തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ തട്ടിപ്പു സംബന്ധിച്ചു സിപിഎമ്മിന് 2003ൽത്തന്നെ സൂചന ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഇതു തട്ടിപ്പുകാർക്കു വളമാകുകയും 17 വർഷം കൊണ്ട് 300 കോടിയുടെ വായ്പത്തട്ടിപ്പായി മാറുകയും ചെയ്തു. ഇവിടെ ദുരിതത്തിലായത് 11000 കുടുംബങ്ങളാണ്. മിക്കവരും സിപിഎം അണികൾ. എന്നിട്ടും കരുവന്നൂരിൽ ചർച്ച തുടരുന്നത് സിപിഎമ്മിന് താൽപ്പര്യമില്ല. പ്രതിഷേധിക്കുന്നവരെ വെള്ളം കുടിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായവരെ കൂടുതൽ ദുരിതത്തിലാക്കി നിക്ഷേപങ്ങൾ പിൻവലിക്കാൻ നിബന്ധനകൾ കടുപ്പിക്കുന്നത്.

കരുവന്നൂരിൽ ആശ്വാസത്തിന് 25 കോടി കൂടി സർക്കാർ അനുവദിച്ചതായി മന്ത്രി ബിന്ദു പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ അധിക പണം നൽകിയെന്ന് മന്ത്രി പറയുമ്പോഴാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പണം നൽകുന്നത് ടോക്കൺ ഉള്ളവർക്ക് മാത്രം. നാലുമാസത്തിൽ ഒരിക്കൽ പതിനായിരം രൂപ നൽകും. അതേസമയം സിപിഎം. ബന്ധമുള്ളവർക്ക് ഈ വ്യവസ്ഥകൾ ഇല്ലാതെ പണം നൽകുന്നതായി മാടായിക്കോണം മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് പറഞ്ഞു. ഇതോടെ കരുവന്നൂരിൽ കള്ളക്കളി തുടരുന്നുവെന്നും വ്യക്തമായി.

തട്ടിപ്പ് പുറത്തുവന്നതിന് ആദ്യദിവസങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ നിശ്ചിത തുക ബാങ്കിൽനിന്ന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിബന്ധനകൾ കൂട്ടി. പണം ആവശ്യമുള്ളവർ ആദ്യം പോയി ടോക്കൺ എടുക്കണം. പിന്നെയും നാലുമാസം കഴിഞ്ഞാലാണ് പതിനായിരം രൂപ ലഭിക്കുക. ചികിത്സാ ആവശ്യത്തിന് ഉൾപ്പെടെ കൂടുതൽ പണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബാങ്ക് അധികൃതരാണ്. അഥവാ നിക്ഷേപകർക്ക് പണം നൽകിയാലും ആവശ്യമുള്ളതിലും പലമടങ്ങ് കുറവാണ് നൽകുക. അതായത് പണിയെടുത്ത് ബാങ്കിൽ ഇട്ട നിക്ഷേപം തിരിച്ചു കിട്ടാൻ പണം കവർച്ച ചെയ്തവരെ കാണേട്ട അവസ്ഥ.

ഭാര്യയുടെ രണ്ടു കണ്ണുകളിലും ശസ്ത്രക്രിയ ചെയ്യാൻ അറുപതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്ന് പുഷ്പരാജ് എന്ന നിക്ഷേപകൻ പറഞ്ഞു. അതേസമയം സിപിഎം. നേതാക്കളുടെ അടുപ്പക്കാർക്ക് ഇഷ്ടം പോലെ പണം നൽകുന്നതായി സുജേഷ് കണ്ണാട്ട് പറയുന്നു. ബാങ്കിൽ പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബാങ്കിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോൾ ലഭിച്ച ഫണ്ട്, ഇവർ ഇവരുടെ ഏറ്റവും വേണ്ടപ്പെട്ടവർക്ക് നൽകുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.

ബാങ്ക് പ്രസിഡന്റ് ദിവാകരന്റെ മകളുടെ ഭർത്താവിന്റെ പേരിലുള്ള നിക്ഷേപം പോലും ആ സമയത്ത് പിൻവലിക്കുകയാണ് ചെയ്തിട്ടുള്ളത്. ആദ്യമായിട്ട് പണം വന്നപ്പോൾ അവർ അവരുടെ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കുകയാണുണ്ടായതെന്നും സുജേഷ് ആരോപിച്ചു. സിപിഎം. ഭരണസമിതിക്ക് തട്ടിപ്പിൽ വലിയ പങ്കുണ്ടെന്നാണ് മൂന്നാം പ്രതിയായ ജിൽസ് പറയുന്നത്. എല്ലാം ചെയ്തത് ഭരണസമിതി അംഗങ്ങൾ പറഞ്ഞത് അനുസരിച്ചാണെന്നും ജിൽസ് പറയുന്നു. ജീവനക്കാരൻ എന്ന നിലയ്ക്ക് സെക്രട്ടറിയുടെ അല്ലെങ്കിൽ ഭരണസമിതിയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതിനിടെയാണ് സിബിഐ അന്വേഷണ ഹർജി ഹൈക്കോടതിയിൽ വരുന്നത്. ഇത് നിർണ്ണായകമാകും.

