- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാരായിമാർ വരുന്നു ഡബിൾ സ്ട്രോങ്ങായി തലപ്പത്തേക്ക്; ഫസൽവധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരനെ തലശേരി ഏരിയാ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ നീക്കം; സംസ്ഥാനകമ്മിറ്റിയിൽ കണ്ണൂരിൽ നിന്നും കാരായി രാജനും ഇടം പിടിച്ചേക്കും; ഇരുവർക്കും പിണറായിയുടെയും കോടിയേരിയുടയും മനസറിഞ്ഞ പിന്തുണയും
കണ്ണൂർ: സൈദാർപള്ളിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസിലെ പ്രതികളിലൊരാളായ കാരായി ചന്ദ്രശേഖരനെ സിപിഎം തലശേരി ഏരിയാ സെക്രട്ടറിയാക്കാൻ നീക്കം. ഫസൽ വധക്കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് കാരായി രാജനൊപ്പം കാരായി ചന്ദ്രശേഖരനും രാഷ്ട്രീയ രംഗത്ത് സജീവമാണ് വരുന്ന ഏരിയാ സമ്മേളനത്തോടെയാണ് കാരായി ചന്ദ്രശേഖരനെ തലശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ജില്ലാ നേതൃത്വം നീക്കം നടത്തുന്നത്. മൂന്ന് ടേം പൂർത്തിയായ ഏരിയാ സെക്രട്ടറിയായ എം.സി പവിത്രൻ ഇത്തവണത്തെ ഏരിയാ സമ്മേളനത്തിൽ മാറുമെന്ന് ഉറപ്പായിട്ടുണ്ട്
ഇതിന് പകരമായിട്ടാണ് കാരായി ചന്ദ്രശേഖരനെ തൽസ്ഥാനത്തേക്കു കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങൾ നടത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പിൻതുണയും ഇരുനേതാക്കൾക്കുമുണ്ട്.
എന്നാൽ ഫസൽ വധക്കേസിൽ കുറ്റാരോപിതനാവുകയും അടുത്തു തന്നെ വിചാരണ നേരിടാൻ പോവുകയും ചെയ്യുന്നയാളെ തലശേരി ഏരിയാ സെക്രട്ടറിയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ചിലർക്കു തന്നെ സന്ദേഹമുണ്ട്. അഞ്ചു വർഷം മുൻപ് ഇതിനു സമാനമായി കേസിലെ മറ്റൊരു പ്രതിയായ സി. പി. എം ജില്ലാസെക്രട്ടറിയേറ്റംഗം കാരായി രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയെങ്കിലും കോടതി ഇളവ് നൽകാത്തതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
കതിരുർ ഡിവിഷനിൽ നിന്നാണ് അന്ന് കാരായിയെ മത്സരിച്ചു വിജയിപ്പിച്ചത് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കാരായിമാർക്ക് ജാമ്യം ലഭിച്ചുവെങ്കിലും കർശന ഉപാധികൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാരായി ചന്ദ്രശേഖരന് രാഷ്ട്രീയ സംഘർഷഭുമിയായ തലശേരിയിലെ പാർട്ടി ചുമതല നൽകുന്നതിൽ ഭിന്നാഭിപ്രായം ഏരിയാ നേതാക്കൾക്കിടെയിലുമുണ്ട് മറ്റൊരു കേസിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീയെന്ന ചെമ്പ്രയിലെ സുബിഷിന്റെ മൊഴി പ്രകാരം ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് പൊലിസിനെ ഉപയോഗിച്ചു സിപിഎം വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സിബിഐ ഇതുവരെ ഗൗരവതരമായി എടുത്തിട്ടില്ല.
ഹൈക്കോടതിയിൽ സിപിഎം നൽകിയ ഹരജി പരിഗണിച്ചു കോടതി പുനരന്വേഷണത്തിന് സിബിഐ യോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഫസൽ വധത്തിന് പിന്നിൽ കാരായി രാജനും കാരായിചന്ദ്രശേഖരനുമുൾപ്പെടെയുള്ള സി.പി. എം നേതാക്കൾക്കും പ്രവർത്തകർക്കും പങ്കുണ്ടെന്ന നിലപാടിൽ തന്നെയാണ് സി.ബി. ഐ. പാർട്ടി ജില്ലാസെക്രട്ടറിയേറ്റംഗമായ കാരായിരാജൻ ഇക്കുറി സംസ്ഥാന നേതൃത്വത്തിലേക്ക് വരുമെന്നാണ് സൂചന. എർണാകുളത്തു നടക്കുന്ന സി.പി. എം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് കണ്ണൂരിൽ നിന്നും പുതുതായി എൻട്രി പ്രതീക്ഷിക്കുന്ന നേതാക്കളിൽ ഒരാൾ കൂടിയാണ് കാരായിരാജൻ. പാർട്ടിക്കു വേണ്ടി ജയിൽവാസമനുഷ്ഠിച്ച കാരായി രാജന്് അർഹമായ സ്ഥാനംനൽകണമെന്ന് തലശേരി മേഖലകളിലെ ലോക്കൽ കമ്മിറ്റികളിൽ പ്രതിനിധികൾ ആവശ്യമുയർത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിലവിൽ കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റംഗമായ കാരായി രാജനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നത്.
