- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെളുപ്പിച്ചതിൽ കള്ളപ്പണവും; അമിത് ഷായുടെ നിർദ്ദേശ പ്രകാരം ഇഡി പണി തുടങ്ങി; സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അന്വേഷിക്കാൻ മറ്റൊരു ഏജൻസിയും കേന്ദ്ര ആലോചനയിൽ; അതിവേഗ നീക്കവുമായി ക്രൈംബ്രാഞ്ചും; കരുവന്നൂരിലേത് ശതകോടികളുടെ കുംഭകോണം
തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ നിക്ഷേപത്തട്ടിപ്പു കേസിൽ കേന്ദ്ര ഇടപെടൽ തുടങ്ങി. ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം.
കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ഇഡി പൊലീസിനോട് അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനിൽ കാന്തിന്റെ ഉത്തരവ് ഇറങ്ങിയത്. പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടണമെന്നു റൂറൽ പൊലീസ് മേധാവി ഡിജിപിയോടു ശുപാർശ ചെയ്തിരുന്നു.
അതിനിടെ സഹകരണമേഖലയിലെ ക്രമക്കേടുകളും നിയമവിരുദ്ധപ്രവർത്തനങ്ങളും അന്വേഷിക്കാൻ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാതൃകയിൽ പുതിയ ഏജൻസി രൂപീകരിക്കും. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണ വിഭാഗമാണ് ആലോചനയിലുള്ളത്. ഇ.ഡിയുടേതുേപാലെ നിയമപരമായ അധികാരം നൽകാൻ ലക്ഷ്യമിട്ട് ഈ പാർലമെന്റ് സമ്മേളനത്തിൽത്തന്നെ ബിൽ അവതരിപ്പിച്ചേക്കും. അങ്ങനെ വന്നാൽ ഈ ഏജൻസി അന്വേഷിക്കുന്ന ആദ്യ കേസായി കരുവന്നൂർ അഴിമതി മാറും.
കേന്ദ്രത്തിന്റെ അന്വേഷണ സംവിധാനത്തിൽ സംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങളും വരുന്ന വിധത്തിലാകും നിയമം കൊണ്ടു വരിക. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ശക്തമായ സഹകരണമേഖലയിൽ നേരിട്ട് ഇടപെടാൻ ഇതിലൂടെ കേന്ദ്രസർക്കാരിനു കഴിയും. ആദായ നികുതി വകുപ്പടക്കം മറ്റ് ഏജൻസികളുടെ അധികാരവും പുതിയ സംവിധാനത്തിനുണ്ടാകും. സഹകരണസ്ഥാപനങ്ങളിൽ വൻതോതിൽ ബിനാമി ഫണ്ട് നിക്ഷേപിക്കപ്പെടുന്നുവെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽക്കൂടിയാണു കേന്ദ്രത്തിന്റെ നീക്കം.
ഇതെല്ലാം കേരളവും മുൻകൂട്ടി കാണുന്നു. അതുകൊണ്ടാണ് കരുവന്നൂർ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം. അതിവേഗം കുറ്റപത്രം സമർപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറ്റും. ഇഡിയുടെ അന്വേഷണം വരാനുള്ള സാധ്യത കൂടി മുൻകൂട്ടി കണക്കിലെടുത്താണ് കേസ് കൈമാറിയത്. സംഭവത്തെക്കുറിച്ചു സഹകരണ വകുപ്പ് ജോയിന്റ് രജിസ്റ്റ്രാർ സംസ്ഥാന സഹകരണ രജിസ്റ്റ്രാർക്കു നൽകിയ രഹസ്യ റിപ്പോർട്ടിലും അഴിമതി സ്ഥിരീകരിക്കുന്നുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയിൽ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കാൻ സഹകരണ വകുപ്പ് അധികൃതർ വിസമ്മതിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെല്ലാം ഒളിവിലാണെന്നു കണ്ടെത്തി. ഇവരുടെ ബെനാമികളെന്നു സംശയിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.
എല്ലാ സഹകരണ സംഘങ്ങളിലും സാമ്പത്തിക വർഷാവസാനം സഹകരണ ജോയിന്റ് രജിസ്റ്റ്രാറുടെ ഓഡിറ്റ് നടക്കാറുണ്ടെങ്കിലും കരുവന്നൂരിലെ 6 വർഷം നീണ്ട തട്ടിപ്പ് പിടിക്കപ്പെടാതിരുന്നതിനു പിന്നിൽ ഉന്നത രാഷ്ട്രീയസ്വാധീനമുണ്ടെന്ന ആരോപണവും ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