തൃശൂർ: വിവാദങ്ങൾക്ക് പിന്നാലെ നിക്ഷേപകരെ വലച്ച് വീണ്ടും കരുവന്നൂർ ബാങ്ക്. ലക്ഷങ്ങളുടെ നിക്ഷേപമുള്ളവർക്ക് പോലും ബാങ്കിൽ നിന്നും ഇനി നാല് മാസത്തിൽ ഒരിക്കൽ ലഭിക്കുക പതിനായിരം രൂപ മാത്രം. കരുവന്നൂർ ബാങ്കിൽനിന്ന് നിക്ഷേപകന് തിരിച്ചെടുക്കാൻ സാധിക്കുന്ന തുകയ്ക്കുമേലുള്ള നിബന്ധനകൾ കടുപ്പിച്ചാണ് പ്രതിഷേധിച്ച നിക്ഷേപകരോട് ബാങ്ക് അധികൃതർ പക പോക്കുന്നത്.

നാലുമാസത്തിലൊരിക്കൽ ലഭിക്കുന്ന പതിനായിരം രൂപയ്ക്കുവേണ്ടിയും നിക്ഷേപകർ ഒട്ടേറെ കടമ്പകൾ താണ്ടണം. ആദ്യം ബാങ്കിൽ പോയി വരി നിന്ന് ടോക്കൺ എടുക്കണം. ബാങ്കിന്റെ സീൽ പതിച്ച ടോക്കൺ ആദ്യം നൽകും. ആ ടോക്കണിൽ പണം വാങ്ങാൻ ചെല്ലേണ്ട തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ടാവും. നാലുമാസം കഴിഞ്ഞുള്ള തീയതിയായിരിക്കും അത്. സ്വന്തം പണത്തിൽ നിന്ന് പതിനായിരം രൂപ കിട്ടാൻ കുറഞ്ഞത് 10 തവണയെങ്കിലും ബാങ്കിന്റെ പടി കയറിയിറങ്ങേണ്ട ഗതികേടിലാണ് നിക്ഷേപകർ ഉള്ളത്.

എത്ര വലിയ ആവശ്യമാണെങ്കിലും പതിനായിരം രൂപയിൽകൂടുതൽ അനുവദിക്കില്ല. ചികിത്സയ്ക്കായുള്ള മെഡിക്കൽ രേഖകൾ കാണിച്ചാൽ പോലും കൂടുതൽ പണം അനുനവദിക്കില്ലെന്ന് നിക്ഷേപകർ ആരോപിക്കുന്നു. അഡ്‌മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ട് കൂടുതൽ പണത്തിനായി കത്തുനൽകിയാൽ പോലും കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ചയാളുടെ കാര്യത്തിൽപ്പോലും രേഖാമൂലം കത്തുനൽകിയിട്ട് അൻപതിനായിരം രൂപയാണ് ആകെ അനുവദിച്ചു നൽകിയത്.

ബാങ്കിൽ പണത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രം ആത്യാവശ്യക്കാരന് പണം നൽകുക എന്നതാണ് ബാങ്കിന്റെ നീക്കത്തിന് പിന്നിൽ. തുടക്കത്തിൽ ഒരാഴ്ചത്തെ ഇടവേളയിൽ പണം പിൻവലിക്കാമായിരുന്ന സ്ഥിതിയിൽനിന്നാണ് നാലുമാസമെന്ന ഇടവേളയിലേക്ക് മാറുന്നത്.

ബാങ്കിൽനിന്ന് ലോൺ എടുത്തവരിൽനിന്നും പണം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾക്ക് പകരം നിക്ഷേപകരെ പെരുവഴിയിലാക്കുന്ന നടപടിയാണ് ബാങ്ക് ഇപ്പോൾ സ്വീകരിച്ചു വരുന്നതെന്ന് നിക്ഷേപകർ ആരോപിക്കുന്നു. ബാങ്കിൽനിന്ന് ലോൺ എടുത്തവരും പ്രതിമാസ നിക്ഷേപ പദ്ധതിയിൽ അംഗമായി തുക നേരത്തെ എടുത്തവരുമൊന്നും തിരിച്ച് പണം ബാങ്കിലേക്ക് അടയ്ക്കാത്ത സ്ഥിതിയാണ് ഇപ്പോൾ ഇവിടെയുള്ളത്.

അതേ സമയം സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് താൻ പ്രവർത്തിച്ചിരുന്നതെന്ന് കേസിലെ മൂന്നാം പ്രതിയായ കരുവന്നൂർ ബാങ്കിലെ മുൻ സീനിയർ ഓഫീസറായിരുന്ന സി.കെ ജിൽസ് വെളിപ്പെടുത്തി. ബാങ്കിന്റെ മേൽനോട്ടത്തിലുള്ള സൂപ്പർമാർക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വർഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങൾ അറിയില്ല, സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് എല്ലാം ചെയ്തതെന്നും ജിൽസ് പ്രതികരിച്ചു. 26നാണ് ജിൽസ് ജാമ്യത്തിലിറങ്ങിയത്.

ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. അവരുടെ നിർദ്ദേശം അനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്നവരുമായി വ്യക്തിപരമായി ബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും താനൊരു സജീവ പാർട്ടി പ്രവർത്തകനല്ല.

ബാങ്കിൽ ക്രമക്കേടുകൾ നടക്കുന്നതായി തോന്നിയിരുന്നില്ല. താൻ ചുമതലയൊഴിയുന്നതുവരെ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ട് കണ്ടിട്ടില്ല. കേസിൽപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ജിൽസ് പറഞ്ഞു.