- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപ്പനെ ബലമായി കൊണ്ടുപോയി അഞ്ചുകോടിയുടെ സ്വത്ത് ഒരുകോടിക്ക് എഴുതിയെടുത്തു; ചിട്ടി പിടിച്ചിട്ടും പണം നൽകാതെ കെഎസ്എഫ്ഇയുടെ ഗൂണ്ടായിസം; അമേരിക്കയിലെ ജോലി വലിച്ചറിഞ്ഞ് സംരംഭനാകാൻ എത്തിയ ഡോക്ടർക്ക് നഷ്ടമായത് 9 കോടിയുടെ കുടുംബസ്വത്ത്
തിരുവനന്തപുരം: ഇന്ത്യയിലെ റെയിൽവേ പാളങ്ങളിൽ മലം വീഴുന്നതിനെ ചോദ്യം ചെയ്യുകയും ട്രെയിനുകളിൽ ബയോ ടോയിലെറ്റുകൾ സ്ഥാപിക്കുന്നതിന് വലിയ പോരാട്ടങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിത്വമാണ് ഡോ. ജോർജ് ജോസഫ് തീമ്പലങ്ങാട്. കേരളത്തിൽ സംരംഭമാരംഭിക്കാൻ എത്തുന്നവരെയെല്ലാം ഇതരസംസ്ഥാനങ്ങളിലേയ്ക്ക് ഓടിക്കുകയും എന്നിട്ട് കേരളം സംരംഭകസൗഹൃദമാണെന്ന് ആവർത്തിക്കുകയും ചെയ്യുന്ന പതിവ് ശൈലിയെ തുറന്നുകാട്ടുകയാണ് സ്വന്തം അനുഭവങ്ങളിലൂടെ അദ്ദേഹം. അമേരിക്കയിൽ ഡോക്ടറായിരുന്ന ഡോ. ജോർജ് ആ ജോലിയും ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് വന്നത് തന്റെ പിതാവ് സ്ഥാപിച്ച ചങ്ങനാശ്ശേരി അൽഫോൻസ ഹോസ്പിറ്റൽ ഏറ്റെടുത്ത് വിപുലീകരിക്കാനും നടത്താനുമാണ്. എന്നാൽ കേരളത്തിൽ സർവസാധാരണമായി മാറിയ സംരംഭകവിരുദ്ധതയും കെഎസ്എഫ്ഇയിലെ അഴിമതിയും മൂലം നടുവഴിയിൽ നിൽക്കുകയാണ് ജോർജ് ജോസഫ്.
അൽഫോൻസ ഹോസ്പിറ്റൽ വിപുലീകരിക്കുന്നതിനുള്ള ഒരു പ്രായോഗികമാർഗം എന്ന നിലയിലാണ് ജോർജ് ജോസഫ് കെഎസ്എഫ്ഇ ചിട്ടികളിൽ ചേർന്നത്. മൂന്ന് കോടിരൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിട്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും ആകെ 50 ലക്ഷം രൂപ മൂല്യമുള്ള പത്ത് ചിട്ടികളിൽ മാത്രമാണ് ചേരാൻ സാധിച്ചത്. എന്നാൽ അതൊരു സാഹസമായി പോയെന്ന് അദ്ദേഹം ഇപ്പോൾ കരുതുന്നു. ഇപ്പോൾ ചിട്ടി പിടിച്ച പണവുമില്ല, വിപുലീകരിച്ച ആശുപത്രിയുമില്ല, അമേരിക്കയിലെ മികച്ച ശമ്പളത്തോടെയുള്ള ജോലിയുമില്ല എന്ന അവസ്ഥയിലാണ് ജോർജ് ജോസഫ്.
