- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോനെ തനിച്ചാക്കി പോകാൻ കഴിയാത്തതുകൊണ്ട് അവനെയും ഒപ്പം കൊണ്ടു പോകുന്നു; 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത മാനസികമായി തകർത്തു; ആരുടെയും മുന്നിൽ തലതാഴ്ത്തി ജീവിക്കാൻ കഴിയില്ല, അതിനാൽ ഞാൻ പോകുന്നു'; കരുനാഗപ്പള്ളിയിലെ സൂര്യ മകനെ കൊന്ന് ആത്മഹത്യ ചെയ്തതു തന്നെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം വ്യക്തമെന്ന് പൊലീസ്
കരുനാഗപ്പള്ളി: 'മോനെ തനിച്ചാക്കി പോകാൻ കഴിയാത്തതുകൊണ്ട് അവളെയും ഒപ്പം കൊണ്ടു പോകുന്നു. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത മാനസികമായി തകർത്തു. ആരുടെയും മുന്നിൽ തലതാഴ്ത്തി ജീവിക്കാൻ കഴിയില്ല. അതിനാൽ ഞാൻ പോകുന്നു.' ഇടക്കുളങ്ങരയിൽ
മകനെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ബിനു നിവാസിൽ ബിനുകുമാർ (സുനിൽകുമാർ) ന്റെ ഭാര്യ സൂര്യ എഴുതിയ ആത്മഹത്യാ കുറിപ്പിലെ വരികളാണിത്.
കടുത്ത സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുറിപ്പിൽ നിന്നും വ്യക്തമായിരിക്കുന്നത്. സൂര്യയും ഭർത്താവ് ബിനുവും ചേർന്ന് നടത്തിയ കടയുടെ ബാധ്യതയാണ് മനോവിഷമത്തിനിടയാക്കിയത് എന്നാണ് കരുനാഗപ്പള്ളി പൊലീസ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സൂര്യയേയും മൂന്ന് വയസുകാരനായ മകൻ ആദിദേവിനെയും മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലും, സൂര്യയുടെ കഴുത്തിലും കൈയിലും മുറിവുകളും ഉണ്ടായിരുന്നു. ബിനുകുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
സുനിൽകുമാർ കൊല്ലത്ത് ചാമക്കടയിൽ കട നടത്തുകയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടിൽ കണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, വൈകിട്ടോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാൽ ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ചു. കതക് അടച്ച നിലയിലായിരുന്നു. ഒടുവിൽ സമീപവാസികളായ ചിലരുടെ സഹായത്തോടെ ജനൽചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.
അയൽവാസിയായ രഞ്ചിത്തും സുഹൃത്തും ചേർന്നാണ് അടുക്കള ഭാഗത്തെ കതക് ചവിട്ടി തുറന്ന് അകത്ത് പ്രവേശിച്ചത്. ഇരുവരുടെയും ജീവൻ അപ്പോഴേക്കും പോയിരുന്നു. മൃതശരീരങ്ങൾ കട്ടിലിൽ തന്നെയാണ് കിടന്നിരുന്നത്. കുട്ടി മലർന്നും സൂര്യ കമിഴ്ന്നുമാണ് കിടന്നിരുന്നത്. കുട്ടിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവായിരുന്നു. രക്തം വാർന്നൊഴുകി മുറിയിൽ തളം കെട്ടി നിന്നിരുന്നു. ഈ രക്തത്തിൽ സൂര്യ ചവിട്ടി നടന്നിരുന്ന കാൽപ്പാടുകളും മുറിയിലുണ്ടായിരുന്നു. സൂര്യ കൈ ഞരമ്പു മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കുകയും ചെയ്താണ് ആത്മഹത്യ ചെയ്തത്.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ശനിയാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സൂര്യയുടെ ബാഗിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. എന്നാൽ പോസ്റ്മാർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക്ക് ഉദ്യോഗസ്ഥരായ ദിവ്യ, വയലറ്റ്, ദേവി വിജയൻ എന്നിവരും കരുനാഗപ്പള്ളി എ.സി.പി സജീവ്, സിഐ വിൻസന്റ്, എസ്ഐ ഉമേഷ് ജോൺസ് രാജ്, സന്തു സി.പി.ഒ രജീഷ്, ഷിനാസ്, ഷക്കീല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റമാർട്ടം റിപോർട്ടിനും ശേഷം ബോഡി വിട്ടു നൽകും. ആർ.രാമചന്ദ്രൻ എംഎൽഎ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ: സുധീർ കാരിക്കൽ, റ്റി രാജീവ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.