനം സിദ്ദുവും രാജിവെച്ചതോടെ അടിമുടി പ്രതിസന്ധിയാണ് പഞ്ചാബിൽ. ഇതിനിടെയാണ് വിമർശനവുമായി കപിൽ സിബൽ രംഗത്തുവന്നത്. നേരത്തെ നിറം മാറുന്നവരുമായി ബന്ധം പാടില്ലായിരുന്നുവെന്നാണ് മനീഷ് തിവാരിയും രംഗത്തുവന്നിരുന്നു. സിദ്ധു വിഷയത്തിലായിരുന്നു ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ വിമർശനവുമായി രംഗത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