കെഎസ്എഫ്ഇയിൽ ചിട്ടിക്ക് ചേർന്ന ഡോ. ജോർജ് ജോസഫ് തീമ്പലങ്ങാടിന് നഷ്ടപ്പെട്ടത് കുടുംബസ്വത്തായി ലഭിച്ച ഒമ്പത് കോടി രൂപയോളം മൂല്യമുള്ള ചങ്ങനാശേരിയിലെ കണ്ണായ സ്ഥലം. ഒപ്പം കെഎസ്എഫ്ഇ അധികൃതർ കൂടി പങ്കാളിയായ സ്വത്ത് തട്ടിപ്പിന്റെ പേരിൽ അദ്ദേഹത്തിന്റെ പിതാവിനെ നിർബന്ധിച്ചു കൊണ്ടുപോയി അഞ്ച് കോടിയുടെ സ്വത്ത് ഒരുകോടിക്ക് എഴുതിയെടുത്തെന്നും പരാതിയുണ്ട്. അന്ന് അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചന്നും 82 വയസുണ്ടായിരുന്ന അദ്ദേഹം ഒരാഴ്ച്ചയ്ക്കുള്ളിൽ മരിച്ചതിൽ ഈ സംഭവത്തിനും പങ്കുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി ജോർജ് ജോസഫ് പരാതിപ്പെടുന്നു.
2013 ജനുവരിയിൽ ജോർജ് ജോസഫ് 10 ലക്ഷത്തിന്റെ ചിട്ടി പിടിച്ചെങ്കിലും ആ പണം നൽകാൻ കെഎസ്എഫ്ഇ തയ്യാറാകാതിരുന്നതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. അദ്ദേഹം ചിട്ടി കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കെഎസ്എഫ്ഇ പണം നൽകാൻ തയ്യാറാകാതിരുന്നത്. എന്നാൽ താൻ കുടിശിക വരുത്തിയിട്ടില്ലെന്നും താൻ ജാമ്യം നിന്ന് ചിട്ടി പിടിച്ചുകൊടുത്തയാളാണ് അടവിൽ മുടക്കം വരുത്തിയതെന്നുമാണ് ജോർജ് ജോസഫ് പറയുന്നത്. മാത്രമല്ല കോടികളുടെ സ്വത്ത് സെക്യുരിറ്റി വച്ചിട്ടാണ് ജോർജ് ജോസഫ് ചിട്ടി പണം ചോദിച്ചത്. എന്നാൽ ഓരോ തവണ കയറി ഇറങ്ങുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് അവർ അദ്ദേഹത്തെ മടക്കി.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും ആർബിട്രേറ്റർ ഓഫ് ചിറ്റ്സ് ആരംഭിക്കണമെന്നാണ് റിസർവ് ബാങ്ക് നിയമങ്ങളിൽ പറയുന്നത്. എന്നാൽ കേരളത്തിൽ ഇത്രയും കാലമായി അത്തരമൊരു സ്ഥാപനമുണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ജോർജ് ജോസഫ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജെ.ബി കോശിയെ കണ്ട് പരാതി നൽകിയതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് കേരളത്തിൽ ആർബിട്രേറ്റർ ഓഫ് ചിറ്റ്സ് ആരംഭിക്കുന്നത്. അവരുടെ ആദ്യത്തെ കേസായി ജോർജ് ജോസഫിന്റെ പരാതി തന്നെ പരിഗണിക്കുകയും ചെയ്തു. രണ്ട് ഭാഗത്തേയും വാദങ്ങളും രേഖകളും പരിശോധിച്ച ശേഷം ആർബിട്രേറ്റർ ഡോ. ജോർജ് ജോസഫിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. ചിട്ടി അടവിൽ വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ വീഴ്ച്ച ഉണ്ടായ ചിട്ടിയുടെ പണം നൽകാതെ പിടിച്ചു വയ്ക്കാനുള്ള അവകാശം മാത്രമേ സ്ഥാപനത്തിന് ഉള്ളു, മറ്റ് ചിട്ടികൾ തടഞ്ഞുവയ്ക്കാനുള്ള അവകാശം അവർക്കില്ലെന്നും ആർബിട്രേറ്റർ പ്രസ്താവിച്ചു. സെക്യുരിറ്റിയായി നൽകിയ ഭൂമിയടക്കം കെഎഎഫ്ഇയിലുള്ളപ്പോൾ മറ്റൊരു പാസായ ചിട്ടി തടഞ്ഞുവയ്ക്കുന്നത് ശരിയല്ലെന്നും ആർബിട്രേറ്റർ പറഞ്ഞു. ഡോ. ജോർജ് ജോസഫിന്റെ പണം 12 ശതമാനം പലിശ സഹിതം നൽകാൻ ആർബിട്രേറ്റർ വിധിയായി.
