തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാൻ സമരം നടത്തിയ മുൻ സിപിഎം നേതാവിനെ കാണാതായി. സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്ന് ഉച്ചതിരിഞ്ഞാണ് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.

മാടായിക്കോണം ബ്രാഞ്ച് അംഗമാണ് സുജീഷ്. പരസ്യമായി പാർട്ടിക്കാരെ തിരുത്താൻ ശ്രമിച്ചത് ഭീഷണിക്ക് കാരണമായിരുന്നു. കരുവന്നൂർ ബാങ്കിന് മുന്നിൽ ഒറ്റയാൻ സമരവും നടത്തിയിരുന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട രേഖൾ ഇയാളുടെ കൈയിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഒറ്റയാൻ സമരം നടത്തിയതിന് പിന്നാലെ പാർട്ടി അയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

അതേസമയം കേസിൽ നാല് ഭരണസിമിതി അംഗങ്ങൾ അറസ്റ്റിലായിരുന്നു. ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. കേസന്വേഷണം സിബിഐ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാർട്ടി തലത്തിൽ സമ്മർദ്ദമുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ട്.

കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി. കൂടാതെ പ്രതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി വായ്‌പ്പകൾ പാസാക്കിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അന്വേഷണം ഫലപ്രദമാണെന്നിരിക്കെ കേസ് സി ബി.ഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സർക്കാർ വാദം.

ബാങ്കിലെ മുൻ ജീവനക്കാരനും തൃശ്ശൂർ സ്വദേശിയുമായ എം വി സുരേഷ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട ഹർജിക്കാരൻ വ്യക്തിവിരോധം തീർക്കാനാണ് കോടതിയെ സമീപിച്ചതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.