- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ നിന്ന് ഓണത്തിന് നാട്ടിൽ എത്താൻ മലയാളികൾ മറ്റുവഴി തേടണം; മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം നീട്ടി; അതിർത്തി കടക്കാൻ കഴിയുക സ്വന്തമായി വാഹനം ഉള്ളവർക്ക് മാത്രം
കണ്ണൂർ : ഓണത്തിന് മലയാളികളെ പ്രതിസന്ധിയിലാക്കി കൊണ്ട് കർണാടകയുടെ അതിർത്തി അടയ്ക്കൽ. കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതത്തിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം 31 വരെ നീട്ടിയതാണ് ബംഗ്ളൂര്, മൈസൂര്, വീരാജ് പേട്ട എന്നിവടങ്ങളിൽ നിന്നും ഓണക്കാലത്ത് നാട്ടിലേക്ക് വരേണ്ട മലയാളികളെ ദുരിതത്തിലാക്കിയത്.
കഴിഞ്ഞ 16 വരെയായിരുന്നു ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ നിയന്ത്രണങ്ങൾ നീട്ടിയത് ഓണത്തിന് നാട്ടിലേക്ക് വരേണ്ട മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രതിസന്ധി കൂട്ടിയിരിക്കുകയാണ്. ഈ റൂട്ടിലുള്ള ബസ് ഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനവും തുടരുമെന്നാണ് കുടക് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
ഓണത്തിന് ടൂറിസ്റ്റ്, സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ നൂറിലധികം ബസുകളാണ് സർവീസ് നടത്തിയിരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്കുമാത്രമേ അതിർത്തി കടക്കാൻ പറ്റൂവെന്നായിട്ടുണ്ട്. പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയാളികൾക്ക് കടുത്ത യാത്രാദുരിതമാണ് ഇതോടെ വന്നു ചേർന്നിരിക്കുന്നത്.
നിലവിൽ കേരളത്തിലേക്കെത്താൻ മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിലും കർണാടകയിലേക്ക് കടക്കാൻ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലുള്ളതും ചരക്കുവാഹന ജീവനക്കാർക്ക് ഏഴുദിവസത്തെ കാലാവധിയോട് കൂടിയതുമായ ആർ.ടി.പി.സി.ആർ. പരിശോധനാഫലം നിർബന്ധമാണ്. ഇതിനുപുറമേ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ സമ്പൂർണ ഗതാഗതനിരോധനമാണ് നടപ്പാക്കിയിരിക്കുന്നത്. ആംബുലൻസുകൾ മാത്രമേ ഈ വേളയിൽ കടത്തിവിടുകയുള്ളു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്