- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഞ്ചാവ് കടത്തിനിടെ പൊലീസ് വാഹനം കണ്ട് അമിത വേഗതയിൽ പാഞ്ഞു; കാറിന്റെ വരവു കണ്ട് പരമാവധി വശത്തേക്ക് ഒതുക്കി ലോറി ഡ്രൈവറും; ഫാത്തിമയേയും മകൻ ബിലാലിനേയും കാറിൽ കയറ്റിയത് കള്ളക്കടത്തിൽ പൊലീസിന് സംശയം തോന്നാതിരിക്കാൻ; കരീലക്കുളങ്ങരയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ക്രിമിനൽ സംഘം
ആലപ്പുഴ: ദേശീയ പാതയിൽ ഹരിപ്പാടിന് സമീപം കരീലക്കുളങ്ങരയിൽ കാർ മണൽ ലോറിയിലിടിച്ച് അഞ്ചു വയസ്സുകാരനുൾപ്പെടെ നാലു പേർ മരിച്ച സംഭവം കഞ്ചാവ് കടത്തുന്നതിനിടെയാണെന്ന് വിവരം.
പൊലീസ് വാഹനം കണ്ട് അമിത വേഗതയിൽ പായുന്നതിനിടെയാണ് മണൽ ലോറിയിൽ ഇടിച്ചത്. കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതോടെയാണ് ഇവർ കള്ളക്കടത്ത് സംഘമാണെന്ന് പൊലീസിന് മനസ്സിലായത്. കൂടാതെ കാപ്പാ ചുമത്തിയ രണ്ടു പ്രതികളും വാഹനത്തിൽ ഉണ്ടായിരുന്നു.
ഇന്ന് പുലർച്ചെ 3.30 മണിയോടെയാണ്കായംകുളം പള്ളിക്കണക്ക് സ്വദേശി ഐഷ ഫാത്തിമ (27) മകൻ ബിലാൽ (5), പുള്ളിക്കണക്ക് സെമിന മൻസിലിൽ റിയാസ് (27) കൊട്ടാരക്കര അവക്കോട്ടൂർ വടക്കേക്കര വീട്ടിൽ ഉണ്ണിക്കുട്ടൻ (26) എന്നിവർ കാർ അപകടത്തിൽ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അജ്മി(23), അൻഷാദ് എന്നിവരെ പരിക്കേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അമിത വേഗതയിൽ എറണാകുളം ഭാഗത്തേക്ക് പാഞ്ഞ കാർ എതിരെ വരികയായിരുന്ന മണൽ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ വരവ് കണ്ട് ലോറീ ഡ്രൈവർ പരമാവധി റോഡിന്റെ വശത്തേക്ക് ഒതുക്കിയെങ്കിലും ഫലമുണ്ടായില്ല. അപകടത്തിൽ ലോറി ഡ്രൈവർ നൗഷാദ്, ക്ലീനർ രാജേഷ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ മരിച്ച റിയാസും പരിക്കേറ്റ അൻഷാദും പൊലീസ് കാപ്പാ ചുമത്തി നാടു കടത്തിയവരാണ്. ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇവർ നിയമം ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ചത്. കൂടാതെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും കത്തിയും കഞ്ചാവും പൊലീസ് കണ്ടെടുത്തു. പരിക്കേറ്റ പെൺകുട്ടിയുടെ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
കാറിൽ ഉണ്ടായിരുന്ന യുവതികളിൽ ഒരാളുടെ ഭർത്താവ് നിലവിൽ കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ലോക്ക് ഡൗണിന്റെ മറവിൽ കഞ്ചാവ് കടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാറിൽ ഉള്ളപ്പോൾ പൊലീസ് പരിശോധന ഉണ്ടാവില്ല എന്ന ഉറപ്പിലാവണം ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ടാണ് ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. പൊലീസും ഫയർഫോഴ്സും ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീമംഗങ്ങളും സ്ഥലത്തെത്തിയാമ് രക്ഷാ പ്രവർത്തനം നടത്തിയത്. മൂന്ന് മണിക്കൂറുകളോളം പണിപ്പെട്ടിട്ടാണ് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. രണ്ടു പേർ സംഭവ സ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.
പരിക്കേറ്റവരുടെ ആരോഗ്യ നില മോശമായതിനാൽ പൊലീസിന് ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. രാവിലെ ഇവരുടെ ബന്ധുക്കൾ എത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവർ സാധാരണ നിലയിലായ ശേഷം ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.