- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാമ്യമില്ലാ വകുപ്പൊക്കെ വെറും പ്രഹസനം; ആറു തൊഴിലാളികളുടെ അറസ്റ്റിന്റെ മറവിൽ കരിക്കിനേത്ത് ജോസിനെ രക്ഷിക്കാൻ ഉന്നതതല നീക്കം; ഒളിവിലുള്ള ജോസിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശമില്ല; കൊലയാളി ഗുണ്ടാത്തലവനെ സംരക്ഷിക്കാൻ പൊലീസ് ഉന്നതരും രാഷ്ട്രീയ നേതൃത്വവും ഒത്തു പിടിക്കുമ്പോൾ
അടൂർ: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പഞ്ഞിക്കിട്ട കേസിൽ കരിക്കിനേത്ത് തുണിക്കട ഉടമ ജോസിന്റെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നതതല നീക്കം. ജാമ്യമില്ലാ വകുപ്പിട്ട് എടുത്തിരിക്കുന്ന കേസിൽ ജോസിന് മുൻകൂർ ജാമ്യം നേടാനുള്ള വഴി ഒരുക്കിയിരിക്കുകയാണ് പൊലീസ്. അടി കൊണ്ട സഹപ്രവർത്തകരെക്കാൾ വലുത് കരിക്കിനേത്ത് ജോസിന്റെ പണമാണെന്ന തിരിച്ചറവിൽ വിറങ്ങലിച്ചു നിൽക്കുന്നു പൊലീസ് സേന.
ജനുവരി ഒന്നിന് രാവിലെയാണ് അടൂർ കെആർഎം സെന്ററിൽ പ്രവർത്തിക്കുന്ന കരിക്കിനേത്ത് തുണിക്കടയുടെ സമീപം വച്ച് ജോസിന്റെ കടയിലെ തൊഴിലാളികളായ ഗുണ്ടകൾ അടൂർ സ്റ്റേഷനിലെ എഎസ്ഐ കെബി അജി, സിപിഓ പ്രമോദ് എന്നിവരെ മർദിച്ചത്. തുണിക്കടയുടെ സമീപം പുതുതായി തുടങ്ങുന്ന മൈജി മൊബൈൽ ഷോപ്പിന്റെ ബോർഡ് സ്ഥാപിക്കാൻ വന്ന കരാർ തൊഴിലാളികളെ കരിക്കിനേത്ത് ജീവനക്കാർ തടയുന്നുവെന്ന പരാതിയിലാണ് എഎസ്ഐയും സിപിഓയും അവിടെ എത്തിയത്.
ഏണിയിൽ കയറി നിൽക്കുന്ന കരാർ ജീവനക്കാരെ തള്ളി താഴെയിടാൻ കരിക്കിനേത്ത് ഗുണ്ടകൾ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഏഴംകുളം ചക്കനാട്ട് കിഴക്കേതിൽ രാധാകൃഷ്ണൻ (52), കൊടുമൺ ഐക്കാട് മണ്ണൂർ വീട്ടിൽ ഹരികുമാർ (58), ചുനക്കര അര്യാട്ട് കൃപാലയം വീട്ടിൽ ശാമുവേൽ വർഗീസ് (42), ഏറത്ത് നടക്കാവിൽ വടക്കടത്തു കാവ് താഴേതിൽ വീട്ടിൽ പി.കെ.ജേക്കബ് ജോൺ (40), താമരക്കുളം വേടര പ്ലാവു മുറിയിൽ കല്ലു കുറ്റിയിൽ വീട്ടിൽ സജൂ (36), കട്ടപ്പന വള്ളക്കടവ് പടിഞ്ഞാറ്റ് വീട്ടിൽ അനീഷ് (25) എന്നിവഎന്നിവർ യാതൊരു ഭയവും ഇല്ലാതെ പൊലീസുകാരെ മർദിച്ചത്.
സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസല്ല, ആരു വന്നാലും അവിടെ ബോർഡ് വയ്ക്കാൻ സമ്മതിക്കരുതെന്ന് മുതലാളി പറഞ്ഞതു കൊണ്ടാണ് മർദിച്ചതെന്ന് അറസ്റ്റിലായവർ മൊഴി നൽകി. ഇതോടെ ജോസിനെ ഒന്നാം പ്രതിയാക്കി 10 പേർക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. കൈയിൽ കിട്ടിയ ആറു പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു.
ഇതോടെ എല്ലാം കഴിഞ്ഞ മട്ടാണ്. ജോസിനെ തേടി പോകാനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ പൊലീസ് തുനിഞ്ഞിട്ടില്ല. തങ്ങൾക്ക് നിർദ്ദേശമൊന്നും മുകളിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരെ മർദിച്ച കേസ് ആയിട്ടു കൂടി അതിൽ അറസ്റ്റും മറ്റും നടപടികളും വേഗത്തിലാക്കാൻ യാതൊരു പ്ലാനും നിലവിൽ ഇല്ല.
കരിക്കിനേത്ത് ജോസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. സാധാരണ നിലയിൽ, 332 വകുപ്പ് ചേർത്തിട്ടുള്ളതിനാൽ മുൻകൂർ ജാമ്യം ലഭിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും അവസാന കച്ചിത്തുരുമ്പെന്ന നിലയിൽ ഒരു ശ്രമം നടത്തുകയാണ്. അതിനിടെ ജോസിനെ അകാരണമായി പ്രതി ചേർത്തുവെന്നൊരു പ്രചാരണം പൊലീസിൽ ചിലർ തന്നെ നടത്തുന്നുണ്ട്. എന്നാൽ, മുതലാളി പറഞ്ഞിട്ടാണ് തങ്ങൾ മർദിച്ചതെന്ന തൊഴിലാളികളുടെ മൊഴിയാണ് ജോസിനെ കുരുക്കിയത്.
ഇത് പൊലീസിനെ മർദിച്ച വെറുമൊരു കേസാണ്. സ്വന്തം തൊഴിലാളിയെ ചവിട്ടി വാരിയെല്ലൊടിച്ച് കൊലപ്പെടുത്തിയ ജോസിനെ അന്ന് ജയിലിൽ കിടക്കാതെ സംരക്ഷിക്കാൻ നോക്കിയവരാണ് കേരളാ പൊലീസ്. നാടിനെ നടുക്കിയ നിഷ്ഠുരമായ ആ കൊലപാതകം നടന്നിട്ട് ഏഴു വർഷമായി. ഇതുവരെ അതിന്റെ വിചാരണ ആരംഭിക്കാതെ നിയമസംവിധാനങ്ങളെ പോലും ഇയാൾ വിലയ്ക്ക് എടുത്തു കഴിഞ്ഞു. സമാന രീതിയിൽ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ നിഷാം എന്ന വ്യവസായി ഇപ്പോൾ അഴിക്കുള്ളിലാണ്.
ആ കേസിൽ ഉടനടി വിചാരണ നടന്നു. കരിക്കിനേത്ത് കേസിൽ ഒരു നടപടിയുമില്ല. പത്തനംതിട്ടയിലെ സിപിഎം നേതാക്കളാണ് ജോസിനെ സംരക്ഷിക്കുന്നത് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. കോടതിയെ പോലും ജോസിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് ഇവർക്ക് നിയന്ത്രിക്കാൻ കഴിയുന്നുവെന്നതാണ് ജനാധിപത്യ സമൂഹത്തെ ഞെട്ടിക്കുന്ന ഏറ്റവും വലിയ വസ്തുത.