- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടൂർ കരിക്കിനേത്ത് തുണിക്കടയ്ക്ക് സമീപം ബോർഡ് വയ്ക്കാനെത്തിയ മൈ ജി സ്ഥാപനത്തിലെ ജീവനക്കാരെ മർദിച്ചത് കരിക്കിനേത്ത് ജോസിന്റെ ഗുണ്ടകൾ; തടയാനെത്തിയ എ എസ് ഐയെയും പൊലീസുകാരനെയും മർദിച്ചു; പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു തിമിർത്താടിയ അഞ്ചു പേർ കസ്റ്റഡിയിൽ: കേസൊതുക്കാൻ നീക്കവുമായി പാർട്ടിക്കാരും ഉന്നത പൊലീസ് അധികാരികളും
അടൂർ: സ്വന്തം കടയിലെ കാഷ്യറെ തൊഴിച്ചു കൊന്ന കേസിലെ പ്രതിയായ കരിക്കിനേത്ത് തുണിക്കട ഉടമ ജോസിന്റെ ഗുണ്ടായിസം വീണ്ടും. അടൂർ കരിക്കിനേത്ത് തുണിക്കടയ്ക്ക് സമീപം പുതുതായി ആരംഭിക്കുന്ന മൈജി ഷോറൂമിന് മുന്നിൽ ബോർഡ് സ്ഥാപിക്കാനെത്തിയവരെ ജോസിന്റെ ജീവനക്കാർ മർദിച്ചു. തടയാനെത്തിയ പൊലീസുകാർക്ക് നേരെയും കൈയേറ്റ ശ്രമം. മർദനമേറ്റ എഎസ്ഐ കെബി അജി ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.
ഇന്ന് രാവിലെയാണ് സംഭവം. വൈദ്യൻ സിൽക്സ് മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിലാണ് പഴയ കരിക്കിനേത്ത് സിൽക്സ് പ്രവർത്തിക്കുന്നത്. അതിനോട് ചേർന്നുള്ള മുറി വാടകയ്ക്ക് എടുത്താണ് മൈജി ഷോറൂമിന്റെ ഫർണിഷിങ് നടക്കുന്നത്. ഇതിന് മുന്നിൽ ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് കരിക്കിനേത്ത് തുണിക്കട ജീവനക്കാർ എതിർപ്പുമായി വന്നത്. ഒരു കാരണവശാലും ബോർഡ് വയ്ക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ പിടിവാശി.
മൈജി ബോർഡ് വയ്ക്കാൻ വന്ന ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചു. ഇതിനിടെ കരിക്കിനേത്ത് ജീവനക്കാർ ഇവരെ കൈയേറ്റം ചെയ്യുകയും ബോർഡ് സ്ഥാപിക്കാൻ കൊണ്ടുവന്ന ഏണി മറിച്ചിടുകയും ചെയ്തു. വിവരം അറിഞ്ഞ് അടൂർ സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എഎസ്ഐ അജിയുടെ നേതൃത്വത്തിൽ എത്തി. പൊലീസുകാരുടെ നേരെ കരിക്കിനേത്ത് ജീവനക്കാർ യാതൊരു പേടിയുമില്ലാതെ തട്ടിക്കയറുകയായിരുന്നു. മൈജി ജീവനക്കാരെ മർദിക്കുന്നത് തടയാൻ ശ്രമിച്ച എഎസ്ഐ അജിയെ കരിക്കിനേത്ത് ജീവനക്കാർ മർദിച്ചു.
ഇത് വീഡിയോയിൽ പകർത്താൻ ശ്രമിച്ച പൊലീസുകാരന് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. കൂടുതൽ പൊലീസിസെത്തി കരിക്കിനേത്ത് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മർദനമേറ്റ എഎസ്ഐ അജി ചികിൽസയിലാണ്. ചുനക്കര സ്വദേശി ശാമുവൽ വർഗ്ഗീസ് (42), ഐക്കാട് സ്വദേശി ഹരികുമാർ(58),വടക്കടത്തുകാവ് സ്വദേശി ജേക്കബ് ജോൺ(40), കട്ടപ്പന സ്വദേശി അനീഷ്(25), ഏഴംകുളം സ്വദേശി രാധാകൃഷ്ണൻ (52), ചാരുംമൂട് സ്വദേശി സജു (35)എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിന് ഇവർ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാൻഡിൽ ആകേണ്ടതാണ്. എന്നാൽ, ഇവരെ രക്ഷിക്കാൻ സിപിഎമ്മിന്റെ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനിലേക്ക് വിളി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടി കൊണ്ട പൊലീസിന് വേദന സഹിക്കൽ മാത്രമാകും സംഭവിക്കുക. അത്രയേറെ സമ്മർദ്ദം പൊലീസിന് മുന്നിൽ നേതാക്കൾ ഉയർത്തുന്നുണ്ട്.
തരാനുള്ള പണം തിരികെ ചോദിച്ച ബന്ധുവിനെ നടുറോഡിൽ അനേകർ നോക്കി നിൽക്കേ ഗുണ്ടാസംഘവുമായി എത്തി ക്രൂരമായി മർദിച്ച കരിക്കിനേത്ത് ജോസിനെതിരേ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അടൂരിൽ നിന്നുള്ള സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട സ്റ്റേഷനിലെ 'കുപ്രസിദ്ധനായ' എഎസ്‌ഐ മുക്കിയ കേസാണ് മറുനാടൻ വാർത്ത നൽകിയതിനെ തുടർന്ന് പൊങ്ങിയത്. പിന്നീട് ആ കേസ് ആവിയായി. അതേ ഗതി ഈ കേസിനും വരാൻ സാധ്യത ഏറെയാണ്.
സ്വന്തം കടയിലെ കാഷ്യറായിരുന്ന ബിജു പി. ജോസഫ് എന്ന ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന് കൊലവിളി നടത്തിയ കേസിലെ പ്രതിയാണ് കരിക്കിനേത്ത് ജോസ്. ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ 2013 നവംബർ അഞ്ചിനാണ് ജോസും ഗുണ്ടകളും ചേർന്ന് ചവിട്ടിക്കൊന്നത്. സഹോദരൻ വർഗീസിന്റെ പത്തനംതിട്ട കോളജ് റോഡിലുള്ള കരിക്കിനേത്ത് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് കൊല നടന്നത്. 2013 നവംബർ അഞ്ചിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്.
ഇടതും വലതും ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാൻ പോരാട്ടമായിരുന്നു. പണവും സ്വാധീനവും ഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം.