- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിതയിൽ പ്രതിഷേധം തുടരുന്നു; കാസർകോട്, വയനാട് ജില്ല പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും രാജിവെച്ചു; നീതിക്കായുള്ള പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്ന് പ്രതികരണം; പുനഃസംഘടനയിൽ അസംതൃപ്തി പ്രകടപ്പിച്ച് ഫാത്തിമ തെഹ്ലിയ
മലപ്പുറം: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചതോടെ പ്രതിഷേധം കത്തുന്നു. സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് നേതൃത്വം പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട്, വയനാട് ജില്ലാ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും രാജിവെച്ചു.
കാസർകോട് ജില്ല പ്രസിഡന്റ് സാലിസ അബ്ദുല്ല, ജനറൽ സെക്രട്ടറി ഷർമിന മുഷ്രിഫ, വയനാട് ജില്ല പ്രസിഡന്റ് ഫാത്തിമ ഷാദിൻ, ജനറൽ സെക്രട്ടറി ഫാത്തിമ ഹിബ എന്നിവരാണ് എം.എസ്.എഫ് നേതൃത്വത്തിന് രാജിനൽകിയത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ ലൈംഗിക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ ഞായറാഴ്ച പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിച്ച് ഭാരവാഹികളുടെ രാജിപ്രഖ്യാപനം.
പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളിൽ പൂർണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. എന്നാൽ ഹരിത കമ്മിറ്റി പുനഃസംഘടനയിൽ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു.
സഹനേതാക്കളിൽ നിന്നുണ്ടായ അധിക്ഷേപങ്ങൾക്കെതിരെ പരാതിപ്പെടുകയും നീതിക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്ത കമ്മിറ്റിയെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് തികഞ്ഞ ബോധ്യത്തോടെ സ്ഥാനമൊഴിയുന്നതായി സാലിസ കത്തിൽ പറയുന്നു. നീതിക്കായുള്ള പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്നും ജില്ല പ്രസിഡന്റായി തുടരാൻ മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും ഷാദിനും വ്യക്തമാക്കി.
എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി ആയിശ ബാനുവിനെയും ജനറൽ സെക്രട്ടറിയായി റുമൈസ റഫീഖിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്പത് അംഗ കമ്മിറ്റിയെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.
പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയിൽ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ യോഗത്തിനിടെ പോഷകസംഘടനയായ ഹരിതയിലെ നേതാക്കളോട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ലൈംഗിക പരാമർശം നടത്തിയെന്ന് കാണിച്ച് പത്തോളം പേർ വനിതാ കമീഷന് പരാതി നൽകുകയായിരുന്നു. ഫോണിലൂടെ അസഭ്യവാക്കുകൾ പറഞ്ഞതായി എം.എസ്.എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെതിരെയും പരാതിയുണ്ട്.
എം.എസ്.എഫിന്റെയും ഹരിതയുടെയും ഭാരവാഹികളെ വിളിച്ചുവരുത്തി മുസ്‌ലിം ലീഗ് നേതൃത്വം ചർച്ച നടത്തുകയും ഖേദം പ്രകടിപ്പിക്കാൻ എം.എസ്.എഫിനും വനിത കമീഷനിലെ പരാതി പിൻവലിക്കാൻ ഹരിത ഭാരവാഹികൾക്കും നിർദ്ദേശം നൽകി. എന്നാൽ, ഹരിത പരാതി പിൻവലിച്ചില്ല. തുടർന്ന്, കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിൽ എന്ന് വ്യക്തമാക്കി ഹരിത സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ടു. മുഫീദ തസ്‌നി പ്രസിഡന്റും നജ്മ തബ്ഷീറ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചുവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