17 വർഷം മുമ്പാണ് പാർട്ടിക്ക് പരാതി കിട്ടിയത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായിരുന്ന എം വിസുരേഷാണ് അന്നു പാർട്ടി ജില്ലാ സെക്രട്ടറിക്ക് ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയത്. റബ്‌കോ ഉൽപന്നങ്ങളുടെ വിൽപന അന്നു ബാങ്ക് നേരിട്ടു നടത്തിയിരുന്നു. ഇതിനു 12% കമ്മിഷൻ ലഭിക്കുമ്പോൾ ബാങ്കിൽ കാണിച്ചിരുന്നത് 4% ആണെന്നും ബാക്കി തുക പാർട്ടിക്കു വേണ്ടപ്പെട്ട ചിലരുടെ കയ്യിലേക്കു പോകുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്മേൽ അന്വേഷണ കമ്മിഷനെ വച്ചെങ്കിലും അന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തുകയും സുരേഷിനെ ഒറ്റപ്പെടുത്തുകയും ചെയ്തു. കമ്പനിയിൽ ദിവസക്കൂലി ജോലിക്കാരനായി കയറിയ ഒരാളെ കമ്മിഷൻ ഏജന്റാക്കിയായിരുന്നു പണം തട്ടൽ എന്ന് അന്നത്തെ പരാതിയിൽ പറയുന്നു. ഒടുവിൽ സിപിഎം പുറത്താക്കിയപ്പോൾ ബിജെപിയിൽ ചേർന്നു. ഇപ്പോഴും കരുവന്നൂരിലെ ബാങ്ക് തട്ടിപ്പിനെതിരെ നിയമപോരാട്ടം സുരേഷ് തുടരുന്നുണ്ട്.

അതിനിടെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കാലാവധി പൂർത്തിയായ നിക്ഷേപങ്ങളുടെ വിവരങ്ങളും എന്തു ചെയ്യാൻ സാധിക്കുമെന്നും അറിയിക്കാൻ സർക്കാരിനു ഹൈക്കോടതി നിർദ്ദേശം നൽകി. സ്ഥിരനിക്ഷേപം പിൻവലിക്കാൻ എത്ര പേർ അപേക്ഷ നൽകി എന്നതുൾപ്പെടെ വിശദാംശങ്ങൾ ഹർജി രണ്ടിനു പരിഗണിക്കുമ്പോൾ അറിയിക്കാനാണു നിർദ്ദേശം നൽകിയത്. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെക്കിട്ടണമെന്നാവശ്യപ്പെട്ടു തൃശൂർ മാപ്രാണം സ്വദേശികളായ ജോഷി ആന്റണി, സുഷ ജോഷി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ആനിയമ്മ, ഇരിങ്ങാലക്കുട സ്വദേശികളായ ഷീന തോമസ്, ഷാലറ്റ് ആൻ തോമസ് എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ടി.ആർ.രവി പരിഗണിക്കുന്നത്.

വിവാഹം, ചികിത്സ തുടങ്ങിയവയ്ക്കു പണം ആവശ്യമുള്ളവരാണു ഹർജിക്കാർ. കാലാവധി കഴിഞ്ഞ നിക്ഷേപം പല തവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നു ഹർജിക്കാർ അറിയിച്ചു. 90 ലക്ഷത്തോളം രൂപയാണു ലഭിക്കാനുള്ളതെന്നും ഹർജിക്കാർ ആരോപിച്ചു. പ്രതിസന്ധി ഗൗരവത്തോടെയാണു കാണുന്നതെന്നു സർക്കാർ അറിയിച്ചു. പുനരുജ്ജീവന പദ്ധതിയെക്കുറിച്ച് ആലോചനകൾ നടക്കുകയാണെന്നു സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ പി.പി.താജുദ്ദീൻ വിശദീകരിച്ചു. കേസിലെ 18 പ്രതികളിൽ ബാങ്ക് മുൻ സെക്രട്ടറിയും ബ്രാഞ്ച് മാനേജരും ജയിലിലാണെന്നും പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി വിജ്ഞാപനമിറക്കിയെന്നും സർക്കാർ അറിയിച്ചു.