എന്നാൽ ആർബിട്രേറ്ററുടെ അനുകൂല വിധി ഉണ്ടായിട്ടും ഡോ. ജോർജ് ജോസഫിന്റെ ചിട്ടിപ്പണം നൽകാൻ കെഎസ്എഫ്ഇ ഇതുവരെ തയ്യാറായിട്ടില്ല. കോവിഡ് കാലമായതിനാൽ കെഎസ്എഫ്ഇയ്ക്കെതിരെ കോടതിയെ സമീപിക്കാനും കഴിയാത്ത അവസ്ഥയിലാണ് ജോർജ് ജോസഫ്. ഇതിനിടെ സെക്യുരിറ്റിയായി ആധാരം നൽകിയിട്ടും കെഎസ്എഫ്ഇ പണം നൽകാത്തത് വിവാദമായപ്പോൾ അദ്ദേഹത്തിന്റെ പിതാവിനെ ഒരുസംഘം നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോയി ആധാരം ഏൽപ്പിക്കുകയും, ആധാരം കൈപ്പറ്റിയെന്ന് ഒപ്പിട്ടുവാങ്ങി അഞ്ച് കോടി വിലവരുന്ന ആ സ്ഥലം മറ്റൊരാൾക്ക് ഒരുകോടി രൂപയ്ക്ക് വിൽക്കുകയും ചെയ്തതായി ജോർജ് ജോസഫ് ആരോപിക്കുന്നു. ആ സംഭവത്തിന് ശേഷം പിതാവ് അധികകാലം ജീവനോടെ ഉണ്ടായിരുന്നില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അദ്ദേഹം ദുരൂഹസാചര്യത്തിൽ മരണപ്പെട്ടു. ഇത് സംബന്ധിച്ച് പല പരാതികളും പൊലീസിൽ നൽകിയെങ്കിലും കെഎസ്എഫ്ഇയ്ക്കെതിരെ ഒരു എഫ്ഐആർ ഇടാൻ പോലും അവർ തയ്യാറായില്ല. മാത്രമല്ല പരാതി നൽകിയതിന്റെ പേരിൽ ഒരുസംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി.
കെഎസ്എഫ്ഇ ചിട്ടിപ്പണം നൽകാതായപ്പോൾ ജോർജ് ജോസഫ് ചിട്ടിഅടവുകളും നിർത്തി. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പേരിൽ റവന്യു റിക്കവറി നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് കെഎസ്എഫ്ഇ. ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ധനകാര്യ മന്ത്രി കെഎം മാണി, കഴിഞ്ഞ ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് തുടങ്ങിയവരെയൊക്കെ അദ്ദേഹം കണ്ടു. പക്ഷെ ഒരു ഉപയോഗവുമുണ്ടായിട്ടില്ല. അദ്ദേഹവും കൂടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ കെഎസ്എഫ്ഇയിൽ 43 റെയ്ഡുകൾ നടന്നത്.
അന്നത്തെ ധനകാര്യമന്ത്രി ഐസക് ഇടപെട്ട് നിർത്തിച്ച റെയ്ഡിൽ സുപ്രധാനമായ പല തട്ടിപ്പുകളും തെളിയിക്കുന്ന രേഖകൾ ഉണ്ടായിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ റെയ്ഡ് സംബന്ധിച്ച ഒരു റിപ്പോർട്ടും പിന്നീട് പുറത്തുവന്നില്ല. ഇപ്പോൾ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ പുറത്തു വരുമ്പോൾ, ആ രീതിയിൽ കെഎസ്എഫ്ഇ നടത്തിയ തട്ടിപ്പുകൾ മൂലമാണോ തന്റെ ചിട്ടി പണം നൽകാതെ തടഞ്ഞുവച്ചിരിക്കുന്നതെന്നും തന്റെ വസ്തു താൻ അറിയാതെ കൈമാറ്റം ചെയ്യപ്പെട്ടതെന്നുമുള്ള ആശങ്കയിലാണ് ജോർജ് ജോസഫ്. അങ്ങനെയെങ്കിൽ സമാനമായി എത്രപേർ ഇതുപോലെ കബളിക്കപ്പെട്ടിട്ടുണ്ടാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.