- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുൺ പള്ളത്തിനെ പിടികൂടാതെ ക്രൈംബ്രാഞ്ച് ഒളിച്ചു കളി; ഇഡിക്ക് രേഖകളും നൽകുന്നില്ല; അമിത് ഷാ കട്ടക്കലിപ്പിലെന്ന് സൂചന; കേന്ദ്ര സഹകരണ മന്ത്രി തേടുന്നത് സിബിഐ അന്വേഷണത്തിനുള്ള സാധ്യത; ഹൈക്കോടതിയിലെ കേസ് നിർണ്ണായകമാകും; അരുൺ നേതാക്കളുടെ ബിനാമിയോ?
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രധാനി പള്ളത്ത് കിരൺ ഇപ്പോഴും കാണാമറയത്ത്. മറ്റു പ്രതികളെല്ലാം കീഴടങ്ങിയിട്ടും കിരൺ എവിടെയെന്നത് ആർക്കും അറിയില്ല. ബാങ്കിൽ അംഗത്വം പോലുമില്ലാത്ത കിരൺ തന്റെ പേരിലും ബെനാമി പേരുകളിലുമായി 22 കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണു റിപ്പോർട്ട്. കിരണാണ് മുഖ്യ ആസൂത്രകൻ. ആകെ 22.85 കോടി രൂപയുടെ ബാധ്യത കിരൺ മൂലം ബാങ്കിനുണ്ടായി.
അതിനിടെ ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ ഫയൽ വിവരങ്ങൾ കൈമാറാതെ വന്നതോടെ വീണ്ടും ക്രൈംബ്രാഞ്ചിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസയച്ചു. ഒരു മാസം മുൻപും ഇതേ ആവശ്യങ്ങൾ ഉയർത്തി നോട്ടിസ് അയച്ചെങ്കിലും ക്രൈംബ്രാഞ്ച് മറുപടി നൽകിയില്ല. കേസന്വേഷണത്തിന്റെ വിശദവിവരങ്ങളും പ്രതിപ്പട്ടികയും ഫയലുകളുമാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് കരുവന്നൂർ വിഷയത്തിൽ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ധനകാര്യമന്ത്രാലയത്തിന് കീഴിലാണെങ്കിലും ഇഡിയിലും ആഭ്യന്തര വകുപ്പിന് സ്വാധീനം ഏറെയാണ്. സഹകരണ മന്ത്രി കൂടിയായ അമിത് ഷാ കരുവന്നൂരിലെ തട്ടിപ്പിൽ സിബിഐ അന്വേഷണ സാധ്യതകളും ആരായുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈമാറാത്തത്. കേസ് കേന്ദ്രം ഏറ്റെടുക്കുന്നതിനോട് സംസ്ഥാനത്തിനും താൽപ്പര്യക്കുറവുണ്ട്.
കിരണിനെ പിടികൂടാത്തതും ഈ സാഹചര്യത്തിൽ ദുരൂഹമാണ്. ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറത്തിറക്കി ഒരു മാസമായി. ആന്ധ്രയിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒട്ടുമിക്ക തട്ടിപ്പുകളുടെയും ഇടനിലക്കാരൻ പെരിഞ്ഞനം കിരൺ ആയിരുന്നു എന്നാണ് ഓഡിറ്റ് പരിശോധനാ സംഘവും പിന്നീടു ക്രൈംബ്രാഞ്ചും കണ്ടെത്തിയത്.
ബാങ്കിൽ കിരണിന് അംഗത്വമുണ്ടെന്നു തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നിട്ടും കിരണിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ഒരു വായ്പയും 45 ബെനാമി വായ്പകളുമുണ്ട്. ഇതിൽ പലതും 50 ലക്ഷം രൂപ വീതം എടുത്തവയാണ്. മുഖ്യപ്രതികളുമായി ചേർന്നു ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ മുൻകൈ എടുത്തതും കിരൺ തന്നെ.
പരാതികൾ ഉയർന്ന ഘട്ടത്തിൽത്തന്നെ കിരൺ അപ്രത്യക്ഷനായിരുന്നു. വിദേശത്തേക്കു കടന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കൊച്ചിയിലും ബെംഗളൂരുവിലുമായി മാറിമാറി ഒളിച്ചു താമസിക്കുന്നുവെന്നു പിന്നീടു ബോധ്യമായി. പൊലീസ് കേസെടുത്തതിനു പിന്നാലെ ആന്ധ്രയിലേക്കു കടന്നെന്നും സൂചനകൾ വന്നു. കേന്ദ്ര ഏജൻസികളുടെ സഹായമുണ്ടെങ്കിൽ അരുണിനെ വേഗം പിടികൂടാം. എന്നാൽ ഇതിന് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നില്ല.
ചില നേതാക്കളുടെ ബിനാമിയാണ് അരുൺ എന്നും സൂചനയുണ്ട്. അരുണിനെ പിടികൂടിയ ശേഷം ഇഡി അന്വേഷണമെത്തിയാൽ അരുണിനെ അവരും ചോദ്യം ചെയ്യും. ഈ ഭയം കാരണമാണ് അരുണിനെ വെറുതെ വിടാൻ കാരണമെന്ന വാദവും ശക്തമാണ്. എന്നാൽ ഇതെല്ലാം ക്രൈംബ്രാഞ്ച് നിഷേധിക്കുകയാണ്. ഉടൻ വലയിലാകുമെന്നും പറയുന്നു.
സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പിൽ കേസെടുത്ത ഇരിങ്ങാലക്കുട പൊലീസിൽ നിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. 300കോടിയിലേറെ രൂപയുടെ തട്ടിപ്പാണു പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇഡി അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുണ്ട്.
ഇതു പരിഗണിക്കുമ്പോൾ ഇഡി അന്വേഷിക്കുന്നുണ്ടെന്നും വിശദവിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ഇഡി അന്വേഷണത്തോടു സർക്കാർ മുഖം തിരിക്കുന്നെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