ഇതിനിടെ സ്വർണക്കടത്ത് മാഫിയക്കെതിരെ ഡി.വൈ. എഫ്. ഐ നടത്തിയ പ്രചരണജാഥയ്ക്കിടെ ഫ്യൂസൂരിയ വിവാദത്തിൽ ഉൾപ്പെട്ട കൂത്തുപറമ്പ് ഏരിയാ നേതൃത്വവും ഇക്കുറി മാറിയേക്കുമെന്നു സൂചനയുണ്ട്. മൂന്നു തവണ പൂർത്തിയാക്കിയ ധനഞ്ജയനെ പാർട്ടി ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി ജില്ലാസെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം. ഇവിടെ മുന്മാങ്ങാട്ടിം പഞ്ചായത്ത് പ്രസിഡന്റ് ഷാജി കരിപ്പായിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. ഇതിനിടെ ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലയിൽസി.പി. എം ഏരിയാ സമ്മേളനങ്ങളിലേക്ക്. മാടായി, പേരാവൂർ ഏരിയാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും.
രണ്ടുദിവസം വീതമാണ് സമ്മേളനം. 28നകം 18 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാകും. ലോക്കൽ സമ്മേളനങ്ങളിൽ രണ്ടെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. തളിപ്പറമ്പിലും കണ്ണൂരിലും ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികളായ നേതാക്കൾ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയത് പതിവില്ലാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ലോക്കൽ സമ്മേളനങ്ങളിലേക്ക് കൂടുതൽ ജാഗ്രതയോടെയാണ് സി.പി. എം നേതൃത്വം കടക്കുന്ന്. ഏരിയാസമ്മേളനങ്ങളിൽ മത്സരം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തർക്കരഹിതമായ ഏരിയാ സമ്മേളനമാണ് ഇക്കുറി പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. ഇക്കുറി വനിതാ ഏരിയാ സെക്രട്ടറി സി.പി. എമ്മിനുണ്ടാവുകയോയെന്ന കൗതുകകരമായ ചോദ്യം കൂടി ഉയരുന്നുണ്ട്. ലോക്കൽ സെക്രട്ടറിമാരായി വനിതകളെ പലയിടങ്ങളിലും തെരഞ്ഞെടുത്ത സാഹചര്യത്തിൽ ഏരിയാ സെക്രട്ടറിമാരായും വനിതകൾ വരുന്നതിലെ സാധ്യത പാർട്ടി തള്ളിക്കളയുന്നില്ല. ഇതിനിടെ പാർട്ടി ലോക്കൽ സമ്മേളനങ്ങളിലുയർന്നു വന്ന അസ്വാരസ്യങ്ങൾ വലതുപക്ഷ മാധ്യമങ്ങളുടെ കുപ്രാചരണ വേലയാണെന്ന വാദവുമായി എം.വി ജയരാജൻ രംഗത്തു വന്നിട്ടുണ്ട്.
രാഷ്ട്രീയമായും സംഘടനാപരമായും പാർട്ടിയുടെ കെട്ടുറപ്പും മുന്നേറ്റവും വ്യക്തമാക്കുന്നതാണ് ലോക്കൽ സമ്മേളനങ്ങളിലെ ചർച്ചകളും തീരുമാനങ്ങളുമെന്ന് ജയരാജൻ പറഞ്ഞു. പാർട്ടിയെ വളർച്ചയിലേക്ക് നയിക്കാൻ സഹായകരമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ചർച്ചകൾ. പ്രക്ഷോഭ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വികസന കാര്യങ്ങളിലും പ്രത്യേക ശ്രദ്ധയുണ്ടാകും.
വലതുപക്ഷ മാധ്യമങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചാരവേലക്കിടയിലും സമ്മേളനങ്ങൾ ഐക്യത്തോടെയാണ് നടന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലുണ്ടായ സംഘടനാ പ്രശ്നങ്ങളിൽ ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെയും അച്ചടക്ക മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്