- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും പിണറായി സർക്കാരിന് പരാജയം; കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപകരെ വിലക്കിയ കേസിൽ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയത് തുല്യനീതി നിഷേധമെന്ന് വിലയിരുത്തി; ഹൈക്കോടതി വിധി പരമോന്നതകോടതി ശരിവച്ചതോടെ സർക്കാർ ദുർവാശി വെടിയുമോ എന്ന് കാത്ത് ഹയർ സെക്കൻഡറി അദ്ധ്യാപകർ
പത്തനംതിട്ട: ഒരു കേസിൽ കൂടി സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരെ വിലക്കിയ നടപടിയിൽ വന്ന ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. സ്ട്രീം മൂന്ന് പ്രകാരം ഗസറ്റഡ് തസ്തികയിലെ ജീവനക്കാർക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിൽ നിന്നും ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപകരെ വിലക്കിയിരുന്നു. ഇതിനെതിരെ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹർജി പരിഗണിച്ച ഹൈക്കോടതി അദ്ധ്യാപകരെ വിലക്കിയ നടപടി ഭരണഘടനാ വിരുദ്ധവും വിവേചന പരവുമാണെന്ന് വിധിച്ചിരുന്നു. ഈ വിധി നടപ്പാക്കി ഹയർ സെക്കൻഡറി അദ്ധ്യാപകർക്കു കൂടി പരീക്ഷയെഴുതുന്നതിന് അവസരം നൽകുന്നതിനു പകരം സർക്കാറിന്റെ മുൻ തീരുമാനം നടപ്പിലാക്കാൻ സുപ്രീം കോടതിയിൽ അപ്പീൽ പോവുകയാണ് ചെയ്തത്. ഇതാണ് കോടതി തള്ളിയത്.തുല്യനീതിനിഷേധം ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചു.
2018 ലെ കെഎഎസ് നിയമപ്രകാരം സ്ട്രീം മൂന്നിൽ ഗസറ്റഡ് ഉദ്യോഗസ്ഥർക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് ഭരണ പരിചയമില്ല എന്ന കാരണം പറഞ്ഞാണ് വിജ്ഞാപനത്തിൽ പ്രത്യേക ഭേദഗതി വരുത്തി ഹയർ സെക്കൻഡറി അദ്ധ്യാപകരെ തഴഞ്ഞത്. ഈ തീരുമാനം ചോദ്യം ചെയ്ത് എച്ച്എസ്എസ്ടിഎ അടക്കമുള്ള കക്ഷികൾ കേരളാ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും വിജ്ഞാപനത്തിൽ മാറ്റം വരുത്തേണ്ടെന്ന വിധിയാണ് ഉണ്ടായത്.
തുടർന്നാണ് പരാതിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സർക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന അനുകൂല വിധി നേടിയെടുത്തത്. എന്നാൽ തുടർന്നും ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് പരീക്ഷ എഴുതാനുള്ള അവസരം നൽകാതെ പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് മെയിൻ പരീക്ഷ കൂടി നടത്തിയിരിക്കുകയാണ് സർക്കാർ. നിലവിലെ പരീക്ഷയ്ക്ക് ഹയർ സെക്കൻഡറി അദ്ധ്യാപകരെ പരിഗണിക്കാതെ അടുത്ത വിജ്ഞാപനം മുതൽ പരിഗണിക്കാമെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.
ഈ നിലപാടിനുള്ള തിരിച്ചടി കൂടിയായി നിലവിലെ സുപ്രീം കോടതി വിധി. ഭരണഘടനാ വിരുദ്ധമായി തുല്യനീതി നിഷേധിക്കുന്ന നടപടിയെന്ന് സുപ്രീം കോടതി വരെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരെ കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും മാറ്റി നിർത്താനുള്ള ദുർവാശി സർക്കാർ അവസാനിപ്പിച്ച് നിലവിലെ വിജ്ഞാപനപ്രകാരം തന്നെ പരീക്ഷ എഴുതാനുള്ള സാഹചര്യമുണ്ടാക്കാൻ നടപടികളെടുക്കണമെന്ന് എച്ച്എസ്എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്